കൊച്ചി : മിസോറം യുവതാരം ലാൽതതങ്ക ഖോൾഹ്രിംഗ് നോർത്ത് ഈസ്റ്റ് യുണൈറ്റഡിൽ നിന്ന് കേരള ബ്ലാസ്റ്റേഴ്സിലെത്തി. പ്യൂട്ടിയ എന്നറിയപ്പെടുന്ന 22 കാരനായ താരം സെന്റർ മിഡ്ഫീൽഡിലും വിംഗുകളിലും പ്രാഗത്ഭ്യം തെളിയിച്ചിട്ടുണ്ട്. മിസോറം പ്രീമിയർ ലീഗിൽ ബെത്ലഹേം വെങ്ത്ലാംഗ് ക്ലബിന് വേണ്ടി കളിച്ചാണ് ഫുട്ബാൾ ജീവിതം തുടങ്ങുന്നത്. പിന്നീട് ഡി.എസ്.കെ ശിവാജിയൻസ് യൂത്ത് ടീമിന് വേണ്ടി കളിച്ച പ്യൂട്ടിയ അതേ വർഷം സീനിയർ ടീമിലും ഇടം നേടി. 2017-18 ഐ ലീഗ് സീസണിൽ ഐസ്വാൾ എഫ്.സിക്കായി കളിച്ചു. തുടർന്ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനായി കഴിഞ്ഞ രണ്ട് സീസണുകളിലുമായി 29 തവണ കളത്തിലിറങ്ങി. സാഹചര്യങ്ങളോടുള്ള പൊരുത്തപ്പെടലും സ്ഫോടനാത്മക വേഗതയുമാണ് പ്യൂട്ടിയയുടെ പ്ലസ് പോയിന്റ്.
ബ്ലാസ്റ്റേഴ്സ് കുടുംബത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്. ഇന്ത്യയിലെ ഏറ്റവും മികച്ച ആരാധകവൃന്ദങ്ങളുള്ള ടീമിൽ കളിക്കുക എന്നത് സ്വപ്ന സാക്ഷാത്കാരമാണ്. എന്നെപ്പോലെ തന്നെ ക്ലബും ആരാധകരും വിജയത്തിനായി കൊതിക്കുകയാണ് . ഞങ്ങളുടെ ടീം വർക്ക്, ദൈവത്തിന്റെ സ്വന്തം നാടിന്റെ പിന്തുണ, ദൈവകൃപ എന്നിവയാൽ, ഐ.എസ്.എൽ ട്രോഫി കേരളത്തിലേക്ക് കൊണ്ടുവരാൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു. അതുകൊണ്ടാണ് ഞാൻ ഇവിടെയുള്ളത്. എന്റെ പുതിയ ടീമംഗങ്ങൾ, പരിശീലകർ, സപ്പോർട്ട് സ്റ്റാഫ് എന്നിവരോടൊപ്പം ചേരാനും സീസൺ തുടങ്ങുന്നതിനും വിജയം നേടാനും എനിക്ക് ഇനി കാത്തിരിക്കാനാവില്ല. ഇനി എന്നും യെല്ലോ, ഇന്നി ഇന് എന്നും ബ്ലാസ്റ്റേഴ്സ്.
പ്യൂട്ടിയ
പ്യൂട്ടിയ ഇന്നത്തെ തലമുറ ഫുട്ബാൾ താരങ്ങളുടെ ഭാഗമാണ്. ഇടത് കാൽ കൊണ്ട് കളിക്കുന്ന പ്യൂട്ടിയയ്ക്ക് മിഡ്ഫീൽഡിൽ വിവിധ പൊസിഷനുകളിലും, സെന്ററിലും ഔട്ട്വൈഡിലും തന്റെ കഴിവ് പുറത്തെടുക്കാനാകും. എല്ലാത്തിനുമുപരി കളിക്കളത്തിൽ വലിയ കാഴ്ചപ്പാടും സാങ്കേതികത്തികവുമുള്ള ആളാണ് പ്യൂട്ടിയ. അദ്ദേഹം ടീമിന് ഒരു മുതൽക്കൂട്ടാണെന്ന് മാത്രമല്ല ക്ലബിനൊപ്പം അദ്ദേഹത്തിന് മികച്ച ഭാവിയുണ്ടെന്നും ഞാൻ വിശ്വസിക്കുന്നു.
ഇഷ്ഫാക്ക് അഹമ്മദ്ബ്ലാസ്റ്റേഴ്സ് അസി.കോച്ച്