കണ്ണൂർ: ദേശീയ അന്വേഷണ ഏജൻസിയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ചോദ്യം ചെയ്ത് കൊണ്ടിരിക്കുന്ന ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീലിനെ പ്രതീകാത്മകമായി ജയിലിലടച്ച് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂരിൽ പ്രതിഷേധ മാർച്ചും ദേശീയപാത ഉപരോധവും നടത്തി. മന്ത്രിയെ ഇരുമ്പഴിക്കുള്ളിലാക്കിയ പ്രതീകാത്മക രൂപവുമേന്തി കളക്ടറേറ്റിനു മുന്നിലേക്ക് പ്രകടനമായി എത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ എസ്.പി ഓഫീസിനു മുന്നിൽ വരെ പ്രകടനം നടത്തി തിരിച്ചുവന്ന് ഗാന്ധി സ്ക്വയറിന് സമീപം ദേശീയപാത ഉപരോധിച്ചു.
സമരത്തിന് സമീപത്ത് നിലയുറപ്പിച്ച പൊലീസ് സർക്കിൾ ഇൻസ്പെക്ടർക്ക് പ്രതിയായ മന്ത്രിയെ കൈമാറാൻ ശ്രമിച്ചപ്പോൾ അദ്ദേഹം സ്വീകരിക്കാൻ തയ്യാറാകാതിരുന്നതിനാൽ മന്ത്രി കെ.ടി .ജലീലിന്റെ മുഖചിത്രവും മന്ത്രിയെ ജയിലറക്കുള്ളിലാക്കിയ ഒൻപതാം നമ്പർ സെല്ലും ജില്ലാ മജിസ്ട്രേറ്റിന്റെ ഓഫീസ് കൂടിയായ ജില്ലാ കളക്ട്രേറ്റിലേക്ക് എറിയുകയും ചെയ്തു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സുദീപ് ജെയിംസ്, സംസ്ഥാന സെക്രട്ടറി കെ. കമൽജിത്ത്, ജില്ലാ ഭാരവാഹികളായ വി. രാഹുൽ, പ്രിനിൽ മതുക്കോത്ത്, പി. ഇമ്രാൻ എന്നിവർ നേതൃത്വം നൽകി.