തിരുവനന്തപുരം: ഇത്തവണത്തെ ഓണം ബംപർ ലോട്ടറി ടിക്കറ്റ് വില്പനയിൽ വൻ കുതിപ്പ്. 300 രൂപ വിലയുള്ള ടിക്കറ്റ് 42 ലക്ഷമാണ് ഇതുവരെ വിറ്റഴിഞ്ഞത്. സ്റ്റോക്ക് തീർന്നതോടെ രണ്ട് ലക്ഷം ലോട്ടറി ടിക്കറ്റുകൾ കൂടി അടിച്ച് വിതരണം ചെയ്യുകയാണെന്ന് അധികൃതർ പറഞ്ഞു.
കൊവിഡ് മൂലം പിന്നാക്കം പോയ ലോട്ടറി വില്പന വെല്ലുവിളികളെ അതിജീവിച്ചതായാണ് വിലയിരുത്തൽ. കഴിഞ്ഞ തവണ കൂട്ടമായി ടിക്കടിക്കറ്റ് എടുത്ത സ്വർണക്കടയിലെ ജീവനക്കാർക്ക് ഓണം ബംപർ അടിച്ചതോടെ നാലും അഞ്ചും പേർ ചേർന്ന് ലോട്ടറി ടിക്കറ്ര് എടുക്കുന്ന രീതിയും വ്യാപകമാവുന്നുണ്ട്. 12 കോടി രൂപയാണ് ഒന്നാം സമ്മാനം. നികുതിയും മറ്റും കുറച്ചാൽ ഏഴര കോടിയോളം ജേതാവിന്റെ കൈയിലെത്തും. നറുക്കെടുപ്പ് 20ന് ഉച്ചയ്ക്ക് രണ്ട് മണിക്കാണ്. നറുക്കെടുപ്പ് ഞായറാഴ്ചയാകുന്നത് അവസാന നിമിഷത്തിലെ ടിക്കറ്റ് വില്പനയെ ബാധിക്കുമെന്നതിനാൽ മറ്റൊരു ദിവസത്തേക്കാക്കണമെന്ന് വിവിധ സംഘടനകളും യൂണിയനുകളും ആവശ്യപ്പെട്ടിട്ടുണ്ട്. സോഫ്ട് വെയറിലെ പോരായ്മകൾ പരിഹരിച്ചു വരുന്നതിനാൽ ഇപ്പോൾ തീയതി മാറ്റുന്നത് ബുദ്ധിമുട്ടാവുമെന്നാണ് എൻ.ഐ.സി പറയുന്നത്.
പുതുതായി ക്യൂ.ആർ കോഡ് സ്ഥാപിച്ചതുകൊണ്ടാണ് ഈ ബുദ്ധിമുട്ടെന്നും ഇതിന്റെ ആവശ്യമില്ലായിരുന്നെന്നും ചിലർ വാദിക്കുന്നു. നേരത്തെ സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കെൽട്രോണാണ് ബാർ കോഡ് ചെയ്തത്. കെൽട്രോണിനെ ഒഴിവാക്കി കേന്ദ്രസർക്കാർ സ്ഥാപനമായ എൻ.ഐ.സിയെ ക്യു ആർ കോഡ് ഉണ്ടാക്കാൻ ഏല്പിക്കുകയായിരുന്നു. ആഴ്ചയിൽ മൂന്ന് ദിവസം നറുക്കെടുക്കുന്നത് അടുത്ത മാസം മുതൽ നാലാക്കി മാറ്റും.