തിരുവനന്തപുരം: മതഗ്രന്ഥങ്ങൾ പാഴ്സൽവഴി സ്വീകരിച്ചതുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി. ജലീലിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതുൾപ്പെടെയുള്ള വിവാദവിഷയങ്ങൾ മന്ത്രിസഭായോഗത്തിൽ വന്നില്ല. വിഷയത്തിൽ സി.പി.ഐയിലെ ചില നേതാക്കൾക്ക് അതൃപ്തിയുണ്ടെങ്കിലും പാർട്ടി മന്ത്രിമാരാരും വിഷയം യോഗത്തിലുന്നയിച്ചില്ല.
ആരോപണങ്ങളിൽ തത്കാലം ഇടപെടേണ്ടെന്നാണ് സി.പി.ഐ നേതൃത്വത്തിന്റെ നിലപാടെന്നറിയുന്നു. വിഷയത്തിൽ സർക്കാർ വ്യക്തത വരുത്തേണ്ടതുണെന്നും നേതാക്കളിൽ ചിലർ ചൂണ്ടിക്കാട്ടുന്നുണ്ട്. മറ്റ് ഘടകകക്ഷികളും ഇക്കാര്യത്തിൽ പരസ്യമായ അഭിപ്രായ പ്രകടനം നടത്തിയിട്ടില്ല. രണ്ടാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം ഓൺലൈനായാണ് ഇന്നലെ മന്ത്രിസഭ ചേർന്നത്. കൊവിഡ് ചികിത്സ കഴിഞ്ഞ് വീട്ടിൽ നിരീക്ഷണത്തിലുള്ള മന്ത്രി തോമസ് ഐസക് പങ്കെടുത്തു. കൊവിഡ് ചികിത്സയിലുള്ള മന്ത്രി ഇ.പി. ജയരാജൻ പങ്കെടുത്തില്ല.