വടക്കഞ്ചേരി: റേഷനരി വാങ്ങി പോളിഷ് ചെയ്ത് വിപണിയിലെത്തിക്കുന്ന മാഫിയകൾ ഒരിടവേളയ്ക്ക് ശേഷം വീണ്ടും സജീവമാകുന്നു. ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ മുൻഗണനാ കാർഡുടമകൾക്ക് അനുവദിച്ച സൗജന്യ റേഷനാണ് അരിമാഫിയകൾ കിലോയ്ക്ക് 12 രൂപ നൽകി വാങ്ങി വിറ്റ് കൊള്ളലാഭം കൊയ്യുന്നത്. മുൻ കാലങ്ങളിൽ കിഴക്കൻ മേഖലയിലെ അതിർത്തി ഗ്രാമങ്ങൾ കേന്ദ്രീകരിച്ച് മാത്രം പ്രവർത്തിച്ചിരുന്നവർ ഇപ്പോൾ ജില്ലയിലെ പലയിടത്തേക്കും വ്യാപിച്ചിട്ടുണ്ട്.
മുൻഗണനാവിഭാഗത്തിൽ അനധികൃതമായി കയറിക്കൂടിയവർക്കെതിരെ നടപടിയെടുക്കുന്നതായി അധികൃതർ പറയുമ്പോഴാണ് സർക്കാർ ആനൂകൂല്യം കൈപ്പറ്റിയ ആളുകൾ റേഷൻ മറിച്ചുവിൽക്കുന്നത്. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് കഴിഞ്ഞ ഏപ്രിൽ മുതലാണ് സർക്കാരുകൾ സൗജന്യ അരിയും ധാന്യങ്ങളും വിതരണം ചെയ്യാൻ തുടങ്ങിയത്. നവംബർവരെ ഇത് തുടരും. റേഷൻ വാങ്ങിയില്ലെങ്കിൽ പല ആനുകൂല്യങ്ങളും ഇല്ലാതാകുമെന്ന ആശങ്കയിൽ ആവശ്യമല്ലെങ്കിലും കാർഡ് ഉടമകൾ ഭൂരിഭാഗവും റേഷനരി വാങ്ങുന്നുണ്ട്. ഇവരിൽ ഒരുഭാഗം പക്ഷേ, ഈ അരി ഉപയോഗിക്കാറില്ല. ഇവരാണ് അരിമാഫിയകൾക്ക് വിറ്റ് കാശാക്കുന്നത്. മട്ട - വെള്ള അരികൾക്ക് ഓരോ വിലയാണ് ഈടാക്കുന്നത്. ഇങ്ങനെ വാങ്ങുന്ന അരി സ്വകാര്യ മില്ലിലെത്തിച്ച് പോളിഷ് ചെയ്ത് വിപണിയിലെത്തിക്കും. 35 രൂപ മുതൽ 50 രൂപവരെയാണ് ഇതിന് വിപണിവില.
മുന്നറിയിപ്പ് നൽകി, ഫലമുണ്ടായില്ല
മാസങ്ങൾക്ക് മുമ്പ് തന്നെ അരിമാഫിയകളെ സംബന്ധിച്ച് ക്രൈംബ്രാഞ്ച് സിവിൽ സപ്ലൈസ് അധികൃതർക്ക് അറിയിപ്പ് നൽകിയിരുന്നു. തുടർന്ന് അനധികൃതരെ കണ്ടെത്താനുള്ള ശ്രമം നടന്നെങ്കിലും ഫലംകണ്ടില്ല എന്നതാണ് യാഥാർത്ഥ്യം.
അന്ത്യയോജന അന്നയോജന കാർഡിൽ ഉൾപ്പെട്ടവർക്ക് സംസ്ഥാന സർക്കാരിന്റെ വിഹിതമായി കാർഡിന് 30 കിലോ അരിയും അഞ്ച് കിലോ ഗോതമ്പും സൗജന്യമായി നൽകുന്നുണ്ട്. കേന്ദ്രസർക്കാരിന്റെ പി.എം.ജി.കെ.എ.വൈ പദ്ധതി പ്രകാരം കാർഡിലെ ഓരോ അംഗത്തിനും നാലുകിലോ അരിയും ഒരുകിലോ ഗോതമ്പും സൗജന്യമായി ലഭിക്കും.
മുൻഗണന വിഭാഗത്തിൽപെട്ട മറ്റുള്ളവർക്ക് കാർഡിലെ ഓരോ അംഗത്തിനും നാലുകിലോ അരിയും ഒരുകിലോ ഗോതമ്പും കിലോയ്ക്ക് രണ്ടുരൂപ നിരക്കിൽ സംസ്ഥാന സർക്കാർ നൽകുന്നുണ്ട്. കേന്ദ്രസർക്കാർ ഓരോ അംഗത്തിനും നാലുകിലോ അരിയും ഒരു കിലോ ഗോതമ്പും നൽകുന്നുണ്ട്.
പൊതുവിഭാഗം സബ്സിഡി കാർഡുകാർക്ക് ഓരോ അംഗത്തിനും രണ്ടുകിലോ അരിവീതം കിലോഗ്രാമിന് നാലുരൂപ നിരക്കിൽ നൽകുന്നുണ്ട്. പൊതുവിഭാഗത്തിന് മൂന്നുകിലോ അരി കിലോയ്ക്ക് 10.90 രൂപ നിരക്കിലാണ് സെപ്തംബറിൽ നൽകുന്നത്.