കോവളം: പ്രളയം നൽകിയ ദുരിതത്തിൽ നിന്നു കരകയറാൻ ശ്രമിച്ച ടൂറിസം മേഖല കൊവിഡ് സമ്മാനിച്ച ആഘാതത്തിൽ നിന്ന് ഇതുവരെ കരകയറിയിട്ടില്ല. ടൂറിസം മേഖലയിലെ നിയന്ത്രണങ്ങളും ഇതുവരെ നീക്കിയിട്ടില്ല. ദിനംപ്രതി ആയിരക്കണക്കിന് വിദേശികൾ എത്തിയിരുന്ന കോവളം തീരം വിജനമാണ്. വിനോദസഞ്ചാര മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന നിരവധി പേരും ഇതോടെ ദുരിതത്തിലായി. കൊവിഡിന്റെ പശ്ചാത്തലത്തിൽ റൂം ബുക്ക് ചെയ്തിരുന്ന പല വിദേശികളും ഇവ റദ്ദാക്കി. ബീച്ചിലെ ശുചീകരണത്തൊഴിലാളികൾ മുതൽ ഫൈവ് സ്റ്റാർ ഫെസിലിറ്റി വരെയുള്ള ഹോട്ടലുകളിൽ ജോലി ചെയ്യുന്ന ജീവനക്കാർ വരെ ജോലിയില്ലാതെ കഷ്ടപ്പെടുകയാണ്. തീരത്തെ മോടിപിടിപ്പിക്കാൻ ലക്ഷ്യമിട്ട് ആരംഭിച്ച 20 കോടിയുടെ തീരവികസന പദ്ധതിയും അനിശ്ചിതത്വത്തിലാണ്. കോവളം തീരത്ത് വിദേശികൾ ഉൾപ്പെടെയുള്ളവർ കരകൗശല വിപണനശാലകളിലാണ് കൂടുതലായെത്തുന്നത്. ലക്ഷക്കണക്കിന് രൂപയുടെ കച്ചവടമുണ്ടായിരുന്ന കടകൾ ഇപ്പോൾ അടഞ്ഞുകിടക്കുകയാണ്. പെട്ടെന്നുള്ള വിലക്കു കാരണം കടയുടമകൾക്ക് വലിയ നഷ്ടമാണുണ്ടായത്. റസ്റ്റോറന്റുകളുടെയും അവസ്ഥ ഇതുതന്നെയാണ്. ആയിരത്തിലധികം കുടുംബങ്ങളുടെ ഉപജീവനമാർഗമായ ടാക്സി സർവീസ് മേഖലയും കൊവിഡിൽ തളർന്നു. കോവളത്തുമാത്രം ഇരുനൂറോളം ടാക്സികൾ സർവീസ് നടത്തുന്നുണ്ട്. കൊവിഡ് വ്യാപനം പകുതിയോളം പേരുടെ ജോലി ഇല്ലാതാക്കി.
കോവളത്ത് പ്രവർത്തിക്കുന്നത് - 165 ഹോട്ടലുകൾ
തൊഴിൽ ചെയ്യുന്നത് 10,000 പേർ
കേരളത്തിലെത്തിയ സഞ്ചാരികൾ
----------------------------------------------------
2019ൽ 1.96 കോടി
2018ൽ 1.67 കോടി