നെടുമങ്ങാട്: ഈറ്റത്തൊഴിലാളി കുടുംബങ്ങൾക്ക് തൊഴിൽ സുരക്ഷ ഉറപ്പാക്കാൻ നെടുമങ്ങാട് കേന്ദ്രമാക്കി ബാംബൂ പ്ലൈ ഫാക്ടറി ആരംഭിക്കണമെന്ന ആവശ്യം ബധിര വിലാപമാകുന്നു. കൊവിഡ് കാല അതിജീവനത്തിന് വഴി കാണാതെ വലയുന്ന പരമ്പരാഗത തൊഴിലാളി കുടുംബങ്ങൾക്ക് ഈറ്റ ലഭ്യമാക്കാനും മികച്ച വില ഉറപ്പാക്കാനും ബാംബൂ ഫാക്ടറി വഴിയൊരുക്കുമെന്നാണ് വിലയിരുത്തൽ. മേൽത്തരം ഗുണമേന്മയുള്ളതും മഴ നനഞ്ഞാൽ ദ്രവിക്കാത്തതും കീടബാധ ഏൽക്കാത്തതുമായ ബാംബൂ പ്ലൈ നിർമ്മിച്ച് വിപണിയിൽ വിറ്റഴിക്കാൻ ഫാക്ടറി ഉപകരിക്കും. നിലവിൽ സംസ്ഥാന ബാംബൂ കോർപ്പറേഷന്റെ കീഴിൽ അങ്കമാലിയിൽ മാത്രമാണ് ഫാക്ടറിയുള്ളത്. കോർപ്പറേഷന്റെ കീഴിലുള്ള ബാംബൂ ഡിപ്പോകൾ മുഖേനെ തൊഴിലാളികൾക്ക് ബാംബൂ പ്ലൈ വിതരണം ചെയ്യുന്നുണ്ടെങ്കിലും തലസ്ഥാന ജില്ലയിൽ വിതരണം ചെയ്യുന്നില്ല. സാമൂഹ്യ വനവത്കരണം വ്യാപകമായ ജില്ലയിലെ കാടുകളിൽ ഈറ്റ പൂർണമായും അപ്രത്യക്ഷമായ സ്ഥിതിയാണുള്ളത്. ഈറ്റ വെട്ട് തൊഴിലാളികളും ഉത്പന്നങ്ങൾ നെയ്തെടുത്ത് കോർപ്പറേഷൻ ഡിപ്പോകളിൽ വിറ്റിരുന്ന കരകൗശല കുടുംബങ്ങളും പട്ടിണിയുടെ പിടിയിലാണ്. നെടുമങ്ങാട്, കാട്ടാക്കട താലൂക്കുകളിലായി എഴുപതോളം ഈറ്റത്തൊഴിലാളി ഗ്രാമങ്ങളുണ്ട്. ഈറ്റ ക്ഷാമത്തിന്റെ പേരിൽ കോർപ്പറേഷൻ ഡിപ്പോകൾ പലതും അടഞ്ഞു കിടപ്പാണ്.
ഈറ്റക്ഷാമത്തിൽ വലഞ്ഞ് തൊഴിലാളി കുടുംബങ്ങൾ
നെടുമങ്ങാട്, കാട്ടാക്കട താലൂക്കുകളിൽ 70 ഈറ്റത്തൊഴിലാളി ഗ്രാമങ്ങൾ
പ്രവർത്തന സജ്ജമല്ലാതെ ബാംബൂ കോർപ്പറേഷൻ ഡിപ്പോകൾ
പട്ടിണിയിൽ തൊഴിലാളി കുടുംബങ്ങൾ
5 വർഷമായി പനമ്പിന് ഒരേ വില !
പനമ്പ് വില വർദ്ധിപ്പിക്കാൻ അധികൃതർ കൂട്ടാക്കാത്തതും തൊഴിലാളികളെ വട്ടം ചുറ്റിക്കുന്നുണ്ട്. ഉൾവനങ്ങളിൽ സഞ്ചരിച്ച് ശേഖരിക്കുന്ന ഈറ്റ നെയ്ത് പനമ്പുകളാക്കി മാർക്കറ്റിലെത്തിച്ചാൽ തുച്ഛമായ വിലയാണ് പ്രതിഫലം ലഭിക്കുന്നത്. പനമ്പിന്റെ അളവ് അനുസരിച്ച് കൃത്യമായ വില നിശ്ചയിക്കാൻ വ്യവസായ വകുപ്പിലെ ഉദ്യോഗസ്ഥർ മെനക്കെടുന്നില്ലെന്ന് തൊഴിലാളികൾ ആരോപിക്കുന്നു.