കൊല്ലം: അയൽവാസികൾ തമ്മിലുണ്ടായ തർക്കത്തിനിടെ വിറക് കൊള്ളിക്ക് തലയ്ക്കടിയേറ്റ് ഗൃഹനാഥൻ മരിച്ച കേസിൽ പൊലീസ് കൊലക്കുറ്റം ചുമത്തിയ കൊല്ലം പോളയത്തോട് നാഷണൽ നഗർ 64ൽ ലൈല (46) മുൻകൂർ ജാമ്യത്തിന് ഹൈക്കോടതിയെ സമീപിച്ചു.
കൊല്ലം പോളയത്തോട് നാഷണൽ നഗർ 10ൽ ഷാഫിയാണ് (60) ചികിത്സയിലിരിക്കെ മരിച്ചത്.
കഴിഞ്ഞ മാസം 25ന് ലൈലയും ഷാഫിയുടെ മകനും തമ്മിലുണ്ടായ സംസാരത്തിനിടെ അവിടേക്ക് എത്തിയ ഷാഫിയെ ലൈല വിറക് കൊള്ളിക്ക് തലയ്ക്ക് എറിയുകയായിരുന്നു. രണ്ട് ദിവസത്തിന് ശേഷം അബോധവാസ്ഥയിലായ ഷാഫി ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസമാണ് മരിച്ചത്. ഷാഫി മരിച്ചതിന് പിന്നാലെയാണ് ലൈലയ്ക്കെതിരെ കൊലക്കുറ്റം ചുമത്തിയത്. ജാമ്യ ഹർജിയിൽ പൊലീസ് റിപ്പോർട്ട് നൽകാൻ ഹൈക്കോടതി കൊല്ലം ഈസ്റ്റ് പൊലീസിനോട് ആവശ്യപ്പെട്ടു. ഈ മാസം അവസാനത്തോടെ പൊലീസ് റിപ്പോർട്ട് കൂടി ലഭിച്ച ശേഷം ഹർജിയിൽ കോടതി തീരുമാനമെടുത്തേക്കും.