പാലക്കാട്: മരുഭൂമിക്ക് സമമായി കിടന്ന മണ്ണിൽ പച്ചപ്പ് വിരിയിച്ച് മലമ്പുഴ ജില്ലാ ജയിൽ. എട്ടേക്കറിൽ പരന്നുകിടക്കുന്ന ഭൂമിയിൽ കെട്ടിടം ഒഴിച്ചുള്ള ബാക്കി എല്ലാ സ്ഥലത്തും കൃഷി ചെയ്തിട്ടുണ്ട്.
ഒന്നരയേക്കർ സ്ഥലത്ത് കൂർക്ക, 20 സെന്റിൽ കരനെൽ കൃഷി, പത്ത് സെന്റിൽ റാഗി, 20 സെന്റിൽ നിലക്കടല, രണ്ടേക്കറിൽ മരച്ചീനി, അരയേക്കറിൽ രണ്ടുതരം മധുരക്കിഴങ്ങ്, 100 തെങ്ങിൻതൈകൾ, അടയ്ക്ക, പപ്പായ, ചോളം, വാഴ തുടങ്ങിയവയെല്ലാം കൃഷി ചെയ്തു.
കൂർക്ക അടുത്ത മാസം വിളവെടുക്കും. ഇതിനു പുറമെ മുളക്, വഴുതനങ്ങ, വെണ്ടയ്ക്ക, ചീര തുടങ്ങിയ പച്ചക്കറികളും തീറ്റപ്പുൽ കൃഷിയുമുണ്ട്. കെട്ടിടത്തിന്റെ നടുമുറ്റത്ത് പൂന്തോട്ടവും ഒരുക്കി.
എല്ലാം ജൈവകൃഷി
പൂർണമായും ജൈവവളമാണ് പ്രയോഗിക്കുന്നത്. ഉത്പാദിപ്പിക്കുന്ന പച്ചക്കറി ജയിൽ അടുക്കളയിൽ ഉപയോഗിക്കുന്നതിനാൽ ഹോർട്ടികോർപ്പിൽ നിന്ന് കുറച്ച് വാങ്ങിയാൽ മതി. മാലിന്യ സംസ്കരണത്തിന്റെ ഭാഗമായി ശുചിത്വ മിഷന്റെ നേതൃത്വത്തിൽ പത്തുലക്ഷം രൂപ ചെലവിട്ട് ബയോഗ്യാസ് പ്ലാന്റ് നിർമ്മിച്ചിട്ടുണ്ട്. ക്ഷിപ്രവനം പദ്ധതിയുടെ ഭാഗമായി നട്ട ഇരുന്നൂറോളം ഫലവൃക്ഷത്തൈകളും വളർന്നുവരുന്നു.
സമ്മിശ്ര കൃഷിക്ക് ജില്ലാ ജയിൽ സൂപ്രണ്ട് കെ.അനിൽകുമാറിന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് പ്രിസൺ ഓഫീസർമാരായ രാജേഷ്, ഷമീർ, മുരളീകൃഷ്ണൻ, വനിതാ ജീവനക്കാരായ മിനിമോൾ, ഷർമ്മിള തുടങ്ങിയവർ എല്ലാവിധ സഹകരണവും നൽകുന്നു. 20 തടവുകാരാണ് കൃഷിപ്പണി ചെയ്യുന്നത്. നിലവിൽ 150 തടവുകാരാണ് ജയിലിലുള്ളത്.
ഇനി സോളാർ വൈദ്യുതിയും
ജില്ലാ ജയിൽ കെട്ടിടത്തിന്റെ മേൽക്കൂരയിൽ കെ.എസ്.ഇ.ബിയുടെ ചെലവിൽ സോളാർ പാനൽ സ്ഥാപിക്കാനുള്ള പദ്ധതി പുരോഗതിയിലാണ്. 300 കിലോവാട്ട് ശേഷിയുള്ള സോളാർ നിലയമാണ് സ്ഥാപിക്കുക. കെ.എസ്.ഇ.ബി പരിശോധന പൂർത്തിയായി. ഇനി വിശദമായ പദ്ധതി രേഖ സർക്കാരിന് സമർപ്പിക്കണം. പദ്ധതി നടപ്പായാൽ ഒരു ദിവസം 1200 യൂണിറ്റ് സോളാർ വൈദ്യുതി ഉത്പാദിപ്പിക്കാനാവും. 25 വർഷത്തേക്ക് സ്ഥലം വൈദ്യുത വകുപ്പിന് പാട്ടത്തിന് നൽകുന്നതിലൂടെ 10% വൈദ്യുതി സൗജന്യമായി ലഭിക്കും. ഇതോടെ വൈദ്യുതി ചാർജ്ജും കുറയും. സംസ്ഥാനത്ത് ആദ്യമായാണ് കെ.എസ്.ഇ.ബിയുടെ ചെലവിൽ ഒരു ജില്ലാ ജയിലിൽ സോളാർ സ്ഥാപിക്കുന്നത്.
-കെ.അനിൽകുമാർ, ജില്ലാ ജയിൽ സൂപ്രണ്ട്, പാലക്കാട്.