കൊല്ലം: ജീൻസ് ധരിച്ചതിന്റെ പേരിൽ നീറ്റ് പരീക്ഷാഹാളിൽ പ്രവേശനം നിഷേധിക്കപ്പെട്ട വിദ്യാർത്ഥിക്ക് കരുതലായത് വനിതാ പൊലീസ്. ശൂരനാട് തെക്ക് പതാരം ശാന്തിനികേതനം മോഡൽ ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം.
ഭരണിക്കാവ് സ്വദേശിയായ വിദ്യാർത്ഥി ബന്ധുവിനൊപ്പമാണ് പരീക്ഷ എഴുതാനെത്തിയത്. സ്കൂൾ കവാടത്തിന് മുന്നിൽ വിദ്യാർത്ഥിയെ ഇറക്കിയ ശേഷം ഒപ്പമുണ്ടായിരുന്നവർ ഒന്നര കിലോമീറ്റർ അകലെയുള്ള കുമരൻചിറ ക്ഷേത്ര മൈതാനത്ത് വിശ്രമിക്കാൻ പോയി. സഹോദരിക്ക് പാട്ട് റെക്കാഡ് ചെയ്യാനുള്ളതിനാൽ അച്ഛനും അമ്മയും സഹോദരിക്കൊപ്പം മുണ്ടക്കയത്തെ സ്റ്റുഡിയോയിൽ പോയിരുന്നതാണ്.
സ്കൂളിലേക്ക് കടക്കാനൊരുങ്ങവെ വിദ്യാർത്ഥിയെ സെക്യൂരിറ്റി തടഞ്ഞു. മെറ്റാലിക് സിബ്ബുള്ള ജീൻസ് ധരിച്ച് പരീക്ഷ എഴുതാൻ അനുവദിക്കില്ലെന്ന ചട്ടം അറിയിച്ചതോടെ വിദ്യാർത്ഥി വിഷമിച്ചു. വെള്ള പാന്റ്സ് ധരിക്കാനായിരുന്നു നിർദ്ദേശം. മൊബൈൽ ഫോൺ കാറിലായതിനാൽ ബന്ധുക്കളെ ബന്ധപ്പെടാനും കഴിഞ്ഞില്ല. വിഷമിച്ച് നിന്ന കുട്ടിയുടെ അടുത്തേക്ക് അമ്മയുടെ കരുതലുമായി ശൂരനാട് പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ എസ്.കെ. ശോഭാമണിയെത്തി.
വിവരം തിരക്കിയപ്പോൾ ആശ്വസിപ്പിക്കുകയും പഴ്സിൽ നിന്ന് പണമെടുത്ത് നൽകി തൊട്ടടുത്ത കടയിൽ നിന്ന് വെള്ള പാന്റ്സ് വാങ്ങാനും നിർദ്ദേശിച്ചു. പാന്റ് വാങ്ങി സന്തോഷത്തോടെ പരീക്ഷാ ഹാളിലെത്തി വിദ്യാർത്ഥി പരീക്ഷയുമെഴുതി.
തിരികെ ഇറങ്ങിയപ്പോൾ ആദ്യം തിരക്കിയത് കാക്കിയിട്ട അമ്മയുടെ മുഖമാണ്. എന്നാൽ ഡ്യൂട്ടി കഴിഞ്ഞ് ശോഭാമണി പോയിരുന്നു. പിന്നീട് ബന്ധുക്കൾ എത്തിയപ്പോൾ അവരോട് വിവരം പറഞ്ഞു. മണ്ണടി സ്വദേശിനിയായ ശോഭാമണിയുടെ ഫോൺ നമ്പർ സംഘടിപ്പിച്ച് തങ്ങളുടെ സന്തോഷവും നന്ദിയും വിദ്യാർത്ഥിയുടെ കുടുംബം അറിയിച്ചു. ഒപ്പം ഫേസ് ബുക്കിൽ വിവരങ്ങൾ കാട്ടി കുറിപ്പുമെഴുതി. സംഭവം റൂറൽ എസ്.പി ഹരിശങ്കറിന്റെ ശ്രദ്ധയിലെത്തിയതോടെ ശോഭാമണിക്ക് ഗുഡ് സർവീസ് എൻട്രിയും നൽകി.