കടയ്ക്കൽ: ചൊവ്വാഴ്ച വൈകിട്ട് ഹന്ന കുറുമ്പ് കാട്ടിയപ്പോൾ എമിലി വാത്സല്യത്തോടെ മുന്നറിയിപ്പ് നൽകി. ദേ, പപ്പ വരാൻ പോവുകയാണ്. നല്ല കുട്ടിയായി നിന്നില്ലേൽ പപ്പയ്ക്ക് സങ്കടമാകും. ഇത് കേട്ടതും ഹന്ന ഓടിവന്ന് അമ്മയെ കെട്ടിപ്പിടിച്ചു. അതിർത്തിയിൽ വീരമൃത്യു വരിച്ച അനീഷിന്റെ വരവും കാത്തിരിക്കുകയായിരുന്നു ആ അമ്മയും മകളും. പക്ഷേ...
അനീഷ് ഫോൺ വിളിക്കുമ്പോഴെല്ലാം ഹന്നയുടെ ചോദ്യം ഒന്ന് മാത്രമായിരുന്നു. ''പപ്പ എന്നാ വരുന്നേ.'' ഉടൻ വരും മോളെ, എന്നുള്ള മറുപടി കേട്ട് അവൾ ദിവസങ്ങളെണ്ണി കഴിയുകയായിരുന്നു.
അതിർത്തിയിൽ സംഘർഷാന്തരീക്ഷം നിലനിൽക്കുന്നതിനാൽ അവധിക്ക് നിയന്ത്രണമുണ്ടായിരുന്നു. രണ്ടാഴ്ച മുൻപാണ് അവധി ശരിയായത്. പപ്പയെക്കൊണ്ട് വാങ്ങിപ്പിക്കേണ്ട ഇഷ്ട സാധനങ്ങളുടെ ലിസ്റ്റുമായിരിക്കുന്ന മകളെ എങ്ങനെ സമാധാനിപ്പിക്കുമെന്നറിയാതെ വിഷമിക്കുകയാണ് ബന്ധുക്കൾ.
അനീഷ് എല്ലാ ദിവസവും വീട്ടിലേക്ക് വിളിക്കുമായിരുന്നു. ചൊവ്വാഴ്ച സന്ധ്യയായിട്ടും വിളിച്ചില്ല. അങ്ങോട്ട് വിളിച്ചിട്ടും കിട്ടിയില്ല. ഇതോടെ അച്ഛൻ തോമസ് അവിടെയുള്ള സഹപ്രവർത്തകരെ ബന്ധപ്പെട്ടു. അവർക്ക് അനീഷ് കൊല്ലപ്പെട്ട വിവരം ആ പിതാവിനോട് പറയാനുള്ള ധൈര്യം ഉണ്ടായിരുന്നില്ല. അനീഷിന് ബൈക്ക് അപകടം സംഭവിച്ചെന്നും ആശുപത്രിയിലാണെന്നും കള്ളം പറഞ്ഞു. ഇത് വിശ്വസിച്ച് ആരോഗ്യ സ്ഥിതി അറിയാൻ തോമസ് മറ്റ് പലരെയും മാറിമാറി വിളിച്ചു. ഒടുവിൽ രാത്രി എട്ടോടെയാണ് അനീഷ് വീരമൃത്യു വരിച്ചെന്ന വിവരം അറിഞ്ഞത്. ഫോണിന്റെ മറുതലയ്ക്കൽ നിന്നുള്ള വാക്കുകൾ കേട്ട് തോമസ് പൊട്ടിക്കരഞ്ഞു.
അനീഷ് തോമസിന്റെ വീടായ അഞ്ചൽ വയലാ ആശ നിവാസിൽ അപ്പോൾ തുടങ്ങിയതാണ് നിലവിളിയും വിതുമ്പലും. പതിവുപോലെ ഇന്നലെ ഹന്നയെ മുത്തച്ഛൻ മടിയിലിരുത്തി കഥ പറഞ്ഞ് കൊടുത്തില്ല. കരഞ്ഞ് തളർന്ന് കിടക്കുന്ന അമ്മയുടെ അടുത്ത് ഇരിപ്പാണവൾ, അച്ഛന് എന്താണ് സംഭവിച്ചതെന്നറിയാതെ. കഴിഞ്ഞ ഡിസംബറിൽ അവധി കഴിഞ്ഞ് മടങ്ങിയപ്പോൾ സല്യൂട്ട് നൽകിയാണ് അവൾ യാത്രയാക്കിയത്.
ഇന്ന് വൈകിട്ടോടെ അനീഷ് തോമസിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കും. മന്ത്രി കെ. രാജു, മുല്ലക്കര രത്നാകരൻ എം.എൽ.എ, സി.പി.ഐ മണ്ഡലം സെക്രട്ടറി ജെ.സി. അനിൽ, സി.പി.ഐ ഏരിയാ സെക്രട്ടറി എം. നസീർ, കോൺഗ്രസ് നേതാവ് വയല ശശി തുടങ്ങിയവർ ആശ്വാസ വാക്കുകളുമായി അനീഷിന്റെ വീട്ടിലെത്തി.