മ്യൂണിക്ക് : കൊവിഡ് മുൻകരുതലുകളുമായി ജർമ്മൻ ബുണ്ടസ് ലിഗയുടെ 58-ാം പതിപ്പിന് ഇന്ന് രാത്രി തുടക്കമാകും. നിലവിലെ ചാമ്പ്യൻമാരായ ബയേൺ മ്യൂണിക്കും എഫ്.സി ഷാൽക്കെയും തമ്മിലുള്ള സീസണിലെ ഉദ്ഘാടന മത്സരത്തിന് ഇന്ത്യൻ സമയം രാത്രി 12നാണ് കിക്കോഫ്. തുടർച്ചയായ ഒമ്പതാം ബുണ്ടസ്ലിഗ കിരീടമാണ് ബയേൺ ലക്ഷ്യം വയ്ക്കുന്നത്.
തുടർച്ചയായി 30 മത്സരങ്ങളിൽ പരാജയമറിയാതെയാണ് യൂറോപ്യൻ ചാമ്പ്യൻമാരായ ബയേൺ ഇന്ന് ഷാൽക്കെയെ നേരിടുന്നത്. ലാലിഗ വമ്പൻമാരായ ബാഴ്സലോണയെ ചാമ്പ്യൻസ് ലീഗ് സെമിയിൽ 8-2ന് തകർത്ത് വിട്ടതിന്റെ ആത്മവിശ്വാസവും അവർക്ക് മുതൽക്കൂട്ടാണ്. ബയേണിന്റെ സൂപ്പർ സ്ട്രൈക്കർ റോബർട്ട് ലെവൻഡോവ്സ്കി 34 ഗോളുകളാണ് കഴിഞ്ഞ സീസണിൽ അടിച്ചു കൂട്ടിയത്. ബേയണിന്റെ പ്രധാന എതിരാളികളായ ബൊറൂഷ്യ ഡോർട്ട് മുണ്ട് നാളെ രാത്രി പത്തിന് സ്വന്തം തട്ടകത്തിൽ നടക്കുന്ന മത്സരത്തിൽ ബൊറൂഷ്യ മോൺചൻഗ്ലാഡ്ബാഷിനെ നേരിടും. വിസ്മയ ടീം ലെയ്പ്സിഗ് ഞായറാഴ്ച രാത്രി 7ന് തുടങ്ങുന്ന മത്സരത്തിൽ മെയിൻസിനെ നേരിടും.
ടിവി ലൈവ് : സ്റ്റാർ സ്പോർട്സ് സെലക്ട് 1/എച്ച്.ഡി
സ്റ്റാർ സ്പോർട്സ് സെലക്ട് 2/എച്ച്.ഡി
ലൈവ്സ്ട്രീമിംഗ് :ഡിസ്നി ഹോട്ട്സ്റ്റാർ
29 തവണ ചാമ്പ്യൻമാരായ ബയേൺ മ്യൂണിക്കാണ് ഏറ്രവും കൂടുതൽ തവണ ബുണ്ടസ് ലിഗ കിരീടം നേടിയത്.
365 ഗോളുകളടിച്ചിട്ടുള്ള ഗ്രെഡ് മുള്ളറാണ് ടോപ് സ്കോറർ
602 ചാർലി കോർബലാണ് ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ചിട്ടുള്ള താരം