ആലപ്പുഴ: വീട്ടിൽ ജീവനു തുല്യം സ്നേഹിച്ചു വളർത്തിയ പ്രാവിന്റെ കൂട്ടിൽ അതിക്രമിച്ചു കടന്ന ചേരയെ കത്രികപ്പൂട്ടിട്ടു കുടുക്കിയതോടെ, താൻ പോലുമറിയാതെ പ്രജീഷ് ചക്കുളം ഒരു 'ഇഴജന്തു അധോലോക'മായി! ചേര ഉൾപ്പെടെയുള്ള ഇഴജന്തുക്കളെ നാട്ടിൽ എവിടെയെങ്കിലും കണ്ടാൽ പാമ്പെന്ന ഭയം മൂലം വരുന്ന വിളികൾക്ക് തെല്ലുമില്ല കുറവ്.
ഇരുപതാമത്തെ വയസിലായിരുന്നു ആദ്യ പാമ്പിനെ പിടികൂടിയത്. പക്ഷിമൃഗാദികള ഏറെ സ്നേഹിക്കുന്ന നീരേറ്റുപുറം പട്ടരുപറമ്പിൽ പ്രജീഷ്, വീട്ടിലെ പ്രാവിൻ കൂട്ടിൽ കയറിയ ചേരയെ പിടികൂടിക്കൊണ്ടായിരുന്നു തുടക്കം. പിന്നീടിങ്ങോട്ട് പിടികൂടിയ പാമ്പുകളുടെ എണ്ണത്തിന് കൈയും കണക്കുമില്ല. പാമ്പിനെ പിടിക്കാൻ പ്രത്യേക പരിശീലനമൊന്നും ലഭിച്ചിട്ടില്ല. മനുഷ്യരെപ്പോലെ എല്ലാ ജീവികൾക്കും സ്വഭാവത്തിൽ ഒരുപാട് പ്രത്യേകതകളുണ്ടെന്നും അത് കൃത്യമായി മനസിലാക്കിയാൽ പാമ്പ് പിടിത്തമൊക്കെ പൂ പറിക്കുന്നത് പോലെ എളുപ്പമാകുമെന്നും പ്രജീഷ് പറയുന്നു.
പാമ്പിൽ ഒതുങ്ങുന്നില്ല പ്രജീഷിന്റെ ഇടപാടുകൾ. മൂന്നാം ക്ലാസ് മുതൽ ഒരുപാട് ജീവികളെ പരിചരിച്ചും പരിശീലിപ്പിച്ചും നേടിയ പരിചയം മൂലം സിനിമ, സീരിയൽ മേഖലകളിൽ പക്ഷി- മൃഗാദികളുടെ ട്രെയിനറുടെ വേഷം അണിഞ്ഞിട്ടുണ്ട്. ഇന്ത്യയൊട്ടാെയുള്ള ഫാം ഹൗസുകളുമായി ബന്ധമുണ്ട്. അവരിൽ നിന്നും മൃഗ ഡോക്ടർമാരിൽ നിന്നും ലഭിച്ച അറിവ്, സഹജീവികളെ പരിചരിക്കാൻ ഉപയോഗപ്പെടാറുണ്ടെന്ന് പ്രജീഷ് പറയുന്നു. കാലിന് മുറിവുപറ്റി കുഴഞ്ഞ കുതിരയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നതും, അണുബാധയേറ്റ് കാഴ്ച പൂർണമായും നഷ്ടപ്പെടുമായിരുന്ന ആഫ്രിക്കൻ തത്തയെ രക്ഷിച്ച് കൂടെ കൂട്ടിയതുമെല്ലാം അനുഭവങ്ങളിൽ ചിലതു മാത്രം.
പെറ്റ്സ് ഷോയുമുണ്ട്
നീരേറ്റുപുറത്തെ ഇലക്ട്രോണിക്ക് ഷോപ്പിൽ ജീവനക്കാരനായ പ്രജീഷ് സമയം കിട്ടുമ്പോഴൊക്കെ തന്റെ പ്രിയപ്പെട്ടവരെയും കൂട്ടി പെറ്റ്സ് ഷോയ്ക്കും പോകാറുണ്ട്. വർഷങ്ങൾകൊണ്ട് അയ്യായിരത്തിലധികം പാമ്പുകളെ പിടികൂടി റാന്നി ഫോറസ്റ്റ് അധികൃതർക്ക് കൈമാറിയിട്ടുണ്ടെന്ന് പ്രജീഷ് പറയുന്നു. ഇതിനിടെ ഒരിക്കൽപോലും ഉപദ്രവം ഉണ്ടായിട്ടില്ല. പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലായി നിരവധി പേരാണ് പാമ്പ് പിടിക്കാനായി പ്രജീഷിനെ വിളിക്കാറുള്ളത്.