ബീച്ചിൽ 'അയാം സേവിംഗ് മൈ ബീച്ച്' പതാക ഉയർത്തും
കോഴിക്കോട് : കാപ്പാട് ബീച്ചിന് ബ്ലൂ ഫ്ലാഗ് ലഭിക്കാനുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേക്ക്. പരിസ്ഥിതി സൗഹൃദവും സുരക്ഷയും പരിസ്ഥിതി ബോധവത്കരണവും ഉയർത്തിപ്പിടിക്കുന്നതും ഭിന്നശേഷി സൗഹൃദവുമായ ബീച്ചുകളെയാണ് ബ്ലൂ ഫ്ളാഗിന് പരിഗണിക്കുന്നത്. ഡെൻമാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫൗണ്ടേഷൻ ഒഫ് എൻവയോൺമെന്റൽ എഡ്യൂക്കേഷൻ നൽകുന്ന ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കേഷന് പരിഗണിച്ച ഇന്ത്യയിലെ എട്ട് ബീച്ചുകളിൽ കേരളത്തിൽ നിന്ന് അർഹത നേടിയത് ചരിത്ര പ്രാധാന്യമേറിയ കാപ്പാട് ബീച്ചാണ്. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന സൊസൈറ്റി ഒഫ് ഇന്റഗ്രേറ്റഡ് കോസ്റ്റൽ മാനേജ്മെന്റാണ് ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കേഷന് കാപ്പാട് ബീച്ചിനെ പരിഗണിച്ചത്. കേന്ദ്ര സർക്കാർ എട്ട് കോടിയോളം രൂപയാണ് ഇതിനായി വകയിരുത്തിയത്.
സർട്ടിഫിക്കേഷൻ പ്രഖ്യാപനത്തിന് മുന്നോടിയായി പ്രവൃത്തികൾ പൂർത്തീകരിച്ചെന്നും ബീച്ചിന്റെ പ്രവർത്തനങ്ങൾ പൂർണമായും പരിസ്ഥിതി സൗഹൃദമാണെന്നും ആഹ്വാനം ചെയ്യുന്ന 'അയാം സേവിങ് മൈ ബീച്ച്' പതാക ബീച്ചിൽ ഉയർത്തും. അന്താരാഷ്ട്ര തീരദേശ ശുചീകരണ ദിനത്തോടനുബന്ധിച്ച് ഇന്ന് വൈകീട്ട് 3.30ന് വീഡിയോ കോൺഫറൻസിലൂടെ കേന്ദ്ര പരിസ്ഥിതി-വനം വകുപ്പ് സെക്രട്ടറി ആർ.പി ഗുപ്ത പരിപാടി ഉദ്ഘാടനം ചെയ്യും. കാപ്പാട് ബീച്ചിൽ കെ. ദാസൻ എം.എൽ.എ പതാക ഉയർത്തും. പൂർണമായും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും ചടങ്ങുകൾ. കൊയിലാണ്ടി എം.എൽ.എ ചെയർമാനും ജില്ലാ കളക്ടർ നോഡൽ ഓഫീസറായും രൂപീകരിച്ച ബീച്ച് മാനേജ്മന്റ് കമ്മിറ്റിയാണ് പ്രവൃത്തികൾക്ക് നേതൃത്വം നൽകുന്നത്. ഡൽഹി ആസ്ഥാനമായുള്ള എ 2 ഇസഡ് ഇൻഫ്രാസ്ട്രക്ച്ചർ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് നിർമ്മാണം നടത്തുന്നത്. പരിസ്ഥിതി സൗഹൃദ നിർമ്മിതികൾ, കടൽ വെള്ളത്തിന്റെ ഗുണമേന്മ പരിശോധന, സുരക്ഷാ മാനദണ്ഡങ്ങൾ, പരിസ്ഥിതി അവബോധം, ശാസ്ത്രീയമായ മാലിന്യ സംസ്ക്കരണം, ഭിന്ന ശേഷി സൗഹൃദ പ്രവേശനം തുടങ്ങി 30 ലധികം മാനദണ്ഡങ്ങൾ പരിഗണിച്ചാണ് ബ്ലൂ ഫ്ലാഗ് സർടിഫിക്കേഷൻ.