തിരുവനന്തപുരം: അദ്ധ്യാപന സമയം ആഴ്ചയിൽ കുറഞ്ഞത് പതിനാറ് മണിക്കൂർ വേണമെന്ന വ്യവസ്ഥയിൽ കോളേജ് അദ്ധ്യാപകരുടെ പുതിയ തസ്തികകൾ സൃഷ്ടിക്കുന്നതിന് അനുമതി നൽകാൻ മന്ത്രിസഭായോഗത്തിന്റെ തീരുമാനം.
ജൂൺ ഒന്ന് മുതൽ ഇതിന് പ്രാബല്യമുണ്ടാകും. ഇതിനാവശ്യമായ നിയമനച്ചട്ടങ്ങൾ ഉന്നത വിദ്യാഭ്യാസവകുപ്പ് ഒരു മാസത്തിനകം ഭേദഗതി ചെയ്യും.നിയമപ്രകാരം സർക്കാർ ഉത്തരവിലൂടെ സർക്കാർ പ്രതിനിധി കൂടി പങ്കെടുത്ത സെലക്ഷൻ കമ്മിറ്റി മേയ് 31 വരെ അംഗീകരിച്ച നിയമനങ്ങൾ, പി.എസ്.സി നിയമനശുപാർശ നൽകിയ തസ്തികകൾ എന്നിവ അംഗീകരിക്കാനും തീരുമാനിച്ചു.
സ്കൂളുകളിൽ ഒരു കുട്ടിയുടെ എണ്ണം കൂടിയാൽ അധിക തസ്തിക സൃഷ്ടിക്കാനാകുന്ന വ്യവസ്ഥകൾ ബന്ധപ്പെട്ട ചട്ടങ്ങളിൽ നിന്നൊഴിവാക്കും. അദ്ധ്യാപക തസ്തിക സൃഷ്ടിക്കുന്നതിനുള്ള അന്തിമാധികാരം സർക്കാരിനാകും. എയ്ഡഡ് സ്കൂളുകളിൽ സൃഷ്ടിക്കുന്ന പുതിയ അദ്ധ്യാപക തസ്തികകളിൽ സംരക്ഷിത അദ്ധ്യാപകർക്കാകും മുൻഗണന. ഇതിനാവശ്യമായ നിയമ- ചട്ട ഭേദഗതികൾ പൊതുവിദ്യാഭ്യാസ വകുപ്പ് ഒരു മാസത്തിനകം കൈക്കൊള്ളും.
അധിക ജീവനക്കാരെ
പുനർവിന്യസിക്കും
കേന്ദ്രാവിഷ്കൃത പദ്ധതികളുൾപ്പെടെ പല പദ്ധതികളും പ്രവർത്തനമവസാനിപ്പിച്ചിട്ടും തുടരുന്ന ജീവനക്കാരുടെ വിവരങ്ങൾ കണ്ടെത്തി അധിക ജീവനക്കാരെ ആവശ്യമുള്ള വകുപ്പുകളിലേക്ക് പുനർവിന്യസിക്കും. ഫയലുകൾ കൈകാര്യം ചെയ്യാനായി ഇ-ഓഫീസ് സോഫ്റ്റ്വെയർ, കമ്പ്യൂട്ടർ സൗകര്യങ്ങൾ ഉപയോഗിച്ചുവരുന്ന ഓഫീസുകളിൽ അധികമായുള്ള ടൈപ്പിസ്റ്റ് തസ്തികകൾ പുനർവിന്യസിക്കും. ഓഫീസ് അറ്റൻഡന്റ് തസ്തികകൾ തദ്ദേശ സ്ഥാപനങ്ങളിലേക്ക് മാറ്റും.
പൊതുമരാമത്ത്, ജലവിഭവ വകുപ്പുകൾ, വാട്ടർ അതോറിറ്റി തുടങ്ങിയ വിവിധ സാങ്കേതികവകുപ്പുകളിലും സ്ഥാപനങ്ങളിലും കമ്പ്യൂട്ടർ പോലുള്ള സാങ്കേതികസൗകര്യങ്ങൾ കൂടുതൽ ഉപയോഗിച്ചുവരുന്നതിനാൽ ക്ലറിക്കൽ സ്റ്റാഫ് തയാറാക്കി വരുന്ന ബില്ലുകളും റിപ്പോർട്ടുകളും എസ്റ്റിമേറ്റുകളുമുൾപ്പെടെയുള്ള പ്രവൃത്തികൾ സാങ്കേതികകാര്യങ്ങൾ കൈകാര്യം ചെയ്യുന്ന ജീവനക്കാർക്ക് തന്നെ ചെയ്യാം.
ക്ഷേമനിധികൾ, കമ്മിഷനുകൾ, അതോറിറ്റികൾ, സൊസൈറ്റികളായി രൂപീകരിച്ച വിവിധ സ്ഥാപനങ്ങൾ തുടങ്ങി ഒരേ മേഖലയിൽ പൊതുവായി ഒരേ വികസന, സേവന ഉദ്ദേശങ്ങൾക്കായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെ സാങ്കേതികമായി പുന:സംഘടിപ്പിച്ച് , കഴിയുന്നത്ര ഒറ്റ ഭരണസംവിധാനങ്ങളാക്കും.