വാഷിംഗ്ടൺ: കൊവിഡ് മൂലം വർക്ക് ഫ്രം ഹോം എന്ന ആശയം ഇപ്പോൾ ജനകീയമാണ്. എന്നാൽ, വീട്ടിലിരുന്നുള്ള ജോലി അത്ര നിസാരമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് ശാസ്ത്രജ്ഞയായ ഗ്രെച്ചെൻ ഗോൾഡ്മാൻ.
അമേരിക്കയിലെ കാലാവസ്ഥാ വ്യതിയാന നേതൃത്വത്തിന്റെ ഭാവിയെക്കുറിച്ച് സംസാരിക്കാൻ സി.എൻ.എന്നിൽ പ്രത്യക്ഷപ്പെട്ടതായിരുന്നു ഗ്രെച്ചെൻ. ഒറ്റനോട്ടത്തിൽ യാതൊരു കുഴപ്പവും തോന്നിക്കാത്ത വിധത്തിലാണ് ഗ്രെച്ചെന്റെ അവതരണം. വസ്ത്രത്തിലും വീടിനകത്തും പ്രൊഫഷണലിസം. വൃത്തിയുള്ള സോഫയും ഭിത്തിയിലെ കുടുംബ ചിത്രങ്ങളുമൊക്കെ കാണാമായിരുന്നു. എന്നാൽ കാമറാ കണ്ണുകളിൽപ്പെടാത്ത വീടിന്റെ മറ്റു ഭാഗങ്ങളുടെ ചിത്രം ഗ്രെച്ചെൻ വെളിപ്പെടുത്തിയപ്പോൾ കണ്ടവരൊക്കെ ഞെട്ടി.
മഞ്ഞ നിറത്തിലുള്ള ബ്ലേസറിന് കീഴെ വെറുമൊരു ഷോർട്സ് മാത്രമാണ് ഗ്രെച്ചെൻ ധരിച്ചിരിക്കുന്നത്. കളിപ്പാട്ടങ്ങളും മറ്റും വാരിവലിച്ചിട്ട അലങ്കോലമായ മുറി. ഇവയൊന്നും ദൃശ്യമാകാതിരിക്കാൻ മേശയ്ക്ക് മുകളിൽ കസേര വച്ച് അതിനു മുകളിലാണ് ഗ്രെച്ചെൻ ലാപ്ടോപ് വച്ചത്. സി.എൻ.എന്നിലെ വീഡിയോ ദൃശ്യവും വീട്ടിലെ യഥാർത്ഥ ചുറ്റുപാടും ചേർത്ത് വച്ചാണ് ഗ്രെച്ചെന്റെ ട്വീറ്റ്. 'താൻ സത്യസന്ധയാണ്" എന്നു പറഞ്ഞാണ് ഗ്രെച്ചെൻ ട്വീറ്റിട്ടിരിക്കുന്നത്.
വീട്ടിലിരുന്നു ജോലി ചെയ്യുന്ന അമ്മയുടെ അവസ്ഥയാണ് ചിത്രം കാണിക്കുന്നതെന്നും വെർച്വൽ മീറ്റിംഗിൽ പങ്കെടുക്കുമ്പോൾ ലാപ്ടോപ് വയ്ക്കാനുള്ള മികച്ച വഴിയെന്നുമൊക്കെ പോകുന്നു ഗ്രെച്ചന്‍ ലഭിച്ച രസകരമായ പ്രതികരണങ്ങൾ.