ഒരു മുതിർന്ന സഹപ്രവർത്തകൻ എന്നതിനെക്കാൾ ഒരു ജ്യേഷ്ഠ സഹോദരനാണ് എനിക്കെന്നും ഉമ്മൻചാണ്ടി. അദ്ദേഹം പ്രസിഡന്റായിരുന്ന കേരള വിദ്യാർത്ഥി യൂണിയന്റെ ഭാഗമായാണ് 1968-69 കാലത്ത് ചെന്നിത്തല മഹാത്മാ ഹൈസ്കൂളിൽ എട്ടാം ക്ളാസ് വിദ്യാർത്ഥിയായിരുന്ന ഞാൻ പൊതുപ്രവർത്തനത്തിലേക്ക് കാലെടുത്തു വച്ചത്. കോൺഗ്രസിന്റെ വിദ്യാർത്ഥി യുവജന പ്രസ്ഥാനങ്ങളെ കേരളത്തിന്റെ രാഷ്ട്രീയ ഭൂമികയിൽ പടുത്തുയർത്താൻ എ.കെ.ആന്റണിക്കും വയലാർ രവിക്കുമൊപ്പം അക്ഷീണം പ്രയത്നിച്ച വ്യക്തിയാണ് ഉമ്മൻചാണ്ടി. അദ്ദേഹമുൾപ്പെടെയുള്ളവർ പടുത്തുയർത്തിയ ആ പ്രസ്ഥാനങ്ങളിലൂടെയാണ് ഞാനടക്കമുളള തലമുറ പൊതുപ്രവർത്തനത്തിൽ സജീവമായത്.
2005 ൽ അദ്ദേഹം മുഖ്യമന്ത്രിയായപ്പോഴാണ് കെ.പി.സി.സി അദ്ധ്യക്ഷന്റെ ചുമതലയേറ്റെടുത്ത് ഞാൻ വീണ്ടും കേരളത്തിലെത്തുന്നത്. അന്നു മുതൽ ഈ നിമിഷം വരെ എന്റെ എല്ലാ പ്രവർത്തനങ്ങളിലും അദ്ദേഹത്തിന്റെ അകമഴിഞ്ഞ പിന്തുണയുണ്ട്. കേരളത്തിന്റെ മുഖച്ഛഛായ മാറ്റിയ നിരവധി പദ്ധതികൾക്ക് തുടക്കമിടാൻ അദ്ദേഹം മുഖ്യമന്ത്രിയായിരുന്ന കാലയളവിൽ കഴിഞ്ഞു. ജനങ്ങളിൽ നിന്ന് ഉയർന്നു വരികയും അവർക്കൊപ്പം നിലകൊള്ളുകയും ചെയ്തതുകൊണ്ടാണ് ജനസമ്പർക്ക പരിപാടി പോലെ ആഗോള അംഗീകാരം നേടിയ പദ്ധതികൾ ആവിഷ്കരിക്കാനും നടപ്പാക്കാനും അദ്ദേഹത്തിനു കഴിഞ്ഞത്. കേരളത്തിന്റ മുഖച്ഛായ മാറ്റുന്ന ഒട്ടേറെ വികസന പ്രവർത്തനങ്ങൾക്കു തുടക്കമിട്ടത് അദ്ദേഹം മുഖ്യമന്ത്രിയായിരുന്ന കാലയളവിലായിരുന്നു. ജനങ്ങൾക്കൊപ്പം തോളോടുതോൾ ചേർന്ന് ജനകീയനായി എങ്ങനെ ഒരു മുഖ്യമന്ത്രിക്ക് പ്രവർത്തിക്കാമെന്ന് അദ്ദേഹം കാട്ടിത്തന്നു. നിയമസഭാ പ്രവേശനത്തിന്റെ സുവർണജൂബിലി ആഘോഷിക്കുന്ന ഉമ്മൻചാണ്ടിക്ക് എല്ലാ ആശംസകളും ആയുരാരോഗ്യ സൗഖ്യവും നേരുന്നു.