കേരളം ഏറെ സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്ന ഏറ്റവും ജനകീയനായ നേതാവാണ് ഉമ്മൻചാണ്ടി. 11 തവണ തുടർച്ചയായി ഒരു നിയോജകമണ്ഡലത്തിൽ നിന്നു ജയിച്ചിട്ടുള്ള മറ്റൊരു കോൺഗ്രസ് നേതാവില്ല. കോൺഗ്രസിന് അഖിലേന്ത്യാതലത്തിലും ഇത് ആഹ്ലാദത്തിന്റെയും അഭിമാനത്തിന്റെയും മുഹൂർത്തമാണ്.
കേരളത്തെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടും അതനുസരിച്ച് കാര്യങ്ങൾ നടപ്പാക്കാനുള്ള ഇച്ഛാശക്തിയും ഉമ്മൻചാണ്ടിക്കുണ്ട്. പ്രശ്നങ്ങളുടെ മുന്നിൽ പകച്ചുനില്ക്കുകയോ, പരിഹാരമില്ലാതെ ഉഴലുകയോ ചെയ്യില്ല അദ്ദേഹം. ഭരണരംഗത്തും സംഘടനാരംഗത്തും അദ്ദേഹ ത്തിന്റെ തീരുമാനങ്ങൾക്ക് വ്യക്തതയുണ്ട്. കാര്യങ്ങൾ നീട്ടിക്കൊണ്ടു പോകുകയോ സങ്കീർണമാക്കുകയോ ചെയ്യാറില്ല. കാര്യങ്ങൾ നന്നായി നടക്കണമെന്നു മാത്രമല്ല അവ അതിവേഗത്തിലാകണമെന്നും അദ്ദേഹം ആഗ്രഹിക്കുന്നു.
അദ്ദേഹത്തെ വ്യക്തിപരമായി തകർക്കാൻ പ്രതിപക്ഷം വലിയ ശ്രമമാണ് നടത്തിയത്. കേരളത്തിൽ ഇത്രമാത്രം ആക്ഷേപങ്ങൾക്ക് ഇരയായ മറ്റൊരു നേതാവില്ല. എന്നാൽ തകർന്നു പോകുമായിരുന്ന അവസ്ഥയിൽ നിന്ന് ഉമ്മൻചാണ്ടി ചിറകടിച്ചുയർന്നു. ലക്ഷക്കണക്കിന് ആളുകളുടെ പ്രാർത്ഥനയും സ്നേഹവുമാണ് ഉമ്മൻചാണ്ടിയെ പൊതിഞ്ഞു നില്ക്കുന്നത്.
1977ൽ ഉമ്മൻചാണ്ടി തൊഴിൽ മന്ത്രിയായപ്പോൾ അന്നത്തെ ഏറ്റവും രൂക്ഷമായ പ്രശ്നം 15 ലക്ഷത്തോളം യുവാക്കളുടെ തൊഴിലില്ലായ്മയായിരുന്നു. യുവാക്കൾക്കായി അദ്ദേഹം തൊഴിലില്ലായ്മ വേതനം ഏർപ്പെടുത്തി. 81 ൽ, 80 ദിവസം ആഭ്യന്തരമന്ത്രിയായപ്പോഴാണ് പൊലീസ് യൂണിഫോം പാന്റ്സാക്കിയത്. 91ൽ ധനമന്ത്രിയായപ്പോഴാണ് കടംകയറിയ ഖജനാവിൽ പണം നിറച്ചത്. 101 കോടി രൂപ കമ്മിയുള്ള ട്രഷറിയാണു കിട്ടിയത്. മൂന്നുവർഷം കഴിഞ്ഞ് സ്ഥാനമൊഴിഞ്ഞപ്പോൾ 21.91 കോടി രൂപയായിരുന്നു മിച്ചം.
2004 ൽ മുഖ്യമന്ത്രിയായപ്പോൾ വികസനരംഗത്ത് കേരളം മെല്ലെപ്പോക്കിലാണെന്ന് തിരിച്ചറിഞ്ഞാണ് അതിവേഗം ബഹുദൂരം എന്ന മുദ്രാവാക്യം നെഞ്ചോടു ചേർത്ത്, കഠിനശ്രമങ്ങളിലൂടെ അദ്ദേഹം കർമനിരതനായത്. 100 ദിവസംകൊണ്ട് 100 പരിപാടികൾ
പ്രഖ്യാപിച്ച് നടപ്പാക്കിയപ്പോൾ വലിയ ആത്മവിശ്വാസമാണ് സംസ്ഥാനത്തിനു കിട്ടിയത്. വിഴിഞ്ഞം പദ്ധതിക്ക് ടെൻഡർ വിളിക്കുകയും കൊച്ചി മെട്രോ നടപ്പാക്കാൻ തീരുമാനിക്കുകയും ചെയ്തു. കണ്ണൂർ വിമാനത്താവള പദ്ധതിക്ക് അനുമതിയും നല്കി. സ്മാർട്ട് സിറ്റി പദ്ധതി വിഭാവനം ചെയ്തു. ജനസമ്പർക്ക പരിപാടി എന്ന വിസ്മയം തീർത്തു.
വെറും രണ്ടു സീറ്റിന്റെ ഭൂരിപക്ഷവുമായി ഉമ്മൻചാണ്ടി 2011ൽ വീണ്ടും അധികാരത്തിൽ വന്നപ്പോഴാണ് മേൽപ്പറഞ്ഞ പദ്ധതികളെല്ലാം വീണ്ടും സജീവമായത്. അവയെല്ലാം അവസാനഘട്ടത്തിലെത്തിച്ചാണ് സ്ഥാനമൊഴിഞ്ഞത്. പൊതുപ്രവർത്തനരംഗത്തെ അർപ്പണ മനോഭാവമാണ് ഭരണാധികാരിയെന്ന നിലയിൽ ഉമ്മൻചാണ്ടിയെ ഒന്നാം നിരയിലെത്തിച്ചത്.
പ്രതിപക്ഷത്തിന്റെ ശക്തമായ എതിർപ്പുകൾക്കെതിരെ ഇഞ്ചോടിഞ്ച് യുദ്ധം ചെയ്താണ് അദ്ദേഹം ലക്ഷ്യത്തിലെത്തിയത്. മൂന്ന് പ്രാവശ്യത്തെ ജനസമ്പർക്ക പരിപാടിയിലൂടെ 11.87 ലക്ഷം പേർക്കാണ് ആശ്വാസമെത്തിച്ചത്. കാരുണ്യ ലോട്ടറി, കോക്ലിയർ ഇംപ്ലാന്റേഷൻ, മൂന്ന് മെഡിക്കൽ കോളേജുകൾ, 34 ലക്ഷം പേർക്ക് ക്ഷേമപെൻഷൻ, പാവപ്പെട്ടവർക്ക് 4,14 ലക്ഷം വീടുകൾ, അങ്ങനെ ഉയരുന്നു ഉമ്മൻചാണ്ടിയുടെ കരുതലിന്റെ കൊടിയടയാളങ്ങൾ.