പാലോട്: കല്ലാറിൽനിന്ന് ലക്ഷങ്ങളുടെ ചന്ദനത്തടി മുറിച്ചുകടത്താൻ ശ്രമിച്ച സംഭവത്തിൽ നാലുപേർ അറസ്റ്റിലായി. കല്ലാർ അംബേദ്കർ കോളനിയിൽ എസ്. സന്തോഷ്(30), രജിതാ ഭവനിൽ ആർ. രതീഷ്(30), റോഡരികത്തുവീട്ടിൽ കെ. ഷാനി(38), വിജയവിലാസത്തിൽ ശിങ്കിടി വിജയൻ എന്നുവിളിക്കുന്ന വിജയൻ(40) എന്നിവരെയാണ് പാലോട് റെയ്ഞ്ച് ഓഫീസർ അജിത്ത്കുമാറും സംഘവും അറസ്റ്റു ചെയ്തത്.
ജനുവരി 28-ന് വനംവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ കല്ലാറിലെ വനമേഖലയിൽ നിന്നു ചാക്കിലാക്കി കടത്താൻ ശ്രമിച്ചനിലയിൽ ചന്ദനമുട്ടികൾ കണ്ടെടുത്തിരുന്നു. അന്ന് പ്രതികൾ ഓടി രക്ഷപ്പെട്ടു. ഇവർക്കുവേണ്ടിയുള്ള അന്വേഷണം നടക്കുകയായിരുന്നു. സംഘത്തിലെ ഒരു പ്രതി കല്ലാർ നെല്ലിക്കുന്ന് സ്വദേശി ഭഗവാൻകാണി നേരത്തെ പിടിയിലായിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽനിന്നുമാണ് മറ്റ് പ്രതികളെക്കുറിച്ചുള്ള വിവരം ലഭിച്ചത്. രണ്ട് ചാക്കുകളിലായി സൂക്ഷിച്ചിരുന്ന 43 കഷണം തടിക്ക് 25 കിലോഗ്രാം ഭാരമുണ്ടായിരുന്നു.
രണ്ടുപേരുടെ മൊബൈൽ ഫോണുകൾ അന്നുതന്നെ അന്വേഷണസംഘത്തിനു ലഭിച്ചിരുന്നു. ഷാനി 2018 ഒക്ടോബറിൽ ഓട്ടോറിക്ഷയിൽ ചന്ദനം കടത്താൻ ശ്രമിച്ച കേസിലും പ്രതിയാണ്.