തൃശൂർ: പണിയില്ലായ്മയുടെയും പണമില്ലായ്മയുടെയും കാലത്ത് പണിക്കുറവില്ലെങ്കിലും അതിജീവനമെന്ന മറുകരയ്ക്കായി തുഴയുകയാണ് സെക്യൂരിറ്റി ജീവനക്കാർ. രാത്രികാലങ്ങളിലും അതീവ സുരക്ഷ ആവശ്യമുള്ളിടത്തും ജോലിയെടുക്കുന്നവർക്ക് ഒരു സി.സി.ടി.വി കാമറയ്ക്ക് അപ്പുറമുള്ള സുരക്ഷയോ നിയമ പരിരക്ഷയോ ഇല്ല. കൊവിഡ് കാലത്തും ശമ്പള ബാക്കിക്കായി അലയുന്നവരും ഏറെ. ജില്ലയിൽ മാത്രം പതിനായിരത്തിലേറെ സെക്യൂരിറ്റി ജീവനക്കാർ ഉണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. സംസ്ഥാനത്തൊട്ടാകെയത് ഏകദേശം രണ്ടുലക്ഷം പേർ വരും. പണമിടപാട് സ്ഥാപനങ്ങൾ, എ.ടി.എം, ബാങ്കുകൾ, ജ്വല്ലറി, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലാണ് ഭൂരിഭാഗവും തൊഴിലെടുക്കുന്നത്.
ഏജൻസികളുടെ ചൂഷണം
സെക്യൂരിറ്റി ഏജൻസി നടത്തിപ്പുകാരാണ് തൊഴിലാളികളെ ചൂഷണം ചെയ്യുന്നത്. സ്ഥാപനങ്ങൾ നൽകുന്ന തുകയിൽ നിന്നും 30 മുതൽ 60 ശതമാനം വരെ കമ്മിഷൻ എടുത്ത് തുച്ഛമായ തുകയാണ് തൊഴിലാളികൾക്ക് നൽകുക. 5,000 മുതൽ 12,000 രൂപ വരെയാണ് തൊഴിലാളികൾക്ക് ലഭിക്കുക. കൂൺ പോലെ മുളച്ചുപൊങ്ങുന്ന ഏജൻസികളെ നിരീക്ഷിക്കുന്നതിനോ മാനദണ്ഡങ്ങൾ കൊണ്ടുവരുന്നതിനോ ഒരു നടപടിയുമുണ്ടാകുന്നുമില്ല.
സാമൂഹിക സാഹചര്യം
സെക്യൂരിറ്റി മേഖലയിലേക്ക് വരുന്നവരിൽ മിക്കവരും 50 വയസിന് മുകളിലുള്ളവരാണ്. മക്കളില്ലാത്തവരോ മക്കൾ ഉപേക്ഷിച്ചവരോ സ്ഥിരം തൊഴിലിൽ നിന്ന് ശാരീരിക അവശത കൊണ്ട് മാറിനിൽക്കുന്നവരോ ആണ് ഇക്കൂട്ടത്തിലേറെ.
വയസായ അമ്മമാരെ പേരക്കുട്ടികളെ പരിപാലിക്കുന്നതിനും മറ്റുമായി മക്കൾ നോക്കുമെങ്കിലും വൃദ്ധരായ പുരുഷന്മാർ പടിക്ക് പുറത്താണ്. വാർദ്ധക്യ കാലത്ത് കിട്ടുന്ന തുക മതിയെന്ന മനോഭാവവും മറ്റാരും തുണയില്ലെന്ന നിസഹായതയുമാണ് ഇവരെ അലട്ടുന്നത്.
കൊവിഡ് ദുരിതകാലം
കൊവിഡ് കാലത്ത് ഡ്യൂട്ടി മാറുന്നതിന് പോലും സാഹചര്യമില്ല. ഒരിടത്ത് ജോലിക്കെത്തിയാൽ മാസങ്ങളോളം അവിടെ കഴിയേണ്ട അവസ്ഥയാണ്. പലപ്പോഴും ഭക്ഷണം പോലും ലഭിക്കാത്ത സ്ഥിതി വിശേഷമാണ്. ലഭിക്കുന്ന തുച്ഛമായ തുക പോലും പലരും നിഷേധിച്ചെന്നും തൊഴിലാളികൾ പറയുന്നു.
ഏജൻസികളുടെ ചൂഷണങ്ങൾ
സ്ഥാപനങ്ങളുമായി നിശ്ചയിക്കുന്ന ശമ്പളത്തിന്റെ 30 - 60 % കമ്മിഷൻ
ലീവ്, ഓഫ് തുടങ്ങിയ ആനുകൂല്യങ്ങളില്ല, അവധിക്ക് ശമ്പളം പിടിക്കും
അതീവ സുരക്ഷാ മേഖലകളിൽ പോലും ഇൻഷ്വറൻസ്, ചികിത്സാ ആനുകൂല്യം ഇല്ല
പ്രായം കൂടും തോറും ചൂഷണത്തോത് കൂടും, ശമ്പളത്തിന് മാനദണ്ഡങ്ങളില്ല
സ്ഥാപനങ്ങളുമായി തൊഴിലാളികൾ അടുത്താൽ തൊഴിലാളികളെ സ്ഥലം മാറ്റും
സർക്കാരിൽ നിന്ന് അവഗണന
സെക്യൂരിറ്റി ജീവനക്കാരുടെ എണ്ണം കൃത്യമായി തിട്ടപ്പെടുത്തിയിട്ടില്ല
സെക്യൂരിറ്റി ജീവനക്കാർക്ക് ക്ഷേമനിധി, പെൻഷൻ മറ്റ് ആനുകൂല്യങ്ങളില്ല
ഏജൻസികളുടെ രജിസ്ട്രേഷൻ, പ്രവർത്തനം എന്നിവ നിയന്ത്രിക്കുന്നില്ല
ശമ്പളം, ഏജൻസി കമ്മിഷൻ എന്നിവയ്ക്ക് മാനദണ്ഡം ഇല്ല
തൊഴിലാളി സംഘടനകളില്ല, കൂടുതലും വയോധികരായതിനാൽ അവഗണന
" വയസുകാലത്ത് വൃദ്ധസദനത്തിൽ പോകാതെ സ്വന്തം കാലിൽ നിൽക്കാൻ ശ്രമിക്കുന്നവരാണ് മിക്ക സെക്യൂരിറ്റി ജീവനക്കാരും. ഈ സാഹചര്യം മുതലെടുത്ത് ചൂഷണത്തിന് ഇരയാക്കുകയാണ് ഏജൻസികൾ. ഏജൻസികൾക്ക് കൃത്യമായ രജിസ്ട്രേഷനും മാനദണ്ഡങ്ങളും കൊണ്ടുവന്നില്ലെങ്കിൽ വയോധികരെ പീഡിപ്പിക്കുന്ന സംവിധാനമാകും അത്.
ഫ്രാൻസിസ് പുലിക്കോട്ടിൽ
സംസ്ഥാന പ്രസിഡന്റ്, കേരള സെക്യൂരിറ്റി സ്റ്റാഫ് അസോ.