തിരുവനന്തപുരം: കനത്ത മഴയിൽ നെൽപ്പാടങ്ങൾ വെള്ളത്തിലായതോടെ കർഷകരുടെ പ്രതീക്ഷകളും സ്വപ്നങ്ങളും കണ്ണീരിലായി. കടംവാങ്ങിയും പലിശയ്ക്കെടുത്തുമാണ് മിക്ക കർഷകരും കൃഷിയിറക്കിയത്. കൃഷി നശിച്ചതോടെ വായ്പ തിരിച്ചടവും മുടങ്ങി. കൃഷിയെ ആശ്രയിച്ച് ജീവിക്കുന്ന ധാരാളം കർഷകരാണ് ജില്ലയിലുള്ളത്. പക്ഷേ കനത്ത മഴയിൽ വിളവെടുക്കാറായ നെല്ല്, വാഴ, കിഴങ്ങുവർഗം, പച്ചക്കറി തുടങ്ങിയ കൃഷികൾ വെള്ളം കയറി നശിക്കുകയായിരുന്നു. വെള്ളത്തിലായ നെൽക്കതിരുകൾ മുളച്ചുതുടങ്ങി. വാഴ, മരച്ചീനി, പയർ, വെണ്ട, ചീര തുടങ്ങിയവയും, പത്തുപറ കണ്ടത്തിലെ നെൽക്കൃഷിയും പൂർണമായും നശിച്ചു. മഴ മാറുമെന്നും പാടങ്ങളിൽ നിന്ന് വെള്ളമിറങ്ങുമെന്നുമുള്ള പ്രതീക്ഷയിലാണ് കർഷകർ. വെള്ളമിറങ്ങിയാൽ കുറച്ച് കറ്റകൾ കൊയ്യാനാകും. എന്നാൽ മഴ തുടർന്നാൽ വൻ സാമ്പത്തിക ബാദ്ധ്യത കർഷകർക്കുണ്ടാകും. സമയാസമയങ്ങളിൽ തോടുകളും നീർച്ചാലുകളും വൃത്തിയാക്കി ഒഴുക്ക് സുഗമമാക്കാത്തതിനാലാണ് പാടങ്ങളിൽ വെള്ളം കയറുന്നത്.