കൊല്ലം: ജില്ലയിൽ ഇന്നലെ 300 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്നെത്തിയ രണ്ടുപേരും ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ പത്തുപേരും ഉൾപ്പെടുന്നു. മൂന്ന് ആരോഗ്യ പ്രവർത്തകർ അടക്കം 288 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പടർന്നത്.
9ന് നിര്യാതനായ പേരയം സ്വദേശി തോമസിന്റെ (59) മരണകാരണം കൊവിഡാണെന്ന് ഇന്നലെ സ്ഥിരീകരിച്ചു. ആലപ്പാട് അഴീക്കൽ, വലിയഴീക്കൽ, പണ്ടാരതുരുത്ത്, കൊല്ലം കാവനാട്, പുന്തലത്താഴം ഗുരുദേവ നഗർ, മതിലിൽ, തൃക്കരുവ കാഞ്ഞാവെളി, തേവലക്കര, കോയിവിള, നീണ്ടകര, പുത്തൻതുറ, മൈനാഗപ്പള്ളി വടക്ക്, അന്നൂർക്കാവ്, ചവറ, പട്ടത്താനം എന്നിവിടങ്ങളിലാണ് കൂടുതൽ പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ 26 പേർ രോഗമുക്തരായി. ഇതോടെ ജില്ലയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 2,696 ആയി.