കാലടി: കുറഞ്ഞ ചിലവിൽ ഇൻകുബേറ്റർ നിർമ്മിച്ച വിദ്യാർത്ഥി ലിബിൻ മാർട്ടിന് ആദിശങ്കര ട്രസ്റ്റിന്റെ അനുമോദനം. ട്രസ്റ്റിന്റെ കീഴിലെ ആദിശങ്കര എൻജിനിയറിംഗ് കോളേജിൽ സൗജന്യപഠനവും വാഗ്ദാനം ചെയ്തു.
കേരള സ്റ്റാർട്ടപ്പ് മിഷൻ രണ്ടാം തവണയും മികച്ച ഫാബ് ലാബായി തിരഞ്ഞെടുത്ത ആദിശങ്കരയിലെ ഫാബ് ലാബിൽ ഇപ്പോൾ തന്നെ അഡ്മിഷൻ നൽകും. ലിബിന് പ്രൊഫ.കെ.ബി അനുരൂപിന്റെ കീഴിൽ ഗവേഷണങ്ങൾ നടത്താം.
ലിബിൻ വികസിപ്പിച്ച ഇൻക്യുബേറ്ററിനെക്കുറിച്ച് കേരളകൗമുദിയിൽ വന്ന വാർത്ത ട്രസ്റ്റ് സി.പി.ഒ പ്രൊഫ. സി.പി.ജയശങ്കറിന്റെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് വാഗ്ദാനങ്ങൾ ഉണ്ടായത്.
ആദിശങ്കര മാനേജിംഗ് ട്രസ്റ്റി കെ ആനന്ദ്, ആദിശങ്കര ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ പ്രൊഫ. സി.പി ജയശങ്കർ എന്നിവർ സ്ക്കൂളിലെത്തി ലിബിന്റെ പഠനം എറ്റെടുക്കാനും സന്നദ്ധത അറിയിച്ചു. സ്കൂൾ പഠനത്തിന് ശേഷം ആദിശങ്കരയിലെ ഏത് ബി.ടെക് കോഴ്സിനും ലിബിന് സൗജന്യമായി പഠിക്കാം.
സമീപത്തുളള പലർക്കും ലിബിൻ ഇൻക്യുബേറ്റർ നിർമിച്ച് നൽകിയിട്ടുണ്ട്. കുടുംബത്തിന്റെ വരുമാന മാർഗം കൂടിയാണിത്. കോഴി, താറാവ്, കാട തുടങ്ങിയവയുടെ മുട്ടകൾ ഇൻകുബേറ്ററിലൂടെ വിരിയിച്ചെടുക്കാം. സ്കൂൾ ബയോളജി അധ്യാപകൻ ടോണി പൗലോസായിരുന്നു ലിബിന്റെ സഹായി.
മാർക്കറ്റിൽ 10000 രൂപ വരെ വിലവരുന്ന ഉപകരണം വലിപ്പമനുസരിച്ച് കേവലം 1000 മുതൽ 2000രൂപ വരെ രൂപയ്ക്കാണ് ലിബിൻ നിർമ്മിച്ചു നൽകുന്നത്.
ലിബിന്റെ കഴിവ് അംഗീകരിക്കേണ്ടതാണെന്നും, അതുകൊണ്ടാണ് ലിബിന്റെ പഠന ചുമതല ഏറ്റെടുക്കുന്നതെന്നും കെ. ആനന്ദ് പറഞ്ഞു. സ്ക്കൂളിൽ അനുമോദന യോഗവും നടന്നു. കെ ആനന്ദ്, ലത ആനന്ദ്, പ്രൊഫ.സി.പി ജയശങ്കർ, കോളേജ് പ്രിൻസിപ്പൽ ഡോ. സുരേഷ് കുമാർ, ഫാബ് ലാബ് ഇൻ ചാർജ് പ്രൊഫ: കെ.ബി അനുരൂപ്, സ്കൂൾ പ്രിൻസിപ്പൽ സി.എ ബിജോയ്, വി.കെ.ഷാജി, ഹെഡ്മിസ്ട്രസ് മേരി ഉറുമീസ്, പി.ടി.എ പ്രസിഡന്റ് ജോസഫ് മാളിയേക്കപ്പടി, സനിൽ പി.തോമസ്, റിജോ റോക്കി, ടോണി പൗലോസ് തുടങ്ങിയവർ സംസാരിച്ചു.
മലയാറ്റൂർ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് ലിബിൻ മാർട്ടിൻ. നിർദ്ധന കുടുംബാംഗമാണ്. പിതാവ് പനഞ്ചിക്കൽ മാർട്ടിൻ കഴിഞ്ഞ വർഷം മരണമടഞ്ഞു. ലിസിയാണ് അമ്മ. ലിയ, ലിന്റ, ലിന്റോ എന്നിവർ സഹോദരങ്ങളാണ്.