ഇറ്രാലിയൻ സിരി എ നാളെ മുതൽ
റോം : ക്രിസ്റ്റ്യാനൊ റൊണാൾഡോ, സ്ലാട്ടൺ ഇബ്രാഹിമോവിച്ച്, പവ്ലോ ഡിബാല തുടങ്ങിയ വമ്പൻമാരുടെ കളിത്തട്ടായ ഇറ്റാലിയൻ സിരി എയുടെ 119-ാം എഡിഷന് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നാളെ പന്തുരുളും. ഇന്ത്യൻ സമയം നാളെ രാത്രി 9.30 ന് തുടങ്ങുന്ന ആദ്യ മത്സരത്തിൽ ഫിയോറന്റീനയും ടോറിനോയും തമ്മിലാണ് ഏറ്റുമുട്ടുന്നത്. തുടർന്ന് ഞായറാഴ്ച പുലർച്ചെ 12.15ന് തുടങ്ങുന്ന രണ്ടാം പോരാട്ടം വെറോണയും റോമയും തമ്മിലാണ്. നിലവിലെ ചാമ്പ്യൻമാരായ യുവന്റസിന്റെ ആദ്യ മത്സരം 21ന് സ്വന്തം തട്ടകമായ ടൂറിനിൽ സാംപഡോറിയക്കെതിരെയാണ്.
യുവെയെ തടയുമോ
യുവന്റസിന്റെ കിരീടവേട്ടയ്ക്ക് ആര് തടയിടും ? സിരി എ തുടങ്ങുമ്പോഴുള്ള സ്ഥിരം ചോദ്യംതന്നെയാണ് ഇത്തവണയും അലയടിക്കുന്നത്. തുടർച്ചയായ പത്താം സിരി എ കിരീടം ലക്ഷ്യമിട്ടാണ് ഇത്തവണ യുവന്റസ് കളത്തിലിറങ്ങുന്നത്. ആന്ദ്രേ പിർലോയെന്ന ഇതിഹാസതാരത്തിന്റെ ശിക്ഷണത്തിലാണ് ഇത്തവണ റൊണാൾഡോയും ഡിബാലയുമെല്ലാം യുവെ ജേഴ്സിയിൽ പന്തുതട്ടുന്നത്. ഇത് തുടർച്ചയായ മൂന്നാം തവണയാണ് പുതിയ കോച്ചിന്റെ കീഴിൽ യുവെ പുതിയ സീസണിനിറങ്ങുന്നത്. വലിയ ടീമുകളെയൊന്നും പരിശീലിച്ച് പരിചയമില്ലാത്ത പിർലോയ്ക്ക് കഴിഞ്ഞ തിങ്കളാഴ്ചയാണ് യുവേഫയുടെ കോച്ചിംഗ് ലൈസൻസ് കിട്ടിയത്. അന്റോണിയോ കോണ്ടെയുടെ കീഴിൽ താൻ ഉൾപ്പെടെയുള്ളവർ കളിച്ചപ്പോഴുണ്ടായിരുന്ന അതേ സ്പിരിറ്റും കിരീട മോഹവും ആണ് തന്റെ കളിക്കാരിൽ നിന്ന് പ്രതീക്ഷിക്കുന്നതെന്നാണ് കഴിഞ്ഞ ദിവസം പിർലോ വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. പിർലോ പറഞ്ഞ അതേ കോണ്ടേയാണ് യുവെയുടെ പ്രധാന എതിർ ചേരിയായ ഇന്റർമിലാനിൽ കളിമെനയുന്നത്. കഴിഞ്ഞ തവണ ഒരു പോയിന്റിന്റെ മാത്രം വ്യത്യാസത്തിലാണ് യുവന്റസ് സിരി എ കിരീടം സ്വന്തമാക്കിയത്. യുവെയുമായി ഒരു പോയിന്റ് വ്യത്യാസത്തിൽ തൊട്ടുപിന്നിലെത്തിയത് കോണ്ടെയുടെ ഇന്റർ മിലാനായിരുന്നു. ഇത്രയും ചെറിയ മാർജിൻ ഈ അടുത്ത കാലത്തൊന്നും സിരി എ കിരീട പോരാട്ടത്തിൽ ഉണ്ടായിട്ടില്ല. ലൂകാകുവിനെയും മാർട്ടിനസിനെയും മികച്ച ആക്രമണ ജോഡിയായി മാറ്റിക്കഴിഞ്ഞു കോണ്ടെ. യുവന്റസ്, ഇന്റർമിലാൻ, അത്ലാന്റ, ലാസിയോ, റോമ എന്നീ ടീമുകളാണ് കഴിഞ്ഞ സീസണിൽ യഥാക്രമം ആദ്യ അഞ്ച് സ്ഥാനങ്ങളിൽ എത്തിയത്. ആദ്യ നാല് സ്ഥാനക്കാർ തമ്മിൽ പോയിന്റെ നിലയിൽ പരമാവധി 5 പോയിന്റിന്റെ വ്യത്യാസമേയുള്ളൂ. അതിനാൽ തന്നെ ഏറെ കഷ്ടപ്പെട്ടെങ്കിലേ തുടർച്ചയായ പത്താം കിരീടം ഉയർത്താൻ യുവെക്ക് കഴിയൂവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
റോണോ വിസ്മയങ്ങൾ
യുവെയുെ പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനൊ റൊണാൾഡോ തന്നെയാണ് ഇത്തവണയും സിരി എയുടെ ബ്രാൻഡ് അംബാസഡർ. മുപ്പത്തിയാറാം വയസിലേക്ക് കടക്കുന്നതാരം ഇത്തവണയും മിന്നൽപ്പിണറാകുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ തവണ തുടർച്ചയായ 11 ലീഗ് മാച്ചുകളിൽ ഗോൾ നേടി റെക്കാഡിട്ടിരുന്നു അഞ്ച് തവണ ലോക ഫുട്ബാളർ ആയിട്ടുള്ള താരം.
പ്രധാന ട്രാൻസ്ഫറുകൾ
യുവന്റസ് -
ആർതുർ ബാഴ്സോലോണയിൽ നിന്ന്
വെസ്റ്റോൺ മക്കെന്നി ഷാൽക്കെയിൽ നിന്ന്
പോയവർ -പജാനിക്ക് (ബാഴ്സലോണ),എമ്റെ കാൻ (ഡോർട്ട്മുണ്ട്)
ബ്ലെയിസ് മറ്റ്യൂഡി (ഇന്റർമിലാൻ)
അത്ലാന്റ
മാരിയോ പസാലിച്ച് ചെൽസിയിൽ നിന്ന്
പോയവർ -തിമോത്തി കാസ്റ്റാഗ്നെ (ലെസ്റ്റർ)
ലാസിയോ
പെപെ റെയ്ന എ.സി മിലാനിൽ നിന്ന്
റോമ
മക്കിതര്യാൻ ആഴ്സനലിൽ നിന്ന്
പെഡ്രോ ചെൽസിയിൽ നിന്ന്
പോയവർ-ഫ്ലോറൻസി (പി.എസ്.ജി)
എ.സി മിലാൻ
റെബിച്ച് ഫ്രാങ്ക്ഫർട്ടിൽ നിന്ന്
പോയവർ- ആന്ദ്രേ സിൽവ (ഫ്രാങ്ക്ഫർട്ട്)
ഇന്റർമിലാൻ
അഷ്റഫ് ഹക്കിമി റയൽ മാഡ്രിഡിൽ നിന്ന്,
അലക്സി സാഞ്ചസ് മാൻ.യുണൈറ്റഡിൽ നിന്ന്
അലക്സാണ്ടർ കോളറോവ് റോമയിൽ നിന്ന്
പോയവർ- ഇകാർഡി (പി.എസ്.ജി),
36- തവണ ചാമ്പ്യൻമാരായ യുവന്റസാണ് സിരി എ കിരീടും സ്വന്തമാക്കിയവരിൽ ഏറ്റവും മുന്നിൽ
ടിവി ലൈവ് : സോണി ചാനലുകളിൽ
ലൈവ്സ്ട്രീമിംഗ് : സോണി ലൈവ്