കൽപ്പറ്റ: മാനന്തവാടി, കൽപ്പറ്റ, ബത്തേരി, പുൽപ്പള്ളി, തിരുനെല്ലി, വൈത്തിരി, കമ്പളക്കാട്, പനമരം, തലപ്പുഴ എന്നീ പൊലീസ് സ്റ്റേഷൻ പരിസരങ്ങളിൽ അതത് സ്റ്റേഷൻ ഹൗസ് ഓഫീസർമാരുടെ ഉത്തരവാദിത്തത്തിലുള്ള 164 വാഹനങ്ങൾ ലേലം ചെയ്യുന്നു. അവകാശികൾ ഇല്ലാത്തതും നിലവിൽ അന്വേഷണാവസ്ഥയിലോ, കോടതി വിചാരണയിലോ ഇല്ലാത്തതുമായ വാഹനങ്ങളാണ് അവകാശികളില്ലാത്ത വാഹനങ്ങളായി പരിഗണിച്ച് പൊതു ലേലം ചെയ്യുന്നത്. ഈ വാഹനങ്ങളിൽ ഏതെങ്കിലും തരത്തിലുള്ള അവകാശവാദം ഉന്നയിക്കാനുണ്ടെങ്കിൽ 30 ദിവസത്തിനകം മതിയായ രേഖകൾ സഹിതം ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് മുൻപാകെയോ ബന്ധപ്പെട്ട പൊലീസ് സൂപ്രണ്ട് മുൻപാകെയോ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ മുൻപാകെയോ ഹാജരായി അവകാശം രേഖാപരമായി ഉന്നയിക്കാവുന്നതാണ്. നിശ്ചിത കാലാവധിയിൽ അവകാശവാദം ഉന്നയിക്കാത്ത വാഹനങ്ങൾ അവകാശികൾ ഇല്ലാത്ത വാഹനങ്ങളായി പരിഗണിച്ച് എം.എസ്.ടി.സി വെബ് സൈറ്റായ www.mstcecommerce.com മുഖേന ലേലം ചെയ്ത് സർക്കാരിലേക്ക് മുതൽക്കൂട്ടുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.
സ്കോളർഷിപ്പിന് അപേക്ഷിക്കാം
കൽപ്പറ്റ: പ്രഫഷണൽ കോഴ്സുകളിൽ പഠിക്കുന്ന വിമുക്തഭടന്മാരുടെ മക്കൾക്കുള്ള പ്രധാനമന്ത്രിയുടെ മെറിറ്റ് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷയും അനുബന്ധ രേഖകളും www.ksb.gov.in എന്ന വെബ് സൈറ്റിൽ ഓൺലൈനായി സമർപ്പിക്കുന്നതിനോടൊപ്പം അപേക്ഷയുടെ പ്രിന്റൗട്ടുകൾ നവംബർ 30 നകം ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ ലഭ്യമാക്കേണ്ടതാണ്. ഫോൺ: 04936 202668.
കിസാൻ ക്രെഡിറ്റ് കാർഡ് ധനസഹായ വായ്പ
കൽപ്പറ്റ: കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ക്ഷീര കർഷകരെ സഹായിക്കുന്നതിനായി കേന്ദ്രസംസ്ഥാന സർക്കാരുകളുടെ സഹായത്തോടെ ആരംഭിച്ച കിസാൻ ക്രെഡിറ്റ് കാർഡ് ധനസഹായ വായ്പാ പദ്ധതിക്ക് സെപ്തംബർ 30 വരെ അപേക്ഷിക്കാം. ജില്ലയിലെ എല്ലാ ക്ഷീര കർഷകരും പദ്ധതിയിലൂടെ പ്രവർത്തന മൂലധന വായ്പ ലഭ്യമാകുന്നതിനുള്ള അവസരം പ്രയോജനപ്പെടുത്തണമെന്ന് ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.
ജില്ലയിലെ 56 പ്രാഥമിക ക്ഷീര സംഘങ്ങളിലൂടെ 19539 ക്ഷീരകർഷകർ പാലളക്കുന്നുണ്ട്. ഇതിൽ 5534 ക്ഷീര കർഷകർ കിസാൻ ക്രെഡിറ്റ് കാർഡ് ധനസഹായ വായ്പ പദ്ധതിയിലുള്ളവരാണ്. 11027 ക്ഷീര കർഷകർ ക്ഷീര സംഘങ്ങളിൽ അപേക്ഷ നൽകിയിട്ടുണ്ട്. 973 ക്ഷീര കർഷകർക്കായി 4,48,46,546 രൂപ വിവിധ ബാങ്കുകളിലൂടെ ക്ഷീര വികസന വകുപ്പിന്റെ പ്രവർത്തനങ്ങളിലൂടെ ഇതുവരെ കിസാൻ ക്രെഡിറ്റ് ധനസഹായ വായ്പ നൽകി. ക്ഷീര സംഘങ്ങളിൽ പ്രത്യേക ക്യാമ്പ് നടത്തി ബാങ്കുകൾ കിസാൻ ക്രെഡിറ്റ് കാർഡ് ധനസഹായ വായ്പ നേരിട്ട് അനുവദിച്ച് നൽകുകയാണ് ചെയ്യുന്നത്.
പാൽ ഗുണനിലവാര ബോധവത്കരണം നടത്തി
മാനന്തവാടി: ക്ഷീര വികസന വകുപ്പിന്റെ ജില്ലാ ക്വാളിറ്റി കൺട്രോൾ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മാനന്തവാടി ക്ഷീര സംഘത്തിലെ ക്ഷീര കർഷകർക്കായി പാൽ ഗുണനിലവാര ബോധവത്കരണ പരിപാടി നടത്തി. പയ്യംപള്ളി പാരിഷ് ഹാളിൽ നടന്ന പരിപാടി മാനന്തവാടി ക്ഷീര സംഘം പ്രസിഡന്റ് പി.ടി. ബിജു ഉദ്ഘാടനം ചെയ്തു.
ക്ഷീരസംഘം ഡയറക്ടർ സണ്ണി ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. ക്വാളിറ്റി കൺട്രോൾ ഓഫീസർ ഇ.എം. പത്മനാഭൻ, ക്ഷീര വികസന ഓഫീസർ വി.കെ. നിഷാദ് എന്നിവർ ക്ലാസ്സുകളെടുത്തു.
വൈദ്യുതി മുടങ്ങും
പുതിയ വൈദ്യുതിലൈൻ വലിക്കുന്നതുമായി ബന്ധപ്പെട്ട് കോറോം ഇലക്ട്രിക്കൽ സെക്ഷന് കീഴിൽ വരുന്ന കോറോം ടൗണിൽ ഇന്ന് രാവിലെ 9 മുതൽ വൈകീട്ട് 5.30 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
അറ്റകുറ്റപണി നടക്കുന്നതിനാൽ മീനങ്ങാടി സെക്ഷൻ പരിധിയിലെ കാര്യമ്പാടി, മാനിക്കുനി, പാണ്ടിയാട്ട് വയൽ, മംഗലത്ത് വയൽ, ചോമാടി എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 8 മുതൽ വൈകീട്ട് 6 വരെ വൈദ്യുതി പൂർണമായോ ഭാഗികമായോ മുടങ്ങും.