തൃശൂർ:ഈ മാസം 21 മുതൽ കൂടുതൽ ഇളവുകൾ വരുന്നതോടെ നിരവധി അന്യസംസ്ഥാന തൊഴിലാളികൾ തിരിച്ചെത്തുമ്പോൾ കൊവിഡ് പ്രതിരോധപ്രവർത്തനം ശക്തമാക്കാനുള്ള മാർഗ നിർദ്ദേശങ്ങൾ പൊതുഭരണവകുപ്പ് പുറത്തിറക്കി. തൊഴിലാളികൾ കൊവിഡ് ജാഗ്രതാ പോർട്ടലിൽ നിർബന്ധമായും പേരുവിവരം രജിസ്റ്റർ ചെയ്യണം. പോർട്ടലിൽ നൽകുന്ന വിവരം തൊഴിൽ വകുപ്പിന്റെ അതിഥി പോർട്ടലിലും ലഭ്യമാകുന്നതിനാവശ്യമായ നടപടി തൊഴിൽവകുപ്പ് സ്വീകരിക്കും.
അന്യസംസ്ഥാന തൊഴിലാളികളുടെ പരിശോധനകളുടെ അടക്കം ചെലവ് പൂർണമായും കരാറുകാർ വഹിക്കണം. കരാറുകാർ മുഖേനയല്ലാതെ വരുന്ന തൊഴിലാളികൾ ക്വാറന്റൈനും പരിശോധനയും സ്വന്തം ചെലവിൽ വഹിക്കണം. വിവിധ പദ്ധതികളിൽ സാങ്കേതിക സഹായത്തിനും കൺസൾട്ടൻസി സേവനങ്ങൾക്കും വരുന്നവർക്കുള്ള താമസസൗകര്യം കരാറുകാരൻ ഉറപ്പാക്കണം. ഇത്തരത്തിലെത്തുന്നവർ 96 മണിക്കൂറിനകം ആന്റിജൻ/ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തിയിരിക്കണം. ഇവർക്ക് കൊവിഡ് മാനദണ്ഡം പാലിച്ചുളള താമസ സൗകര്യം പദ്ധതി പ്രദേശത്തിന് സമീപം കരാറുകാരൻ ഒരുക്കണം. കൊവിഡ് പോസിറ്റിവ് സ്ഥിരീകരിക്കുന്ന തൊഴിലാളികളുടെ വിവരം ജില്ല ഭരണകൂടത്തിനെയോ, ആരോഗ്യ വകുപ്പിനെയോ അറിയിക്കണം. തൊഴിലാളികൾക്ക് ആർക്കെങ്കിലും ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ടെസ്റ്റ് നടത്തുകയും വിവരം ആരോഗ്യ വകുപ്പിന്റെ ദിശ1056 നമ്പറിൽ അറിയിക്കുകയും വേണം. തിരികെയെത്തുന്നവർ ക്വാറന്റൈൻ പാലിക്കുന്നുണ്ടെന്ന് തദ്ദേശസ്വയഭരണ സ്ഥാപനങ്ങളും തൊഴിൽ വകുപ്പും ഉറപ്പുവരുത്തണം.
അന്യസംസ്ഥാന തൊഴിലാളികളുടെ കുറവ് നിർമ്മാണമേഖലയിലും കാർഷികമേഖലയിലും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. പാടങ്ങളിൽ നടീൽ ഉൾപ്പെടെയുള്ള പണികൾ തുടങ്ങാറായി. തമിഴ്നാട്, ബംഗാൾ, അസം, ബിഹാർ എന്നിവിടങ്ങളിൽ നിന്നുള്ള തൊഴിലാളികളാണ് ഈ പണികൾ ഭൂരിഭാഗവും ചെയ്തിരുന്നത്.
....................................................................
ജില്ലയിൽ മാർച്ചിൽ ഉണ്ടായിരുന്ന അന്യസംസ്ഥാന തൊഴിലാളികൾ: 50,000
മടങ്ങിപ്പോയവർ: 30,000
ഈയിടെ തിരിച്ചെത്തിയത്: 7001000
(തൊഴിൽവകുപ്പിന്റെ കണക്കിൽ)
................................
പ്രധാന മാർഗനിർദ്ദേശങ്ങൾ:
# തിരിച്ചെത്തുന്ന തൊഴിലാളികൾ 14 ദിവസം ക്വാറന്റൈനിൽ പോകണം.
# തൊഴിലാളി എത്തുന്ന സ്ഥലത്തെ തദ്ദേശസ്ഥാപനം ക്വാറന്റൈൻ സൗകര്യങ്ങൾ പരിശോധിക്കണം.
# തദ്ദേശ സ്ഥാപനം പോർട്ടലിൽ വിവരം രേഖപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാകും അനുമതി നൽകുക.
# ക്വാറന്റൈനിനായി വൃത്തിയും സുരക്ഷിതവുമായ കേന്ദ്രം കരാറുകാർ ഉറപ്പാക്കണം.
# കൊവിഡ് ടെസ്റ്റ് സർട്ടിഫിക്കറ്റ് ഇല്ലാതെ വരുന്ന തൊഴിലാളികൾ അഞ്ച് ദിവസത്തിനകം ആന്റിജൻ ടെസ്റ്റിന് വിധേയരാകണം.
.......................................
'' അന്യസംസ്ഥാന തൊഴിലാളികളുടെ വലിയൊരു കുത്തൊഴുക്ക് പ്രതീക്ഷിക്കുന്നില്ലെങ്കിലും അടുത്തമാസത്തിനകം ആറായിരത്തോളം പേരെങ്കിലും വരുമെന്നാണ് കരുതുന്നത്. ''
- ടി.ആർ. രജീഷ്, ജില്ലാ ലേബർ ഓഫീസർ
............................................
'' കൊവിഡിന്റെ പ്രാരംഭഘട്ടത്തിൽ തന്നെ അന്യസംസ്ഥാന തൊഴിലാളികളുടെ ആരോഗ്യ സംരക്ഷണത്തിന് ആയുഷ് വകുപ്പ് 'ആയുർരക്ഷ' നടത്തിയിരുന്നു. ക്വാറന്റൈനിലുള്ളവർക്ക് ഇപ്പോഴും മരുന്ന് ലഭ്യമാക്കുന്നുണ്ട്. ആയുർവേദ മരുന്ന് ഉപയോഗിക്കാൻ സന്നദ്ധരായവർക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ആരോഗ്യപ്രവർത്തകരും വഴി ആയുർവേദ ഡിസ്പെൻസറികളിലെ മെഡിക്കൽ ഓഫീസർമാർ മരുന്നുകൾ ലഭ്യമാക്കുന്നുണ്ട്. ''
- ഡോ. പി.ആർ. സലജകുമാരി, ജില്ലാ മെഡിക്കൽ ഓഫീസർ, ഭാരതീയ ചികിത്സാവകുപ്പ്