കടയ്ക്കൽ:ജമ്മുകാശ്മീരിൽ പാകിസ്ഥാൻ പട്ടാളത്തിന്റെ ഷെല്ലാക്രമണത്തിൽ വീരമൃത്യു വരിച്ച നായിക് അനീഷ് തോമസിന് കണ്ണീരോടെ വിട. ഭൗതികദേഹം കടയ്ക്കൽ ആശാനിവാസിന്റെ മുറ്റത്ത് എത്തിയപ്പോൾ ഭാര്യ എമിലിയുടെയും മകൾ ആറുവയസുകാരി ഹന്നയുടെയും നിലവിളി കേട്ട് ഉറ്റവരും നാട്ടുകാരും വിതുമ്പി. മഴച്ചാറ്റലിന്റെ അകമ്പടിയിൽ ജന്മനാട് ധീരജവാന് ലാസ്റ്റ് സല്യൂട്ട് നൽകി.
അച്ഛൻ കളിപ്പാട്ടങ്ങളുമായി വരുന്നത് കാത്തിരുന്നതാണ് ഹന്ന. കരയുമ്പോഴും അച്ഛന് എന്താണ് പറ്റിയതെന്ന് അവൾക്ക് പൂർണമായും മനസിലായിരുന്നില്ല. ഒരുപാട് ഉമ്മകൾ നൽകിയിട്ടുള്ള അച്ഛന് പള്ളി അങ്കണത്തിൽ വച്ച് ഹന്ന അവസാനത്തെ ഉമ്മ തിരിച്ചുനൽകി. അപ്പോഴും നിലയ്ക്കാതെ എമിലിയുടെ തേങ്ങൽ...
രാവിലെ പത്തരയോടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ച അനീഷിന്റെ ഭൗതികദേഹം മന്ത്രി കടകംപള്ളി സുരേന്ദ്രൻ, തിരുവനന്തപുരം കളക്ടർ നവ്ജോത് ഖോസ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. അവിടെ നിന്ന് കൊല്ലം എ.ഡി.എം പി.ആർ. ഗോപാലകൃഷ്ണൻ, ആർ.ഡി.ഒ ബി. ഹരികുമാർ എന്നിവരുടെ നേതൃത്വത്തിൽ സൈനിക വാഹനത്തിൽ വിലാപയാത്രയായാണ് വീട്ടിലേക്ക് കൊണ്ടുവന്നത്. ലഫ്റ്റനന്റ് എം. സതീഷ്, സുബേദാർ കാസയ്യ, നായിക് സുബേദാർ അരുൺ തുടങ്ങിയ സൈനിക ഉദ്യോഗസ്ഥരും മൃതദേഹത്തെ അനുഗമിച്ചു.
ജന്മനാട്ടിലേക്ക് വരും വഴി നിരവധി സ്ഥലങ്ങളിൽ ആളുകൾ ഒത്തുകൂടി അനീഷിന് അന്ത്യാഞ്ജലി അർപ്പിച്ചു.
ഉച്ചയ്ക്ക് രണ്ടരയോടെയാണ് ഭൗതികദേഹം വയലാ ആലുമുക്കിലെ വീട്ടിലെത്തിയത്. നൂറ് കണക്കിന് പേരാണ് മഴയിലും അനീഷിന് യാത്രാമൊഴി ചൊല്ലാൻ കാത്തുനിന്നത്. 20 മിനിറ്റേ വീട്ടിൽ പൊതുദർശനത്തിന് വച്ചുള്ളൂ. പിന്നീട് മണ്ണൂർ മർത്തൂസ് മൂനി ഓർത്തഡോക്സ് സിറിയൻ പള്ളിയിലേക്ക് കൊണ്ടുപോയി. അവിടെ തിരുവനന്തപുരം ഭദ്രാസനാധിപൻ ഗബ്രിയേൽ മാർ ഗ്രിഗോറിയോസ്, അടൂർ ഭദ്രാസനാധിപൻ ഡോ. സക്കറിയാസ് മാർ അപ്രേം എന്നിവർ സംസ്കാര ചടങ്ങുകൾക്ക് നേതൃത്വം നൽകി. തുടർന്ന് സൈന്യം അന്തിമോപചാരം അർപ്പിച്ചു. വൈകിട്ട് അഞ്ചോടെ മൃതദേഹം പള്ളിസെമിത്തേരിയിൽ സംസ്കരിച്ചു.
മുല്ലക്കര രത്നാകരൻ എം.എൽ.എ, കാഷ്യു കോർപ്പറേഷൻ ചെയർമാൻ എസ്. ജയമോഹൻ, എസ്.എൻ.ഡി.പി യോഗം കടയ്ക്കൽ യൂണിയൻ പ്രസിഡന്റ് ഡോ. ചന്ദ്രബോസ്, റൂറൽ എസ്.പി ഹരിശങ്കർ തുടങ്ങിയവരും അന്തിമോപചാരം അർപ്പിച്ചു.