കോട്ടയം : മന്ത്രി ജലീലിന്റെ രാജി ആവശ്യപ്പെട്ട് കേരള കോൺഗ്രസ് ജോസഫ് വിഭാഗവും, യൂത്ത് കോൺഗ്രസും നടത്തിയ കളക്ടറേറ്റ് മാർച്ചിൽ സംഘർഷം. പൊലീസ് ലാത്തിച്ചാർജിൽ കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ, കെ.പി.സി.സി സെക്രട്ടറി നാട്ടകം സുരേഷ്, ഡി.സി.സി സെക്രട്ടറി ജോണി ജോസഫ്, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്തു കുര്യൻ ജോയി, നിയോജക മണ്ഡലം പ്രസിഡന്റ് രാഹുൽ മറിയപ്പള്ളി, റൂബൻ തോമസ് എന്നിവർക്ക് പരിക്കേറ്റു.
ഇന്നലെ രാവിലെ 11 ഓടെയാണ് സെൻട്രൽ ജംഗ്ഷനിൽ നിന്ന് യൂത്ത് കോൺഗ്രസ് പ്രകടനം ആരംഭിച്ചത്. കളക്ടറേറ്റിന് മുന്നിൽ ബാരിക്കേഡ് ഉയർത്തി പ്രവർത്തകരെ പൊലീസ് തടഞ്ഞു. ബാരിക്കേഡ് തകർത്ത് ഉള്ളിൽ പ്രവേശിക്കാനുള്ള ശ്രമം ഉന്തിലും തള്ളിലും കലാശിച്ചു. ലാത്തി പിടിച്ചു വാങ്ങി പ്രവർത്തകർ വലിച്ചെറിഞ്ഞതോടെ പൊലീസ് ആദ്യ റൗണ്ട് ലാത്തി വീശി. ഇതിനിടെ തലയ്ക്ക് അടിയേറ്റ് സജി മഞ്ഞക്കടമ്പിൽ റോഡിൽ വീണു. തലപൊട്ടി ചോരയൊഴുകി നിലത്തു വീണ ഇദ്ദേഹത്തിന് ചുറ്റിലും കൂടിയിരുന്ന പ്രവർത്തകരെ പിരിച്ചു വിടാൻ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. അരമണിക്കൂറോളം റോഡ് ഉപരോധിച്ച പ്രവർത്തകർ പിന്നീട് പിരിഞ്ഞു പോയി. സജിയെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
15 മിനിറ്റിന് ശേഷമാണ് യൂത്ത് കോൺഗ്രസ് പ്രകടനം എത്തിയത്. നാട്ടകം സുരേഷ് മാർച്ച് ഉദ്ഘാടനം ചെയ്തു. ഇതിനു ശേഷം പിരിഞ്ഞു പോകാതെ നിന്ന പ്രവർത്തകർ കെ.കെ റോഡ് ഉപരോധിച്ചു. ഇതിനിടെ ബാരിക്കേഡിൽ കുത്തിയിരുന്ന കൊടിയെടുക്കാൻ എന്ന വ്യാജേന മുന്നോട്ടുവന്ന പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. തുടർന്ന് പൊലീസുമായി കൈയാങ്കളിയിൽ ഏർപ്പെട്ടു. ഇതോടെ പൊലീസ് ലാത്തി വീശുകയായിരുന്നു. പരിക്കേറ്റ പ്രവർത്തകരെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം യൂത്ത് കോൺഗ്രസ് നഗരത്തിൽ വീണ്ടും പ്രകടനം നടത്തി. സെൻട്രൽ ജംഗ്ഷനിൽ വച്ച് പൊലീസും പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. മുതിർന്ന നേതാക്കൾ ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്.