ദുബായ്: ഇസ്രായേലുമായി സമാധാന കരാർ ഒപ്പിട്ടെങ്കിലും പലസ്തീൻ ജനതയ്ക്ക് നൽകിവരുന്ന പിന്തുണ തുടരുമെന്ന് യു.എ.ഇ വിദേശകാര്യ മന്ത്രി ഷേഖ് അബ്ദുള്ള ബിൻ സായിദ് ആൽ നഹ്യാൻ. 'സ്വതന്ത്ര രാഷ്ട്രമെന്ന പലസ്തീൻ ജനതയുടെ സ്വപ്നം യാഥാർത്ഥ്യമാക്കാൻ ഒപ്പം നിൽക്കും. പശ്ചിമേഷ്യ നേരായ പാതയിലാണ്. സമാധാനത്തിനുവേണ്ടിയുള്ള ശ്രമങ്ങൾക്കാണ് യു.എ.ഇ മുൻകൈയെടുത്തിരിക്കുന്നത്. ഇത് ചരിത്രമാണ്. ഞങ്ങൾക്കുവേണ്ടി മാത്രമുള്ള കരാർ അല്ല. മേഖലയിലെ എല്ലാവരുടെയും സമാധാനമാണ് ഞങ്ങളുടെ ലക്ഷ്യം. മാറ്റങ്ങളാണ് ചരിത്രത്തിലേക്ക് വഴിതുറക്കുന്നത്. ഇത് അനിവാര്യമായ മാറ്റമാണെ"ന്നും അദ്ദേഹം പറഞ്ഞു. വെസ്റ്റ്ബാങ്കിലെ കുടിയേറ്റങ്ങൾ നിറുത്തിവയ്ക്കുമെന്ന് ഇസ്രായേൽ ഉറപ്പുനൽകിയിട്ടുണ്ടെന്ന് വിദേശകാര്യ സഹമന്ത്രി അൻവർ ഗർഗാഷ് പറഞ്ഞു. മിഡിൽ ഈസ്റ്റിലെ സമാധാനമാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ തന്ത്രപ്രധാനമായ തെരഞ്ഞെടുപ്പായിരുന്നു സമാധാനത്തിന്റെ മാർഗമെന്ന് ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഇൗസ ആൽ ഖലീഫ പറഞ്ഞു. കരാർ ഒപ്പിട്ടതിനു പിന്നാലെ അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപുമായി നടത്തിയ ടെലഫോൺ സംഭാഷണത്തിലാണ് രാജാവ് ഇക്കാര്യം പറഞ്ഞത്. വിവിധ തരത്തിലുള്ള ആളുകളുമായും സംസ്കാരങ്ങളുമായും സംഭാഷണവും പരസ്പര ധാരണയും സഹകരണവും സഹവർത്തിത്തവുമാണ് ബഹ്റൈന്റെ കാഴ്ചപ്പാടെന്നും ഉൗന്നിപ്പറഞ്ഞു. സമാധാന കരാറിന് മദ്ധ്യസ്ഥത വഹിച്ച ട്രംപിന് അദ്ദേഹം നന്ദി പറഞ്ഞു.മിഡിൽ ഈസ്റ്റിലെ അഞ്ചു രാജ്യങ്ങൾകൂടി ഇസ്രായേലുമായി സമാധാന കരാറിൽ ഒപ്പുവയ്ക്കുമെന്ന് ട്രംപ് പറഞ്ഞു. അത്യാധുനിക യുദ്ധവിമാനമായ എഫ് 35 യു.എ.ഇക്ക് കൈമാറുന്നതിൽ എതിർപ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി.