ന്യൂഡൽഹി: ചർച്ചകളിലെ നിലപാടിനു വിരുദ്ധമാണ് അതിർത്തിയിലെ ചൈനയുടെ പ്രകോപനമെന്നും മറ്റു വഴിയില്ലെങ്കിൽ ഏത് കടുത്ത നടപടിക്കും ഇന്ത്യ തയ്യാറാണെന്നും പ്രതിരോധമന്ത്രി രാജ്നാഥ്സിംഗ് രാജ്യസഭയിൽ പറഞ്ഞു.
സഭയിൽ സർക്കാർ ചർച്ചയ്ക്ക് തയ്യാറാകാത്ത സാഹചര്യത്തിൽ അതിർത്തി വിഷയത്തിൽ രാഷ്ട്രീയ കക്ഷികളിൽ നിന്ന് നിർദ്ദേശങ്ങൾ സ്വീകരിക്കാൻ അദ്ധ്യക്ഷൻ വെങ്കയ്യ നായിഡു നിർദ്ദേശിച്ചു.
അതിർത്തിയിൽ സംഘർഷമുണ്ടെന്നും വിശദാംശങ്ങൾ നൽകാനാവില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. സമാധാനം പാലിക്കാൻ നാം പ്രതിബദ്ധരാണ്. ഏതു സാഹചര്യവും നേരിടാൻ തയ്യാറുമാണ് ഇന്ത്യൻ സേന. ഉടമ്പടികൾ പാലിക്കുന്ന ശീലം ചൈനയ്ക്കില്ല. ചർച്ചകളിൽ ഒരു നിലപാടും അതിർത്തിയിൽ മറ്റൊന്നുമാണ് അവരുടെ ശീലം. ചൈനയാണ് പ്രകോപനം സൃഷ്ടിക്കുന്നത്. ഇന്ത്യൻ സൈന്യം സംയമനം പാലിക്കുന്നു. രാജ്യത്തിന്റെ അഖണ്ഡത സംരക്ഷിക്കാൻ പരമാവധി ശൗര്യം കാട്ടാനും അവർക്കറിയാം. ലഡാക്കിന്റെ ഭാഗമായ 38,000 ചതുരശ്ര കിലോമീറ്റർ പ്രദേശം ചൈന കൈയടക്കിവച്ചിരിക്കുന്നു. അരുണാചൽ പ്രദേശിലെ 90,000 ചതുരശ്ര കിലോമീറ്റർ പ്രദേശത്തിൽ അവകാശവാദം ഉന്നയിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പാർലമെന്റിൽ ചർച്ചയില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും പ്രതിപക്ഷ നേതാക്കളുമായി അതിർത്തിയിലെ സ്ഥിതിഗതികൾ അടച്ചിട്ട മുറിയിൽ ചർച്ചയ്ക്ക് ഒരുങ്ങുന്നതായി സൂചനയുണ്ട്.