കൊച്ചി : നയതന്ത്രചാനൽ വഴി സ്വർണം കടത്തിയതുമായി ബന്ധപ്പെട്ട് കസ്റ്റംസ് രജിസ്റ്റർചെയ്ത കേസിൽ മൂന്ന് പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഒമ്പതാം പ്രതി മഞ്ചേരി സ്വദേശി മുഹമ്മദ് അൻവർ, 13-ാം പ്രതി കൊടുവള്ളി സ്വദേശി മുഹമ്മദ് അബ്ദു ഷമീം, 14 -ാം പ്രതി കൊണ്ടോട്ടി സ്വദേശി സി.വി. ജിഫ്സൽ എന്നിവർക്കാണ് ജാമ്യം. 50,000 രൂപയുടെ ബോണ്ടും തുല്യതുകയ്ക്കുള്ള രണ്ട് ആൾ ജാമ്യവുമാണ് മുഖ്യവ്യവസ്ഥ.
ജൂലായിലാണ് പ്രതികളെ കസ്റ്റംസ് അറസ്റ്റുചെയ്തത്. 60 ദിവസം കഴിഞ്ഞിട്ടും കസ്റ്റംസ് അന്തിമറിപ്പോർട്ട് നൽകാത്ത സാഹചര്യത്തിൽ പ്രതികൾക്ക് നിയമപ്രകാരം ജാമ്യത്തിന് അർഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സിംഗിൾ ബെഞ്ചിന്റെ വിധി.
എൻ.ഐ.എ രജിസ്റ്റർചെയ്ത കേസിലും പ്രതികളായ സാഹചര്യത്തിൽ ഇവർക്ക് ജയിലിൽ നിന്ന് പുറത്തിറങ്ങാനാവില്ല. ഇവരിൽ മുഹമ്മദ് അൻവറിനെ കഴിഞ്ഞദിവസം എൻ.ഐ.എ ചോദ്യംചെയ്യാൻ കസ്റ്റഡിയിൽ വാങ്ങിയിരിക്കുകയാണ്.
കുറ്റപത്രം സമയബന്ധിതമായി നൽകിയില്ലെന്ന കാരണത്താൽ മുഖ്യപ്രതി കെ.ടി.റമീസിന് കഴിഞ്ഞദിവസം സാമ്പത്തിക കുറ്റവിചാരണയുടെ ചുമതലയുള്ള എറണാകുളത്തെ അഡി. സി.ജെ.എം കോടതി ജാമ്യം അനുവദിച്ചിരുന്നു.
സ്വപ്നയെ 22 ന് ഹാജരാക്കും
സ്വർണക്കടത്തു കേസിലെ മുഖ്യ പ്രതി സ്വപ്ന സുരേഷിനെ വീണ്ടും കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ എൻ.ഐ.എ നൽകിയ അപേക്ഷയിൽ ഇവരെ സെപ്തംബർ 22 ന് ഹാജരാക്കാൻ എറണാകുളം എൻ.ഐ.എ കോടതി നിർദ്ദേശിച്ചു. സ്വപ്ന സുരേഷ്, സന്ദീപ്, മുഹമ്മദ് ഇബ്രാഹീം, അൻവർ, ഷാഫി എന്നിവരെ വീണ്ടും ചോദ്യം ചെയ്യാൻ അനുമതി തേടി എൻ.ഐ.എ അപേക്ഷ നൽകിയിരുന്നു. നെഞ്ചുവേദനയെത്തുടർന്ന് സ്വപ്ന ആശുപത്രിയിലായതിനാൽ മറ്റു പ്രതികളെ ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ വിട്ടു. പ്രതികളിൽ നിന്ന് ശേഖരിച്ച ഡിജിറ്റൽ തെളിവുകളുടെ പരിശോധനാ റിപ്പോർട്ടിന്റെയടിസ്ഥാനത്തിലാണ് ഇവരെ വീണ്ടും ചോദ്യം ചെയ്യുന്നത്. സ്വപ്ന സുരേഷിനെ തൃശൂരിലെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ്ജ് ചെയ്ത സാഹചര്യത്തിലാണ് ഇവരെ സെപ്തംബർ 22 ന് ഹാജരാക്കാൻ കോടതി വീണ്ടും നിർദ്ദേശം നൽകിയത്.