അധികമാർക്ക് ദാനത്തിൽ പ്രതിഷേധവുമായി രക്ഷിതാക്കൾ
ആലപ്പുഴ: പ്ലസ് വൺ ഏകജാലക അഡ്മിഷനിൽ ബോണസ് മാർക്കില്ലാത്ത, ഫുൾ എ പ്ലസ് കുട്ടികൾ പുറത്താക്കപ്പെടുന്നതായി പരാതി. സ്കൗട്ട്, ഗൈഡ്സ്, എൻ.സി.സി, റെഡ് ക്രോസ്, ലിറ്റിൽ കൈറ്റ്, എസ്.പി.സി, കലോത്സവം തുടങ്ങി ഗ്രേസ് മാർക്കിന്റെയും ടൈ വാല്യുവിന്റെയും പിൻബലത്തിലെത്തുന്നവർക്കു വേണ്ടി, അക്കാദമിക് നിലവാരം പുലർത്തുന്ന കുട്ടികളെ ഒഴിവാക്കേണ്ടി വരുന്നു എന്നാണ് ആക്ഷേപം.
ഗ്രേസ് മാർക്ക് പത്താം ക്ലാസ് മാർക്കിനൊപ്പം കൂട്ടിയാണ് റിസൾട്ട് വരുന്നത്. പിന്നീട് അഡീഷണൽ മാർക്കായി ഇവ പ്ലസ് വൺ അഡ്മിഷന് പരിഗണിക്കുന്നു. ഭാഷാ വിഷയത്തിന് 60 മാർക്ക് മാത്രം പരീക്ഷയിൽ നേടിയ ശരാശരി വിദ്യാർത്ഥിക്ക് ഗ്രേസ് മാർക്കായി 20 പോയിന്റ് കൂടി ലഭിക്കുമ്പോൾ വിഷയത്തിന് 80ൽ 80 ലഭിക്കുന്നു. ഈ മാർക്കിന്റെ അടിസ്ഥാനത്തിൽ, പരീക്ഷയിൽ 76 മാർക്ക് വാങ്ങിയ വിദ്യാർത്ഥി അലോട്ട്മെന്റിൽ പിന്തള്ളിപ്പോകുന്നതാണ് അവസ്ഥ. ഇതിനാൽ ഇഷ്ട ഓപ്ഷനിൽ അഡ്മിഷൻ നേടാനാവാതെ വിഷമിക്കുന്ന കുട്ടികൾ നിരവധിയാണ്.
ഗ്രേസ് മാർക്കും ബോണസ് മാർക്കും ഒരുപോലെ അനുവദിക്കുന്നതാണ് പ്രശ്നത്തിന് കാരണമെന്ന് വിദഗ്ദ്ധർ പറയുന്നു. ഇവയിൽ ഏതെങ്കിലും ഒന്ന് മാത്രമേ അനുവദിക്കാവൂ. 90 ശതമാനത്തിന് മുകളിൽ മാർക്ക് വാങ്ങിയ നിരവധി കുട്ടികൾ ഒന്നാമത്തെ അലോട്ട്മെന്റിൽ കാഴ്ചക്കാരായി നിൽക്കുകയാണ്. താമസിക്കുന്ന പഞ്ചായത്തിനും താലൂക്കിനും വരെ അനുവദിച്ചിരിക്കുന്ന ഗ്രേസ് മാർക്കുകൾ സമർത്ഥരായ വിദ്യാത്ഥികളുടെ അവസരത്തെ നഷ്ടപ്പെടുത്തുന്ന പ്രവണതയ്ക്ക് തടയിടണമെന്ന് അദ്ധ്യാപകരും വിദ്യാർത്ഥികളും ആവശ്യപ്പെടുന്നു.
ഗ്രേസ് മാർക്ക്, ബോണസ് മാർക്ക് എന്നിവയിൽ ഏതെങ്കിലും ഒന്നു മാത്രം അനുവദിക്കുക. ബോണസ് ലഭിക്കുന്നത് നല്ല കാര്യം തന്നെ. പക്ഷേ അത് സമർത്ഥരുടെ അവസര നിഷേധത്തിന് കാരണമാകരുത്
എസ്. മനോജ്, ജനറൽ സെക്രട്ടറി, എ.എച്ച്.എസ്.ടി.എ
......................
ഹയർ സെക്കൻഡറി അഡ്മിഷൻ ബോണസ് പോയിന്റ്
വീരമൃത്യു മരിച്ച ജവാന്റെ മക്കൾ: 5
മിലിട്ടറി ഉദ്യോഗസ്ഥരുടെ മക്കൾ: 3
എൻ.സി.സി / സ്കൗട്ട് ആൻഡ് ഗൈഡ്/ എസ്.പി.സി, നീന്തൽ: 2
പഠിച്ച സ്കൂളിൽ തന്നെ അഡ്മിഷൻ: 2
സ്വന്തം താലൂക്കിൽ അഡ്മിഷൻ: 1
സ്വന്തം ഗ്രാമപഞ്ചായത്ത് അഡ്മിഷൻ: 2
പ്ലസ് വൺ ആദ്യ അലോട്ട്മെന്റ്
ആലപ്പുഴയിൽ ആകെ അപേക്ഷകർ: 27,500
ആകെ സീറ്റ്: 16,949
ആകെ അലോട്ട് ചെയ്ത സീറ്റുകൾ: 13,804
ഒഴിവുകൾ: 3189