ഐ.പി.എൽ : നാളെ ഉദ്ഘാടന മത്സരത്തിൽ മുംബയ്യും ചെന്നൈയും ഏറ്റുമുട്ടും
ദുബായ്: പതിവുപോലുള്ള ആഘോഷങ്ങളോ ആർഭാടങ്ങളോ ആരവങ്ങളോ ഇല്ലാതെ കൊവിഡ് കാലത്തെ ഐ.പി.എൽ സീസണിന് നാളെ തുടക്കമാകും. ഇന്ത്യൻ സമയം രാത്രി 7.30ന് അബുദാബിയിലെ ഷെയ്ക്ക് സയ്യിദ് സ്റ്റേഡിയത്തിൽ തുടക്കമാകുന്ന ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ മുംബയ് ഇന്ത്യൻസ് റണ്ണറപ്പുകളായ ചെന്നൈ സൂപ്പർ കിംഗ്സിനെ നേരിടും. കാണികൾക്ക് പ്രവേശനമില്ലാതെ പൂർണമായും കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ചാണ് മത്സരം നടക്കുക.
ചിയർ ലീഡേഴ്സും പാട്ടും ബഹളവും ആർപ്പുവിളികളുമായി പൂരപ്പറമ്പ് പോലെയുള്ള ഐ.പി.എൽ വേദികൾ ഇത്തവണ ശൂന്യമാകുമ്പോൾ ഗാലറിയിലെ ശൂന്യത കളിക്കളത്തിലും പ്രതിഫലിക്കുമോയെന്ന ആശങ്കയുണ്ടെങ്കിലും അത് അസ്ഥാനത്താണെന്നാണ് വിരാട് കൊഹ്ലിയെ പോലുള്ള താരങ്ങളുടെ മറുപടി. ഏതായാലും കൊവിഡ് വ്യാപനത്തിൽ കളിയാവേശം ചോർന്നുപോയ ക്രിക്കറ്റ് പ്രേമികൾക്ക് വലിയ ആശ്വാസം തന്നെയാണ് ഐ.പി.എൽ എന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.
അതീവ സുരക്ഷയിൽ
മാർച്ച് മുതൽ മേയ് വരെ നടത്താൻ തീരുമാനിച്ചിരുന്ന ഐ.പി.എല്ലിന്റെ പതിമ്മൂന്നാം സീസൺ കൊവിഡ് വ്യാപനത്തെ തുടർന്നാണ് യു.എ.ഇയിലേക്ക് മാറ്റാൻ തീരുമാനിച്ചത്. ഐ.പി.എല്ലിൽ പങ്കെടുക്കുന്ന എട്ട് ടീമുകളും ബയോ സെക്യുർ ബബിളിലാണ്. നേരത്തേ ചെന്നൈ ക്യാമ്പിൽ കൊവിഡ് ബാധയുണ്ടായെങ്കിലും ആശങ്കമാറി. അതേസമയം ചെന്നൈയുടെ ഋതുരാജ് ഇതുവരെ നെഗറ്റീവായില്ലെന്നും നാളെ ആദ്യ മത്സരത്തിനുണ്ടാകില്ലെന്നും റിപ്പോർട്ടുണ്ട്. ടൂർണമെന്റിൽ നിന്ന് ഇടയ്ക്ക് വച്ച് പിന്മാറിയ സുരേഷ് റെയ്നയ്ക്ക് പകരം ചെന്നൈ ബാറ്റിംഗ് ഓർഡറിൽ മുൻനിരയിൽ പരിഗണിക്കുന്ന താരമാണ് ഋതുരാജ്. മലയാളി കെ.എൻ. അനന്തപത്മനാഭൻ ഉൾപ്പെടെയുള്ള അമ്പയർമാരും മാച്ച് ഒഫീഷ്യൽസും കൊവിഡ് ടെസ്റ്റുകളിൽ നെഗറ്റീവാണെന്നുള്ളത് ഐ.പി.എൽ അധികൃതർക്ക് ആശ്വാസം നൽകുന്ന ഘടകമാണ്. മത്സര സമയത്ത് ഗ്രൗണ്ടിൽ ആളുകളുടെ സാന്നിധ്യവും നന്നായി കുറയ്ക്കും. ഇതുവരെ 20,000 ത്തോളം കൊവിഡ് ടെസ്റ്റുകൾ ഐ.പി.എല്ലുമായി ബന്ധപ്പെട്ട് നടത്തിയിട്ടുണ്ടെന്നാണ് വിവരം.
ടെലിവിഷൻ റേറ്റിംഗിൽ പ്രതീക്ഷ
കാണികൾക്ക് പ്രവേശനമില്ലാത്തതിനാൽ തന്നെ ടെലിവിഷനിലൂടെയും ലൈവ് സ്ട്രീമിംഗിലൂടെയും ഏറ്റവും കൂടുതൽ പേർ കാണുന്ന ഐ.പി.എൽ ആയിരിക്കുമിതെന്നാണ് പ്രതീക്ഷിക്കുന്നത്.
ബ്രോഡ്കാസ്റ്റേഴ്സ വലിയ പ്രതീക്ഷയിലാണെന്നും സ്റ്റേഡിയത്തിൽ പോകാൻ കഴിയാത്തതിനാൽ പ്രൈം ടൈമിൽ നടക്കുന്ന ഐ.പി.എൽ മത്സരങ്ങൾക്ക് മികച്ചറേറ്റിംഗ് കിട്ടുമെന്നാണ് കരുതുന്നതെന്നും ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. നവംബർ 10 വരെ 53 ദിവസം നീണ്ടു നിക്കുന്ന ടൂർണമെന്റിനിടെ സാഹചര്യം അനുകൂലമായാൽ കാണികളെ പ്രവേശിക്കാനാകുമെന്നും ഗാംഗുലി ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.
വാതുവയ്പിന് വലിയപൂട്ട്
വാതുവയ്പ് പോലുള്ള ആഴിമതികൾക്കെതിരെയും കനത്ത ജാഗ്രതയാണ്. ബബിളിലുള്ള താരങ്ങളുമായി പുറത്തുള്ളവർക്ക് സംസാരിക്കാൻ ബുദ്ധിമുട്ടാണ്. 2013ലെ വാതുവയ്പ് വിവാദത്തെ തുടർന്ന് ചെന്നൈ സൂപ്പർ കിംഗ്സിനെയും രാജസ്ഥാൻ റോയൽസിനേയും രണ്ട് സീസണിൽ ഐ.പി.എല്ലിൽ നിന്ന് വിലക്കിയിരുന്നു. ശ്രീശാന്ത് ഉൾപ്പെടെയുള്ള താരങ്ങൾക്കും വിലക്ക് ലഭിച്ചിരുന്നു. കായക രംഗത്തെ സുതാര്യമാക്കുന്നതും ഡാറ്റകൾ കൈകാര്യം ചെയ്യുകയും ചെയ്യുന്ന സ്പോർട്ട് റഡാർ കമ്പനിയുമായി ബി.സി.സി.ഐയുടെ അഴിമതി വിരുദ്ധവിഭാഗം കരാറിൽ ഒപ്പുവച്ചിട്ടുണ്ട്. ഇത്തവണത്തെ ഐ.പി.എൽ മത്സരങ്ങളെല്ലാം ബി.സി.സി.ഐ അഴിമതി വിരുദ്ധ വിഭാഗത്തിന്റെയും സ്പോർട് റഡാറിന്റെ പരിപൂർണ നിരീക്ഷണത്തിലായിരിക്കും.
കാലാവസ്ഥയും സാഹചര്യങ്ങളും
യു.എ.ഇയിലേ ചൂടേറിയ കാലാവസ്ഥ താരങ്ങൾക്ക് വലിയ വെല്ലുവിളിയാണ്. പ്രധാന മത്സരം ഇവിടത്തെ ചൂടിനോടായിരിക്കുമെന്ന് ചില താരങ്ങൾ അഭിപ്രായപ്പെട്ടു കഴിഞ്ഞു. കൊവിഡ് വ്യാപനത്തിന്റെ തുടക്കത്തിൽ ഇന്ത്യയിൽ ഏതെങ്കിലും ഒരിടത്തായി ഐ.പി.എൽ നടത്താമെന്ന ധാരണയിലായിരുന്നെങ്കിലും പിന്നീട് സ്ഥിതി നിയന്ത്രണാതീതമായോതോടെ ഇന്ത്യയ്ക്ക് പുറത്ത് നടത്താൻ നിർബന്ധിതമാവുകയായിരുന്നു അധികൃതർ. ഇന്ത്യയിലേതിൽ നിന്നും വ്യത്യസ്തമാണ് യു.എ.ഇയിലെ അവസ്ഥ. ഇവിടത്തെ സാഹചര്യങ്ങൾ ചില ടീമിന് പ്രതികൂലവും മറ്റുചിലർക്ക് അനുകൂലവുമായേക്കാം.
ഹോം, എവേ രീതിക്കും പുതിയ നിർവചനങ്ങളാണ്. ദുബായ്, അബുദാബി, ഷാർജ എന്നിവിടങ്ങളാണ് മത്സരവേദികൾ.
ടീമുകൾ കൂടുതൽ കളിക്കുന്ന സ്ഥലങ്ങളെ ബേസ്ഗ്രൗണ്ടായി കാണേണ്ടിവരും. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ, ഡൽഹി ക്യാപിറ്റൽസ്, ചെന്നൈ സൂപ്പർ കിംഗ്സ്, സൺറൈസേഴ്സ് ഹൈദരാബാദ്, രാജസ്ഥാൻ റോയൽസ് എന്നീ ടീമുകളുടെ പകുതി ഗ്രൂപ്പ് മത്സരങ്ങളും ദുബായിലാണ്. മുംബയ് ഇന്ത്യൻസിനും കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനും കൂടുതൽ മത്സരങ്ങൾ അബുദാബിയിലാണ്. ഇത് വരെയുള്ള ചരിത്രം അനുസരിച്ച് അബുദാബിയിലെയും ദുബായിലെയും ഗ്രൗണ്ടുകളിലെ സാഹചര്യങ്ങളിൽ വലിയ വ്യത്യാസമില്ല. എന്നാൽ ഷാർജയിലെ സ്ഥിതി വ്യത്യസ്തമാണ്. ഇവിടെ എല്ലാ ടീമുകൾക്കും മൂന്ന് മത്സരം വീതമാണുള്ളത്.
സ്പിന്നും ടോസും
പാകിസ്ഥാൻ സൂപ്പർ ലീഗ് ഉൾപ്പെടെ ഇവിടെ നടന്ന മുൻകാല ട്വന്റി-20 മത്സരങ്ങൾ പരിശോധിച്ചാൽ സ്പിന്നർമാർക്ക് പ്രധാന റോളാണ് ഉള്ളത്. അത് പോലെ തന്നെ ടോസും നിർണായകമാണ്. രാത്രി ഗ്രൗണ്ടിൽ ഈർപ്പമുണ്ടാകാനുള്ള സാഹചര്യം കൂടി പരിഗണിക്കുമ്പോൾ. പി.എസ്.എല്ലിലും മറ്റും ടോസ് നേടിയ ടീമുകളാണ് വിജയ ശതമാനത്തിൽ മുൻപിൽ.
ആളുകൾക്ക് ഗ്രൗണ്ടിൽ നേരിട്ട് കളികാണാൻ എത്താൻ കഴിയാത്തതിനാൽ ചാനൽ റേറ്റിംഗിൽ ഇത്തവണത്തെ ഐ.പി.എൽ സീസൺ ഏറെ മുന്നേറുമെന്നാണ് ബ്രോഡ്കാസ്റ്റേഴ്സിന്റെ കണക്കുകൂട്ടൽ. പ്രൈം ടൈമിൽ മുൻവർഷങ്ങളിലേക്കാൾ കൂടുതൽ പേർ ടിവിയിലൂടെ കളികാണുമെന്നാണ് കരുതുന്നത്. കൊവിഡ് വ്യാപനത്തിന്റെ തോത് കുറഞ്ഞ് സാഹചര്യം അനുകൂലമായാൽ നവംബർ വരെ നീളുന്ന ടൂർണമെന്റിൽ കാണികളെ പ്രവേശിക്കാൻ കഴിയുമെന്ന ശുഭപ്രതീക്ഷയുണ്ട്. സാമൂഹിക അകലം പാലിച്ച് 30 ശതമാനം കാണികളെയെങ്കിലും ഗ്രൗണ്ടിൽ പ്രവേശിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷ.
സൗരവ് ഗാംഗുലി