തിരുവനന്തപുരം: സർക്കാർ ചെലവ് ചുരുക്കൽ കർശനമാക്കുന്നതിന്റെ ഭാഗമായി, അടുത്ത ഒരു വർഷത്തേക്ക് സർക്കാർ കെട്ടിടങ്ങളുടെ മോടി പിടിപ്പിക്കലും സർക്കാരോഫീസുകളിലും സ്ഥാപനങ്ങളിലും ഫർണിച്ചർ വാങ്ങലും ഒഴിവാക്കി. പുതിയ വാഹനങ്ങൾ വാങ്ങേണ്ടെന്നും കെ.എം. എബ്രഹാം സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ മന്ത്രിസഭായോഗം തീരുമാനിച്ചു. എല്ലാ വകുപ്പുകളിലെയും സ്ഥാപനങ്ങളിലെയും സ്വന്തം വാഹനങ്ങളുടെയും വാടകയ്ക്കുപയോഗിക്കുന്ന വാഹനങ്ങളുടെയും വിവരം ധനവകുപ്പ് ശേഖരിക്കും. അതിന്റെ അടിസ്ഥാനത്തിലാകും വാഹനം വാങ്ങലും വില്പനയും. ജീവനക്കാരുടെ നിയമനവും തസ്തിക സൃഷ്ടിക്കലും നിയന്ത്രിക്കും.
ഔദ്യോഗിക ചർച്ചകൾ, യോഗങ്ങൾ, പരിശീലനങ്ങൾ എന്നിവ പരമാവധി ഓൺലൈൻ വഴിയാക്കണം. . ഔദ്യോഗിക യാത്രാ ചെലവുകളുടെ വിവരങ്ങൾ സമർപ്പിക്കാനും പരിശോധിച്ച് പണം നൽകാനും ഏകീകൃത ഓൺലൈൻ സംവിധാനം രണ്ട് മാസത്തിനകം ഏർപ്പെടുത്തും. ഓഫീസുകളിലും സ്ഥാപനങ്ങളിലും സൂക്ഷിക്കേണ്ടാത്തതും പുനരുപയോഗിക്കാൻ കഴിയാത്തതുമായ സാധനങ്ങൾ മൂന്ന് മാസത്തിനകം ഓൺലൈനിലൂടെ ലേലം ചെയ്തുവിൽക്കും. സർക്കാർ സ്ഥാപനങ്ങളുടെ ഉപയോഗിക്കാതെ കിടക്കുന്ന സ്ഥലങ്ങളിൽ, വാടകയ്ക്ക് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെ മാറ്റും. സർക്കാർഭൂമിയുടെ പാട്ടത്തുക അടിയന്തരമായി പിരിച്ചെടുക്കാൻ മിഷൻ മോഡിൽ ടാസ്ക്ഫോഴ്സ് രൂപീകരിക്കും.