വാഷിംഗ്ടൺ: ലോകരാജ്യങ്ങളിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി മുന്നോട്ട് പോകുമ്പോഴും രോഗവ്യാപനം ശമനമില്ലാതെ തുടരുന്നു. ലോകത്ത് രോഗികളുടെ എണ്ണം 3 കോടി കവിഞ്ഞു. വേൾഡോ മീറ്ററിന്റെ കണക്ക് പ്രകാരം ലോകത്ത് ഇതുവരെ 3,00,64,848 രോഗികളാണുള്ളത്. 9,45,578 പേർ മരിച്ചു. 2,18,21,557 പേർ രോഗവിമുക്തരായി. അമേരിക്ക, ഇന്ത്യ, ബ്രസീൽ, റഷ്യ എന്നീ രാജ്യങ്ങളാണ് രോഗവ്യാപനത്തിലും മരണത്തിലും ഒന്നാമത്. ലോകത്ത് ഏറ്റവുമധികം കൊവിഡ് കേസുകൾ അമേരിക്കയിലാണെങ്കിലും രോഗവ്യാപന തോത് അതിവേഗം ഉയരുന്നത് ഇന്ത്യയിലാണ്. കൊവിഡിനെ പിടിച്ചുകെട്ടാൻ വാക്സിൻ കണ്ടെത്തുകയല്ലാതെ മറ്റ് മാർഗമില്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നുണ്ട്.
വാക്സിൻ സ്വന്തമാക്കി സമ്പന്നരാജ്യങ്ങൾ
ലോകത്ത് വിവിധ ഇടങ്ങളിലായി വാക്സിൻ പരീക്ഷണം നടന്നുവരികയാണ്. തയ്യാറാകുന്നതിൽ മികച്ച ഫലം ഉണ്ടാക്കുന്ന വാക്സിനുകളിൽ പകുതിയും സമ്പന്ന രാജ്യങ്ങൾ സ്വന്തമാക്കിയെന്ന സന്നദ്ധ സംഘടനകളുടെ കൂട്ടായ്മയായ 'ഓക്സ്ഫാമിന്റെ റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. അമേരിക്ക, ബ്രിട്ടൻ, ആസ്ട്രേലിയ, ജപ്പാൻ, സ്വിറ്റ്സർലൻഡ്, ഇസ്രായേൽ എന്നീ രാജ്യങ്ങളാണ് പകുതിയിലേറെ വാക്സിനുകൾ സ്വന്തമാക്കിയത്. ഇത് സംബന്ധിച്ച് മരുന്ന് കമ്പനികളുമായി ധാരണയിലെത്തുകയും ചെയ്തു. എന്നാൽ എത്ര ഡോസ് മരുന്നാകും വാങ്ങുക എന്ന കാര്യത്തിൽ വ്യക്തത കൈവന്നിട്ടില്ല. ഏറ്റവുമാദ്യം വാക്സിൻ നേടിയെടുക്കാനാണ് ഈ രാജ്യങ്ങൾ ശ്രമിക്കുന്നത്. വാക്സിൻ പരീക്ഷണങ്ങൾ പൂർത്തിയാകും മുൻപേയാണ് ഫാർമസ്യൂട്ടിക്കൽ കമ്പനികളുമായും വാക്സിൻ നിർമ്മാതാക്കളുമായും ഈ രാജ്യങ്ങൾ ധാരണയിലെത്തിയിരിക്കുന്നത്. പ്രസിഡന്റ് തിരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്നതിനാൽ എത്ര വിലകൊടുത്തും വാക്സിൻ വാങ്ങാനുള്ള തയ്യാറെടുപ്പിലാണ് അമേരിക്ക. മൂന്നോ, നാലോ ആഴ്ചയ്ക്കുള്ളിൽ വാക്സിൻ ലഭ്യമാകുമെന്ന് കഴിഞ്ഞ ദിവസം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നു.
വാക്സിനായി മുന്നിട്ടിറങ്ങി ഇന്ത്യയും
ഇന്ത്യ, ചൈന, ബംഗ്ലാദേശ്, ബ്രസീൽ, ഇന്തോനേഷ്യ, മെക്സിക്കോ എന്നീ രാജ്യങ്ങൾ സമ്പന്ന രാജ്യങ്ങൾ സ്വന്തമാക്കുന്നതിന്റെ ബാക്കിവരുന്ന വാക്സിനുകൾ വാങ്ങിക്കൂട്ടുമെന്നും റിപ്പോർട്ടിലുണ്ട്. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ വാക്സിൻ പരീക്ഷണവും നടക്കുന്നുണ്ട്. ചൈന വികസിപ്പിച്ച കൊവിഡ് വാക്സിൻ പൊതുജനങ്ങൾക്കായി നവംബർ ആദ്യത്തോടെ പുറത്തിറങ്ങിയേക്കുമെന്ന് ചൈന സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ ഉദ്യോഗസ്ഥ വ്യക്തമാക്കിയിരുന്നു.