ന്യൂഡൽഹി :ഒറ്റയ്ക്കു കാറിൽ യാത്ര ചെയ്യമ്പോൾ മാസ്ക് ധരിക്കാതിരുന്നതിന് 500 രൂപ പിഴയിട്ട ഡൽഹി പൊലീസിന്റെ നടപടിക്കെതിരെ അഭിഭാഷകൻ ഹൈക്കോടതിയിൽ. പിഴയടച്ച അഞ്ഞൂറു രൂപയും മാനസിക പീഡനത്തിന് പത്തു ലക്ഷം രൂപ നഷ്ടപരിഹാരവും വേണമെന്ന് ആവശ്യപ്പെട്ട് നൽകിയ പരാതിയിൽ കേന്ദ്രവും ഡൽഹി സർക്കാരും പ്രതികരണം അറിയിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചു.
അഭിഭാഷകനായ സൗരഭ് ശർമയാണ് ഹൈക്കോടതിയെ സമീപിച്ചത്. സെപ്തംബർ ഒൻപതിന് കാറിൽ വരുന്നതിനിടെ പൊലീസ് തടഞ്ഞുനിർത്തി മാസ്ക് ധരിക്കാത്തതിന് അഞ്ഞൂറു രൂപ പിഴ ഈടാക്കിയെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം പുറപ്പെടുവിച്ച മാർഗ നിർദ്ദേശങ്ങൾക്കു വിരുദ്ധമാണ് ഇതെന്നുമാണ് ഹർജിയിൽ സൗരഭ് പറയുന്നത്.
ഒറ്റയ്ക്കു യാത്ര ചെയ്യുമ്പോൾ മാസ്ക് നിർബന്ധമില്ലെന്ന് ആരോഗ്യമന്ത്രാലയം മാർഗ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഇക്കാര്യം മന്ത്രാലയത്തിനു വേണ്ടി ഹാജരായ അഡ്വ. ഫർമാൻ അലി മ്രേഗ സമ്മതിച്ചു. പൊതു സ്ഥലത്തും തൊഴിലിടത്തിലും മാസ്ക് ധരിക്കണമെന്നാണ് മാർഗ നിർദേശത്തിൽ ഉള്ളതെന്ന് ശർമയുടെ അഭിഭാഷകൻ പറഞ്ഞു. എന്നാൽ പൊതു നിരത്തിൽ ഓടുന്ന സ്വകാര്യ വാഹനങ്ങൾ പൊതു ഇടം തന്നെയാണെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ടെന്ന് ഡൽഹി ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി ചൂണ്ടിക്കാട്ടി.
കേസ് നവംബർ എട്ടിന് വീണ്ടും പരിഗണിക്കും.