സ്വകാര്യ ആശുപത്രികളിലും ചികിത്സ
കൊല്ലം: ജില്ലയിലെ സ്വകാര്യ ആശുപത്രികളിലും കൊവിഡ് ചികിത്സ തുടങ്ങി. നഗരപരിധിക്കുള്ളിലെ മൂന്ന് സ്വകാര്യ ആശുപത്രികളിലാണ് കൊവിഡ് രോഗികൾ നിലവിൽ ചികിത്സയിലുള്ളത്. വരും ദിവസങ്ങളിൽ നൂറ് കിടക്കകളിൽ കൂടുതലുള്ള സ്വകാര്യ ആശുപത്രികളിൽ വച്ച് കൊവിഡ് സ്ഥിരീക്കുന്നവരെ അവിടെ തന്നെ ചികിത്സിക്കും.
സ്വകാര്യ ആശുപത്രികളിൽ കൊവിഡ് സ്ഥിരീകരിക്കുന്നവരെ ഉടൻ സർക്കാർ ആശുപത്രികളിലേക്ക് മാറ്റുന്നതായി വ്യാപക പരാതി ഉയർന്നിരുന്നു. ചില ഘട്ടങ്ങളിൽ രോഗിയുടെ ആരോഗ്യനില വഷളായതിന് ശേഷമാണ് മാറ്റുന്നത്. ഇതേ തുടർന്ന് നൂറ് കിടക്കകളിൽ അധികമുള്ള സ്വകാര്യ, സഹകരണ ആശുപത്രികളിൽ കൊവിഡ് ചികിത്സാ സൗകര്യം ഒരുക്കണമെന്ന് കളക്ടർ ഉത്തരവിട്ടിരുന്നു.
നിലവിൽ ഗുരുതരാവസ്ഥയിലുള്ള കൊവിഡ് ബാധിതരെ പാരിപ്പള്ളി മെഡിക്കൽ കോളേജിലാണ് ചികിത്സിക്കുന്നത്. ഇവിടെ 18 ഐ.സി.യു കിടക്കകളേയുള്ളൂ. ജില്ലാ ആശുപത്രിയിൽ പതിനൊന്നും. രണ്ടിടത്തും ബെഡ് ഒഴിവില്ല. പാരിപ്പള്ളിയിൽ നാൽപതും ജില്ലാ ആശുപത്രിയിൽ പത്തും പുതിയ കിടക്കകൾ വീതമുള്ള ഐ.സി.യു വാർഡുകൾ സജ്ജമാക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഇതിന് കുറഞ്ഞത് രണ്ടാഴ്ചയെങ്കിലും ഇനിയും വേണ്ടി വരും. അതുകൊണ്ട് തന്നെ വരും ദിവസങ്ങളിൽ ആരോഗ്യനില വഷളാകുന്ന കൊവിഡ് ബാധിതരെ സ്വകാര്യ ആശുപത്രികളിലെ ഐ.സി.യുവിലേക്ക് മാറ്റാനും സാദ്ധ്യതയുണ്ട്.
റിവേഴ്സ് ക്വാറന്റൈൻ കേന്ദ്രങ്ങൾ
ചില കുടുംബങ്ങളിൽ പ്രായമേറിയവരും കുട്ടികളും ഒഴികെ മറ്റെല്ലാവർക്കും കൊവിഡ് ബാധിക്കുന്ന സ്ഥിതിയുണ്ട്. ഇങ്ങനെ വീടുകളിൽ ഒറ്റപ്പെടുന്ന രോഗബാധിതരല്ലാത്തവരെ പരിചരിക്കാൻ മറ്റ് ബന്ധുക്കൾ തയ്യാറാകുന്നില്ല. ഈ സാഹചര്യത്തിൽ കുടുംബാംഗങ്ങളെല്ലാം കൊവിഡ് ചികിത്സയിലുള്ള നെഗറ്റീവായ കുട്ടികളെയും വയോധികരെയും പരിചരിക്കാൻ റിവേഴ്സ് കേന്ദ്രങ്ങൾ തുടങ്ങും. പത്തനാപുരം സെന്റ് സേവിയേഴ്സ് വിദ്യാനികേതൻ, ആദിച്ചനല്ലൂർ അസീസിയ ദന്തൽ കോളേജ് ഹോസ്റ്റൽ എന്നിവയാണ് റിവേഴ്സ് കേന്ദ്രങ്ങളാകുക.
ഹോക്കി സ്റ്റേഡിയം സെക്കൻഡ് ലൈനാകും
1. ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററായി പ്രവർത്തിക്കുന്ന ആശ്രാമം ഹോക്കി സ്റ്റേഡിയം സെക്കൻഡ് ലൈൻ സെന്ററാക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങി
2. രോഗലക്ഷണങ്ങൾ ഉള്ളവരുടെ എണ്ണത്തിനൊപ്പം കൊല്ലം നഗരത്തിൽ കൊവിഡ് ബാധ വർദ്ധിച്ച സാഹചര്യത്തിലാണ് തീരുമാനം
3. നഗരത്തിലെ രോഗലക്ഷണങ്ങളിലാത്ത കൊവിഡ് ബാധിതരെ പെരുമണിലെ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽ പ്രവേശിപ്പിക്കും
4. കൊല്ലം എസ്.എൻ ലോ കോളേജ്, നെടുമ്പന സി.എച്ച്.സി എന്നിവയാണ് നിലവിലുള്ള സെക്കൻഡ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ
5. നിലവിൽ ഒരു ഫിസിഷ്യനെ പൂർണസമയം സെക്കൻഡ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിൽ നിയോഗിച്ചിട്ടുണ്ട്
6. ഇതിന് പുറമേ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരെയും സന്ദർശന ചികിത്സയ്ക്ക് നിയോഗിക്കും
ഐ.സി.യു, നിലവിൽ, നിർമ്മാണത്തിലുള്ളത്
പാരിപ്പള്ളി മെഡി. കോളേജ്: 18, 40
ജില്ലാ ആശുപത്രി: 11, 10
''
രോഗം മൂർച്ഛിക്കുന്നവരെ പ്രവേശിപ്പിക്കാൻ പാരിപ്പള്ളി മെഡിക്കൽ കോളേജിലും ജില്ലാ ആശുപത്രിയിലും ഐ.സി.യുവിൽ ഒഴിവില്ല.
ആരോഗ്യവകുപ്പ്