നെടുമ്പാശേരി: കേരള സംഗീത നാടക അക്കാഡമി പ്രഖ്യാപിച്ച അവാർഡുകളിൽ നിന്നും മാജിക് കല പുറത്തായി. അടുത്തിടെയായി സംഗീത നാടക അക്കാഡമിയ്ക്കും സർക്കാരിനുമെതിരെ ഒരു വിഭാഗം മാജിക് കലാകാരന്മാർ ഉയർത്തിയ പ്രതിഷേധങ്ങളും വിമർശനങ്ങളുമാണ് മാജിക്കിനെ പൂർണ്ണമായും ഒഴിവാക്കിയതിന് പിന്നിലെന്നാണ് ആരോപണം.
വിവിധ കലാ വിഭാഗങ്ങൾക്ക് കഴിഞ്ഞ ദിവസമാണ് അക്കാഡമി 2019 ലെ അവാർഡുകൾ പ്രഖ്യാപിച്ചത്. നാടകം, കഥാപ്രസംഗം, മോഹിനിയാട്ടം, ഇടയ്ക്ക, കുറുങ്കുഴൽ തുടങ്ങി 22 ഓളം കലാ വിഭാഗങ്ങ വിഭാഗങ്ങളിലായി 37 പേർ അവാർഡിന് അർഹരായി. മൂന്ന് പേർക്ക് ഫെലോഷിപ്പും, 17 പേർക്ക് വീതം അവാർഡും ഗുരുപൂജ പുരസ്കാരങ്ങളുമാണ് പ്രഖ്യാപിച്ചത്.
മജീഷ്യൻ ഗോപിനാഥ് മുതുകാടിന്റെയും മറ്റും നിരന്തര ശ്രമഫലമായി 1995 ലാണ് ഇന്ത്യയിൽ ആദ്യമായി മാജിക്കിനെ കലാ രൂപമായി സർക്കാർ അംഗീകരിച്ചത്. തുടർന്ന് സംഗീത നാടക അക്കാദമി അവാർഡുകളിലും മാജിക്കിനെ ഉൾപ്പെടുത്തുകയായിരുന്നു.
മുതുകാടിന് പുറമെ പ്രൊഫ. പത്മരാജ്, പ്രൊഫ. സാമ്രാജ്, പ്രദീപ് ഹുഡിനൊ, പി.എം. മിത്ര, നിലമ്പൂർ പ്രദീപ് കുമാർ, ആർ.കെ. മലയത്ത് തുടങ്ങിയ മാന്ത്രികരും അവാർഡിന് അർഹരായിട്ടുണ്ട്. 2018ൽ അക്കാഡമിയുടെ ഫെലോഷിപ്പിനും യൂണിസെഫ് സെലിബ്രിറ്റി അംബാസഡറും മെർലിൻ അവാർഡ് ജേതാവുമായ മുതുകാട് അർഹനായി.
സ്കൂൾ കലോത്സവത്തിൽ മാജിക് മത്സര ഇനമാക്കുന്നുവെന്ന് ആരോപിച്ച് 2017ൽ കണ്ണൂരിൽ നടന്ന സ്കൂൾ കലോത്സവ വേദിയ്ക്ക് മുൻപിൽ ഒരു വിഭാഗം മാന്ത്രികർ പ്രതിഷേധിച്ച് വിചിത്ര സമരവും നടത്തി.
പിന്നീട് സംഗീത നാടക അക്കാഡമി അവാർഡുകൾക്കെതിരെയും ഒരു വിഭാഗം മാന്ത്രികർ സമരങ്ങൾ സംഘടിപ്പിക്കുകയും അക്കാഡമിക്കും സർക്കാരിനുമെതിരെ സാമൂഹ്യ മാധ്യമങ്ങൾ വഴി നിരന്തരമായ വിമർശനങ്ങൾ അഴിച്ചുവിടുകയും ചെയ്തു. ഇതോടെയാണ് മാജിക്കിനെ മറ്റ് കലകളെ പോലെ കണക്കാക്കി ഉദ്ധരിക്കുന്നതിൽ മാന്ത്രികർ തന്നെ എതിർപക്ഷത്താണെന്ന വിലയിരുത്തലുണ്ടായത്. എങ്കിലും സംഗീത നാടക അക്കാഡമിയുടെ പുരസ്കാരങ്ങളിൽ നിന്നും മാജികിനെ ഒഴിവാക്കിയതിൽ കലയെ സ്നേഹിക്കുന്ന മാന്ത്രികർക്ക് ശക്തമായ പ്രതിഷേധമുണ്ട്.
ഒഴിവാക്കിയിട്ടില്ല : അക്കാഡമി
" കേരള സംഗീത നാടക അക്കാഡമി അവാർഡിൽ നിന്നും മാജിക്ക് കലയെ ഒഴിവാക്കിയിട്ടില്ല. അക്കാഡമി നിയമപ്രകാം 17 അവാർഡുകളാണ് നൽകുന്നത്. ഈ സാഹചര്യത്തിൽ ചില കലകളെ ഒഴിവാക്കും. അക്കൂട്ടത്തിലാണ് ഇക്കുറി മാജിക്ക് ഉൾപ്പെട്ടത്. നാടകത്തിനും സംഗീതത്തിനും മാത്രമാണ് എല്ലാ വർഷവും ഒഴിവാക്കാതെ അവാർഡ് നൽകുന്നത്. മറ്റ് കലകൾക്കെല്ലാം ഓരോ വർഷവും മാറിമാറിയാണ് നൽകുന്നത്. കഴിഞ്ഞ വർഷം മാജിക്കിനെ പരിഗണിച്ചിരുന്നു. സർക്കാരിനെയോ അക്കാഡമിയെയോ വിമർശിച്ചതിന്റെ പേരിൽ അവാർഡ് നൽകാതിരിക്കില്ല".
സേവ്യർ പുൽപ്പാട്ട്, വൈസ് ചെയർമാൻ, കേരള സംഗീത നാടക അക്കാഡമി