സുൽത്താൻ ബത്തേരി : കണ്ടെയ്ൻമെന്റ് സോണിന്റെ പേരിൽ ഒരു വിഭാഗം വ്യാപാരികളെ മാത്രം കടതുറക്കാൻ അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് ബത്തേരിയിലെ വ്യാപാരികൾ ഇന്ന് നടത്താനിരുന്ന ഹർത്താൽ കണ്ടെയ്ൻമെന്റ് സോൺ ഒഴിവാക്കിയതിനെ തുടർന്ന് ഒഴിവാക്കിയതായി വ്യാപാരികൾ അറിയിച്ചു.
ബത്തേരി പട്ടണം കഴിഞ്ഞ നാല് തവണയായി കണ്ടെയ്മെന്റ് സോണിന്റെ പരിധിയിലായിരുന്നു. ഈ കാലയളവിലെല്ലാം ഒരു വിഭാഗം കടക്കാർക്ക് മാത്രം പ്രവർത്തനാനുമതി നൽകാതിരിക്കുകയും, ഓട്ടോറിക്ഷകൾക്കും ഗുഡ്സ് വാഹനങ്ങൾക്കും ചുമട്ട്തൊഴിലാളികൾക്കും ബാങ്കുകൾ, മുൻസിപ്പാലിറ്റി തുടങ്ങിയ സ്ഥാപനങ്ങൾക്കും പ്രവർത്തിക്കാൻ അനുമതി നൽകുകയും ചെയ്തു. ഇതിൽ പ്രതിഷേധിച്ചാണ് ആവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ ഉൾപ്പെടെയുള്ള മുഴുവൻ വ്യാപാര സ്ഥാപനങ്ങളും അടച്ചിട്ട് ഇന്ന് ഹർത്താലാചരിക്കാൻ വ്യാപാരികൾ തീരുമാനിച്ചിരുന്നത്.
കണ്ടെയ്മെന്റ് സോൺ ഒഴിവാക്കിയ സാഹചര്യത്തിൽ വ്യാപാരികൾ പണിമുടക്ക് സമരത്തിൽ നിന്ന് പിൻമാറുന്നതായി വ്യാപാരി വ്യവസായി ഏകോപന സമിതി ബത്തേരി യൂണിറ്റ് കമ്മറ്റി അറിയിച്ചു. ആരോഗ്യ വകുപ്പിന്റെ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും കടകൾ തുറന്ന് പ്രവർത്തിക്കുക .