തിരുവനന്തപുരം :ശ്രീനാരായണ ഓപ്പൺ സർവ്വകലാശാലയിൽ ഇതിനകം അംഗീകരിച്ച 17 ബിരുദ കോഴ്സുകൾക്ക് പുറമേ പരിസ്ഥിതി , നിയമപഠനവും കൂടി ഉൾപ്പെടുത്താൻ മന്ത്രിസഭായോഗം തീരുമാനിച്ചു. പിന്നീട് ഇവയുടെ പി.ജി കോഴ്സുകളും വരും.
എൻജിനിയറിംഗ്, മെഡിക്കൽ കോളേജുകളുടെ അഫിലിയേഷനുകൾ സാങ്കേതിക, ആരോഗ്യ സർവ്വകലാശാലകൾക്ക് കീഴിലേക്ക് മാറ്റിയ അതേ മാതൃകയിലാണ് പ്രൈവറ്റ് രജിസ്ട്രേഷൻ, വിദൂരവിദ്യാഭ്യാസ കോഴ്സുകളെ ഓപ്പൺ സർവകലാശാലയ്ക്ക് കീഴിലേക്ക് മാറ്റുന്നത്. ലോകത്തെവിടെ നിന്നും വിദ്യാർത്ഥികൾക്ക് ഓൺലൈൻ വഴി പഠിച്ച് ബിരുദധാരികളാവാം. സംസ്ഥാനത്താദ്യമായി സൈബർ കൗൺസിലുമുണ്ടാവും. വിദേശ സർവ്വകലാശാലകളുടെ മാതൃകയിലാണിത്.
പ്രവർത്തനം ഒക്ടോ. രണ്ടിന്
ഓപ്പൺ സർവ്വകലാശാലയുടെ പ്രവർത്തനം ഒക്ടോബർ രണ്ടിന് ആരംഭിക്കും. അതിന് മുമ്പായി വൈസ് ചാൻസലർ, പ്രോ വൈസ് ചാൻസലർ, രജിസ്ട്രാർ, കൺട്രോളർ, ഫിനാൻസ് ഓഫീസർ തുടങ്ങിയ പ്രധാന തസ്തികകളിലേക്കുള്ള നിയമനം നടത്താനാണ് നീക്കം.
സർവ്വകലാശാലയ്ക്ക് നാല് മേഖലാ കേന്ദ്രങ്ങളുണ്ടാകും. . മറ്റ് സർവ്വകലാശാലകളിലെപ്പോലെ സെനറ്റ്, സിൻഡിക്കേറ്റ്, അക്കാഡമിക് കൗൺസിൽ, ബോർഡ് ഒഫ് സ്റ്റഡീസ് എന്നിവയുമുണ്ടാകും. ശാസ്ത്രവിഷയങ്ങളിലെ കോഴ്സുകൾക്ക് സർക്കാർ കോളേജുകളുടെ ലാബറട്ടറി സൗകര്യങ്ങൾ പ്രയോജനപ്പെടുത്തും. . നൈപുണ്യവികസന , സർട്ടിഫിക്കറ്റ് കോഴ്സുകളും ആരംഭിക്കും. ഇടയ്ക്ക് വച്ച് വിദ്യാഭ്യാസം മുടങ്ങിയവർ, വിവിധ ജോലികൾ ചെയ്യുന്നവർ തുടങ്ങിയവർക്ക് ഇവിടെ ചേർന്ന് പഠിക്കാനവസരമുണ്ടാവും.
ഭൂമി റവന്യൂ വകുപ്പ് കണ്ടെത്തും
സർവ്വകലാശാലയ്ക്ക് പത്തേക്കർ ഭൂമി കണ്ടെത്താൻ റവന്യൂ വകുപ്പിനെ മന്ത്രിസഭായോഗം ചുമതലപ്പെടുത്തി. അതുവരെ കൊല്ലം ആശ്രാമത്തായിരിക്കും ആസ്ഥാനം. സ്ഥിരം മന്ദിരം നിർമ്മിക്കുന്നതുവരെ വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കും.