തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ പോളിംഗ് സമയം ഒരു മണിക്കൂർ നീട്ടുന്നതിനും, കൊവിഡ് രോഗികൾക്കും നിരീക്ഷണത്തിൽ കഴിയുന്നവർക്കും, കിടപ്പുരോഗികൾക്കും തപാൽ വോട്ട് ഏർപ്പെടുത്തുന്നതിനും നിയമഭേദഗതി നിർദ്ദേശിച്ചുള്ള ഓർഡിനൻസുകൾക്ക് മന്ത്രിസഭായോഗം ഗവർണറോട് ശുപാർശ ചെയ്തു.
വോട്ടെടുപ്പ് സമയം രാവിലെ 7 മുതൽ വൈകിട്ട് അഞ്ച് വരെ എന്നത് ,വൈകിട്ട് ആറ് വരെയാക്കാനാണ് നിർദ്ദേശം. വോട്ടെടുപ്പിന് തൊട്ടടുത്ത ദിവസങ്ങളിൽ കൊവിഡ് സ്ഥിരീകരിക്കുന്നവർക്കായി പ്രത്യേക പോളിംഗ് ബൂത്ത് സജ്ജമാക്കുന്നതടക്കമുള്ള കാര്യങ്ങൾ കമ്മിഷൻ തീരുമാനിക്കും. റിവേഴ്സ് ക്വാറന്റൈനിൽ കഴിയേണ്ട, 65 വയസ്സിന് മുകളിൽ പ്രായമുള്ളവരെ തപാൽ വോട്ടിന്റെ പരിധിയിൽപ്പെടുത്തിയിട്ടില്ല. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനും അത്തരമൊരു നിർദ്ദേശം വച്ചിട്ടില്ല. കേരളത്തിൽ 65ന് മുകളിൽ പ്രായമുള്ളവരുടെ എണ്ണം നിരവധിയായതിനാൽ തപാൽ വോട്ട് പ്രായോഗികമല്ല.
ഓർഡിനൻസുകൾക്ക് ഗവർണറുടെ അനുമതി ലഭിക്കുന്നതോടെ പഞ്ചായത്ത് രാജ്, മുനിസിപ്പാലിറ്റി നിയമ ഭേദഗതികൾ നിലവിൽ വരും. നവംബർ 12ന് മുമ്പ് തദ്ദേശസ്ഥാപനങ്ങളിൽ പുതിയ ഭരണസമിതികൾ നിലവിൽ വരേണ്ടതാണെങ്കിലും കൊവിഡ് വ്യാപനഭീതിയുടെ പശ്ചാത്തലത്തിൽ തിരഞ്ഞെടുപ്പ് അല്പം നീട്ടിവയ്ക്കാൻ സർവകക്ഷി യോഗത്തിൽ ധാരണയായിരുന്നു. ഇക്കാര്യം തിരഞ്ഞെടുപ്പ് കമ്മിഷനെ സർക്കാർ അറിയിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ പാർട്ടികളുടെ യോഗം കമ്മിഷൻ നാളെ വിളിച്ചിട്ടുണ്ട്.
തദ്ദേശ തിരഞ്ഞെടുപ്പ്: വാർഡ് നറുക്കെടുപ്പ് 28 മുതൽ
തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സംവരണ വാർഡുകൾ കണ്ടെത്തുന്നതിനുള്ള നറുക്കെടുപ്പ് സെപ്തംബർ 28 ന് തുടങ്ങും. തീയതിയും സമയവും സ്ഥലവും നിശ്ചയിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ വി.ഭാസ്കരൻ വിജ്ഞാപനം പുറപ്പെടുവിച്ചു.
941 ഗ്രാമപഞ്ചായത്തുകളിലേയും 86 മുനിസിപ്പാലിറ്റികളിലേയും നറുക്കെടുപ്പ് സെപ്തംബർ 28 മുതൽ ഒക്ടോബർ ഒന്നു വരെയാണ്. 152 ബ്ലോക്ക് പഞ്ചായത്തുകളിലും 14 ജില്ലാ പഞ്ചായത്തുകളിലും ഒക്ടോബർ 5 ന്. ആറ് കോർപ്പറേഷനുകളിലേയ്ക്ക് സെപ്തംബർ 28, 30 ഒക്ടോബർ 6.
ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലെ നറുക്കെടുപ്പ് നടത്തുന്നത് ജില്ലാ കളക്ടർമാരും മുനിസിപ്പാലിറ്റികളിൽ നഗരകാര്യ റീജിയണൽ ജോയിന്റ് ഡയറക്ടർമാരും കോർപ്പറേഷനുകളിൽ നഗരകാര്യ ഡയറക്ടറുമാണ്.