SignIn
Kerala Kaumudi Online
Sunday, 17 January 2021 12.53 PM IST

മുഖ്യമന്ത്രിക്ക് സ്വാമി വിശുദ്ധാനന്ദയുടെ തുറന്ന കത്ത്... 'ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി ഒരു വിശ്വവിദ്യാലയമായിത്തീരട്ടെ"

swami-vishuddhananda

ബഹു. കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ അവർകൾക്ക്,

താങ്കൾ നേതൃത്വം നൽകുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ അധികാരത്തിൽ വന്നതിന്റെ നാലാം വർഷത്തിൽ ശ്രീനാരായണ ഗുരുദേവന്റെ തിരുനാമത്തിൽ ഒരു ഓപ്പൺ സർവകലാശാല സ്ഥാപിക്കാൻ തീരുമാനിച്ചതിലുള്ള ശിവഗിരി മഠത്തിന്റെ സ്നേഹാദരം ആദ്യമേ അറിയിച്ചുകൊള്ളട്ടെ. അയിത്താചാരങ്ങളും അന്ധവിശ്വാസങ്ങളും ജാതിവിവേചനങ്ങളും അസമത്വത്തിന്റെ വൻമതിലുകൾ തീർത്ത്, കേരളത്തെ ഭ്രാന്താലയമാക്കിയിരുന്ന കാലത്ത് മനുഷ്യത്വത്തിന്റെ സ്വാതന്ത്ര്യം കൊണ്ട് ആധുനിക കേരളത്തെ രൂപപ്പെടുത്തിയ ഗുരുവിനോടുള്ള സർക്കാരിന്റെ ആദരമായി ഈ തീരുമാനത്തെ ശ്രീനാരായണീയ സമൂഹം കാണുകയാണ്. ഒപ്പം കേരളത്തിലും ഇന്ത്യയിലുമുള്ള സമാന്തര സർവകലാശാലകളെപ്പോലെ ഗുരുവിന്റെ നാമത്തിലും ഒരു സർവകലാശാല എന്ന സാമാന്യ നിലയിലേക്ക് ഒതുങ്ങുന്നതാവരുത് ഈ നിയുക്ത സർവകലാശാലയുടെ പ്രവർത്തന മണ്ഡലം എന്ന് സ്നേഹപുരസരം അഭ്യർത്ഥിക്കുകയും ചെയ്യുകയാണ്.

കാരണം ഗുരുവിന്റെ വിദ്യാഭ്യാസ സങ്കല്പം ഏതെങ്കിലുമൊരു ബിരുദ സമ്പാദനത്തിനോ തൊഴിൽ നേട്ടത്തിനോ നൈപുണ്യ വികസനത്തിനോ ഭൗതിക മുന്നേറ്റത്തിനോ ആയി മാറ്റിവയ്ക്കപ്പെട്ടിരുന്നില്ല. മറിച്ച് സർവഗുണങ്ങളുമുള്ള ലോകാനുരൂപനായ ഒരുത്തമ മനുഷ്യനെ വാർത്തെടുക്കുകയെന്നതായിരുന്നു. അഹന്തയറ്റ മനുഷ്യനേ,​ അല്ലെങ്കിൽ സ്വാർത്ഥം വെടിഞ്ഞ മനുഷ്യനേ ലോകാനുരൂപനായും ത്യാഗിയായും പരോപകാരിയായും അറിവ് അപരപ്രകൃതിക്ക് അധീനമാകാതെ ലോക സേവ ചെയ്യാനും സാധ്യമാവുകയുള്ളൂവെന്ന സത്യമാണ് ഗുരുവിന്റെ വിദ്യാഭ്യാസ സങ്കല്പത്തിനാധാരം.

വിദ്യകൊണ്ട് സ്വതന്ത്രരാവണമെന്നും പ്രധാന ദേവാലയം വിദ്യാലയമാകണമെന്നും ഉപദേശിച്ച ഗുരുദേവൻ 1928 ൽ ശിവഗിരി തീർത്ഥാടനത്തിന്റെ എട്ടു ലക്ഷ്യങ്ങൾ വെളിവാക്കവേ അതിൽ ആദ്യം പറഞ്ഞത് വിദ്യാഭ്യാസമായിരുന്നു. വിദ്യാഭ്യാസമാണ് ഇരുകാലിമാടുകളായ മനുഷ്യരെ യഥാർത്ഥ മനുഷ്യരാക്കിത്തീർക്കുന്നത് എന്ന ഗുരുവിന്റെ ഉൾക്കാഴ്ചയാണ് ശിവഗിരി തീർത്ഥാടനത്തെ അറിവിന്റെ തീർത്ഥാടനമാക്കിയതെന്നതും ഈ സന്ദർഭത്തിൽ ഓർമ്മിപ്പിക്കട്ടെ. ചുരുക്കിപ്പറഞ്ഞാൽ മനുഷ്യരെ നന്നാക്കാനുള്ള മരുന്നായിട്ടാണ് എക്കാലവും വിദ്യാഭ്യാസത്തെ ഗുരു കണ്ടത്. അതുകൊണ്ടു തന്നെ ഗുരുവിന്റെ നാമത്തിൽ നിലവിൽ വരുന്ന ഒരു സർവകലാശാല കേവലം ഭൗതിക വിഷയ പഠന ഗവേഷണ കേന്ദ്രം എന്നതിനപ്പുറം വിശ്വമാനവികതയുടെ ഹൃദയാകാശമായിരിക്കുന്ന ആത്മസാഹോദര്യത്തിന്റെ പ്രകാശനിലയം കൂടിയായിരിക്കണം. അതിന് ആത്മീയവും ലൗകികവും രണ്ടും രണ്ടാണെന്ന തരംതിരിവില്ലാത്ത ഗുരുവിന്റെ സർവസമന്വയദർശനം ഈ സർവകലാശാലയുടെ ജീവനാളമായി കൊളുത്തുകയും അത് കെട്ടുപോകാതിരിക്കുകയും വേണം.

1925ൽ ശിവഗിരിയിൽ ഗുരുദേവൻ ഒരു മഹത്തായ വിദ്യാലയത്തിന്, ബ്രഹ്മ വിദ്യാലയത്തിന് അഥവാ മതമഹാപാഠശാല എന്നൊരു വിശ്വവിദ്യാലയത്തിന് തറക്കല്ലിട്ടതിന്റെ ചരിത്രവും അതിന്റെ ലക്ഷ്യവും കൂടി സഗൗരവം വിചാരം ചെയ്യപ്പെടേണ്ടതുണ്ട്. സമഭാവനയും സമഭക്തിയും പുലരുകവഴി എല്ലാ തരത്തിലുള്ള പൊരുതലുകളും ഇല്ലാതായിത്തീരുന്ന ഒരു മനുഷ്യ സമൂഹത്തിന്റെ രൂപപ്പെടലായിരുന്നു ഗുരുവിന്റെ വിദ്യാഭ്യാസ സങ്കല്പത്തിന്റെ കാതൽ. എല്ലാ മതങ്ങളും എല്ലാവരും വേണ്ടുംവിധം പഠിക്കുന്നതായാൽ സർവമതങ്ങളുടെയും സാരം ഏകമാണെന്ന സത്യം തെളിഞ്ഞുവരുമെന്ന ഗുരുവരുളും, സർവരും സോദരത്വേന വാഴുന്ന ഒരു മാതൃകാസ്ഥാനം എന്ന ഉദ്ബോധനവും ഗുരുവിന്റെ വിദ്യാഭ്യാസ സങ്കല്പത്തിന്റെ ശക്തമായ അടിത്തറകളാണ്.

ഈ വിധം സത്യനിഷ്ഠമായ തത്ത്വവിചാരവും ധർമ്മ ചിന്തയും ശാസ്ത്രബോധവും വേറുവേറാകാത്ത പഠന ബോധന ഗവേഷണ സമ്പ്രദായത്തിലധിഷ്ഠിതമായ ഒരു മണ്ഡലം സമ്പുഷ്ടമാകുന്നതാവണം ഈ സർവകലാശാലയെന്ന് ആശിക്കുന്നു. ഗുരുവിന്റെ ജീവിതവും സന്ദേശങ്ങളും കൃതികളും നവോത്ഥാന മുന്നേറ്റങ്ങളും സാമൂഹിക പരിഷ്കരണങ്ങളും സർവോപരി വിശ്വമാനവിക ദർശനവും ധർമ്മശാസ്ത്രവും സാർവലൗകികതയും എല്ലാം തന്നെ ഇവിടെ പഠന വിഷയങ്ങളാകണം. ഇപ്രകാരം ലോകദർശനങ്ങളെയും ശാസ്ത്ര സിദ്ധാന്തങ്ങളെയും ഭൗതിക വിഷയങ്ങളെയും വർത്തമാനകാല സാഹചര്യങ്ങളെയും നോക്കിക്കാണാനും മനുഷ്യത്വത്തിന്റെ പൊരുളായിത്തീരാനും പരോപകാരിയായി വർത്തിക്കാനും പുതിയ ഒരു സമൂഹം രൂപപ്പെട്ടുവരാൻ തക്ക ഉള്ളടക്കത്തോടുകൂടി ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി യാഥാർത്ഥ്യമാകട്ടെ എന്നും അത് ഒരു വിശ്വവിദ്യാലയമായി വളരട്ടെ എന്നും പ്രത്യാശിക്കുന്നു.

എല്ലാ വിജയങ്ങളും ആശംസിച്ചുകൊണ്ട്,

ഗുരുനാമത്തിൽ,

സ്വാമി വിശുദ്ധാനന്ദ

പ്രസിഡന്റ്

ശ്രീനാരായണ ധർമസംഘം ട്രസ്റ്റ്

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: SWAMI VISHUDDHANANDA
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.