കൊച്ചി: ഭക്ഷണം, ഫോട്ടോഗ്രാഫി, സ്പോർട്ട്സ് വിഷയങ്ങളിൽ കൊച്ചിക്കാർക്ക് നൂറുനാവെന്ന് ട്വിറ്റർ ഇന്ത്യയുടെ 'കോൺവെർസേഷൻ റീപ്ലേ' സർവേ. 2019 സെപ്തംബർ മുതൽ നവംബർ വരെ ഇന്ത്യയിലെ 22 നഗരങ്ങളിൽ നിന്നുള്ള 8,50,000 ട്വീറ്റുകളാണ് സംഘം വിലയിരുത്തിയത്. മൃഗങ്ങൾ, യാത്ര, സാഹസികത എന്നിവയുമായി ബന്ധപ്പെട്ട സംഭാഷണങ്ങൾ ആസ്വദിക്കുന്നതിലും കൊച്ചി തന്നെയാണ് മുന്നിൽ. സാമൂഹിക അകലം പാലിക്കാൻ ശീലിച്ചുതുടങ്ങിയ സാഹചര്യത്തിൽ, ലോകം മാറുന്നതിനു മുമ്പുള്ള 2019 ലേക്ക് ഒരുതിരിഞ്ഞുനോട്ടം നടത്തുകയായിരുന്നു ട്വിറ്റർ.മൃഗങ്ങൾ, ആഘോഷങ്ങൾ, സെലിബ്രിറ്റി കണ്ടന്റുകൾ, നല്ല കാര്യങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് കഴിഞ്ഞവർഷം ഏറ്റവുമധികം ചർച്ച ചെയ്യപ്പെട്ടത്. വളർത്തുമൃഗങ്ങളോടുള്ള സ്നേഹം വ്യക്തമാക്കുന്ന ട്വീറ്റുകൾ പങ്കുവെക്കുന്നതിൽ മുൻ നിരയിലുള്ള മൂന്ന് ഇന്ത്യൻ നഗരങ്ങളിലൊന്നാണ് കൊച്ചി.
ഭക്ഷണം
ഭക്ഷണവുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് വലിയ സ്വീകാര്യതയാണ് എറണാകുളത്തുള്ളത്. ഭക്ഷണം ഇന്ത്യൻ ജനതയെ ഒന്നിപ്പിക്കുന്നു. ഭക്ഷണം പാകംചെയ്യുന്നതു പോലെതന്നെ സന്തോഷകരമാണ് അതിന്റെ ഫോട്ടോ എടുക്കുന്നതും. ഭക്ഷണവുമായി ബന്ധപ്പെട്ട സന്തോഷകരമായ കാര്യങ്ങളിലും മനോഹരമായ ഡിഷുകളുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നതിലും കൊച്ചി മറ്റെല്ലാ നഗരങ്ങളെയും പിന്നിലാക്കി.
ഫോട്ടോഗ്രാഫി
പോസ്, ക്ലിക്ക്, ട്വീറ്റ്, ക്യാപ്ഷൻ ഇതിനേക്കാൾ സന്തോഷകരമായ മറ്റൊന്നില്ല. കലാപരമായ കഴിവുകൾ പ്രകടിപ്പിക്കാനും തങ്ങളുടെ ഫോട്ടോകൾ ശേഖരിച്ച് വെക്കുന്നതിനുമുള്ള ഇടമായി ജനങ്ങൾ ട്വിറ്റർ സേവനം ഉപയോഗിക്കുന്നു. കൊച്ചി തന്നെയാണ് ഇക്കാര്യത്തിൽ മുന്നിൽ.
കായികം
തങ്ങൾ പിന്തുണയ്ക്കുന്ന ടീമിനെക്കുറിച്ചുള്ള ചർച്ചകളായാലും തങ്ങളുടെ പ്രിയപ്പെട്ട കായികതാരത്തിന് ജന്മദിനാശംസ നേരാനായാലും കായികവിനോദങ്ങൾ ട്വിറ്ററിൽ ആഘോഷമാക്കുന്നതിലും കൊച്ചിയെ വെല്ലാൻ വേറാരുമില്ല.
സാഹസികതയും യാത്രയും
ഒരു ചെറിയ തുടക്കത്തിൽ നിന്നാരംഭിക്കുന്ന ആയിരം മൈലുകൾ നീളുന്ന യാത്ര സന്തോഷകരമായ ചർച്ചകൾക്ക് വഴിതെളിക്കുന്നു. പുതിയ അനുഭവങ്ങൾക്കുള്ള തുറന്ന മനസാണ് സാഹസികമായ ഹൃദയത്തിന് ആവശ്യമെന്ന് എറണാകുളത്തിന് വ്യക്തമായി അറിയാം. സാഹസികതയെയും യാത്രയെയും കുറിച്ച് ഏറ്റവുമധികം ട്വീറ്റ് ചെയ്തിട്ടുള്ള മൂന്ന് നഗരങ്ങളിലൊന്നാണ് കൊച്ചി. ആവേശവും ആനന്ദവും നിറയുന്നതാണ് ഈ സംഭാഷണങ്ങൾ.