കോട്ടയം: ഉമ്മൻചാണ്ടി എന്നത് ഒരു ജനക്കൂട്ടത്തിന്റെ പേരാണെന്ന് ഒരിക്കൽക്കൂടി ഉറപ്പിച്ച് ജൂബിലി ആഘോഷം. പുതുപ്പള്ളിയുടെ ജനനായകനായ ഉമ്മൻചാണ്ടിയ്ക്ക് മാത്രം അൽപം നിരാശ പടർന്ന ആഘോഷച്ചടങ്ങാണ് ഇന്നലെ കെ.സി മാമ്മൻമാപ്പിള ഹാളിൽ നടന്നത്. മറുപടി പ്രസംഗത്തിൽ അത് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു. പുതുപ്പള്ളിയിലെ ജനങ്ങളില്ലാതെ, ആൾക്കൂട്ടമില്ലാതെ എനിക്ക് എന്ത് ആഘോഷം.
കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് ആൾക്കൂട്ടം ഒഴിവാക്കി, അതിഥികൾക്കു മുന്നിലാണ് ആഘോഷ പരിപാടികൾക്ക് തുടക്കമായത്. കുടുംബാംഗങ്ങൾക്കൊപ്പം മാമ്മൻമാപ്പിള ഹാളിനു മുന്നിൽ വന്നിറങ്ങിയ ഉമ്മൻചാണ്ടിയെ, സേവാദൾ പ്രവർത്തകർ ഗാർഡ് ഒഫ് ഓണർ നൽകിയാണ് സ്വീകരിച്ചത്. ഇവിടെ നിന്നും ആൾക്കൂട്ടത്തിലേയ്ക്ക് ഉമ്മൻചാണ്ടി അലിഞ്ഞിറങ്ങുകയായിരുന്നു. മണിക്കൂറുകളോളം നീണ്ട സമ്മേളനത്തിൽ എല്ലാവരും ആശംസയർപ്പിച്ചു. എല്ലാം ഒരു ചെറു പുഞ്ചിരിയോടെ ഉമ്മൻചാണ്ടി കേട്ടിരുന്നു. ഇടയ്ക്കു കേട്ട തമാശകൾക്ക് സ്വതസിദ്ധമായ ചിരി. വിശിഷ്ട വ്യക്തികളുടെ പ്രസംഗങ്ങൾക്കിടയിലും ഒപ്പമുള്ളവരുടെ വാക്കുകൾക്കും ചെവി നൽകി.
ആഘോഷ കമ്മിറ്റിയുടെ നേതൃത്വത്തിൽ കേക്ക് മുറിക്കാൻ ക്രമീകരണം ചെയ്തിരുന്നു. കെ.പി.സി.സി സെക്രട്ടറിമാരായ പി.എ സലീമും നാട്ടകം സുരേഷും ചേർന്നു കേക്ക് ഉമ്മൻചാണ്ടിയുടെ മുന്നിൽ വച്ചു. ഉമ്മൻചാണ്ടി ഈ കേക്ക് മുറിച്ച് വിതരണം ചെയ്തു. ഇതിനിടെ പാർട്ടി സഹചാരിയായ വ്യവസായികളിൽ ഒരാൾ ഭീമൻ മുല്ലപ്പൂ മാലയും കിരീടവും ഉമ്മൻചാണ്ടിയെ അണിയിച്ചു. ഡാവിഞ്ചി സുരേഷ് തയ്യാറാക്കിയ ശില്പവും ഒരു പറ്റം പ്രവർത്തകർ ഉമ്മൻചാണ്ടിയ്ക്കു നൽകി.
പരിപാടി അവസാനിച്ച് വിശിഷ്ട വ്യക്തികൾ പിരിഞ്ഞു പോയിട്ടും ഉമ്മൻചാണ്ടിയ്ക്കു ചുറ്റും ആൾക്കൂട്ടം തന്നെയായിരുന്നു. കോൺഗ്രസിന്റെ യുവ എം.എൽ.എമാരും, പ്രവർത്തകരും നേതാക്കളും സെൽഫികളുമായി ഉമ്മൻചാണ്ടിയുടെ ചുറ്റും കൂടിയിരുന്നു. എല്ലാവർക്കും നിന്ന് ചിത്രം പകർത്തിയ ശേഷമാണ് ഉമ്മൻചാണ്ടി മടങ്ങിയത്.