സിനിമകളിൽ ചാൻസ് നേടി പല ലൊക്കേഷനുകളിലും ഞാൻ പോയിട്ടുണ്ട്.
ആദ്യം വിളിച്ചത് ജൂനിയർ ആർട്ടിസ്റ്റായിട്ടാണെന്ന് തിരിച്ചറിഞ്ഞപ്പോൾ സിനിമ
വേണ്ടെന്ന് വരെ വച്ചതാണ്. എന്നാൽ അതിനെയൊക്കെ അതിജീവിക്കാൻ
പലരും സഹായിച്ചിട്ടുണ്ട് -ആസിഫ് അലി തുറന്നു പറയുന്നു
ഉർവ്വശി ശാപം ഉപകാരമായെന്ന ചൊല്ലിന്റെ പൊരുൾ ഈ ലോക് ഡൗൺ കാലത്താണ് ആസിഫ് അലിക്ക് ശരിക്കും ബോദ്ധ്യപ്പെട്ടത്.
ഷൂട്ടിംഗ് തിരക്കുകൾക്കിടയിൽ കുടുംബത്തിന് വേണ്ടി നീക്കിവയ്ക്കാൻ സമയം കിട്ടുന്നില്ലെന്ന പരാതിക്ക് പരിഹാരമായത് ലോക്ക് ഡൗൺ കാലത്താണ്.
''കുടുംബത്തിന് വേണ്ടത്ര സമയം കൊടുക്കുന്നുണ്ടെങ്കിലും ഒരുമിച്ചുള്ള യാത്രകളൊന്നും നടക്കുന്നില്ലായിരുന്നു. മംഗലാപുരത്ത് അണ്ടർ വേൾഡിന്റെ ഷൂട്ടിംഗ് നടക്കുന്ന സമയത്ത് ഒരു ദിവസം രാത്രി വീഡിയോ കാൾ ചെയ്യുമ്പോൾ എന്റെ മോൾ ഡാഡേ... നോക്കിയേ എന്ന് പറഞ്ഞപ്പോഴാണ് എന്റെ മോള് സംസാരിച്ച് തുടങ്ങിയെന്ന് ഞാനറിയുന്നത്. അതെനിക്ക് വലിയ വിഷമമായി. ആ സിനിമയുടെ ഷൂട്ടിംഗിനും മറ്റുമായി മൂന്ന് മാസമാണ് ഞാൻ വീട്ടിൽ നിന്ന് മാറി നിന്നത്. ആ സിനിമ കഴിഞ്ഞയുടൻ ഞാൻ കുടുംബത്തോടൊപ്പം ഒരു ദുബായ് ട്രിപ്പിന് പോയി.''
ആസിഫ് പറഞ്ഞു തുടങ്ങി. ആസിഫിനെ കേട്ടിരിക്കുകയാണ് ഭാര്യ സമ.
ആസിഫിന്റെ മകൻ ആദത്തിന് ആറ് വയസായി. മകൾ ഹയയ്ക്ക് മൂന്ന് വയസാകുന്നു.''ഡാഡയോടാണോ മമ്മയോടാണോ കൂടുതലിഷ്ടം'' ആസിഫിന്റെ മക്കളോട് ചോദിച്ചു.ആസിഫിനെയും സമയെയും മാറിമാറി നോക്കി ആദവും ഹയയും പറഞ്ഞു: ''ഡാഡയെ''.
''അതല്ലെങ്കിലും അങ്ങനെയാ.... പാലിങ്ങും കൂറങ്ങും.'' സമ മക്കളെ നോക്കി പിണക്കം നടിച്ചു. മക്കളുടെ മുഖത്തെ അപ്പോഴത്തെ ഭാവം കണ്ട് ആസിഫിന് ചിരിയടക്കാനായില്ല.
''ആസിഫ് ഗേൾഫ്രണ്ട്സിനെപ്പറ്റിയൊക്കെ പറയാറുണ്ടോ?'' സമയോടായിരുന്നു ചോദ്യമെങ്കിലും മറുപടി പറഞ്ഞത് ആസിഫായിരുന്നു. ''എന്റെ ജിവിതത്തിൽ കുറേ പെൺകുട്ടികൾ കടന്ന് വന്നിട്ടുണ്ട്. അതിപ്പോൾ ഗേൾഫ്രണ്ട്സാവണമെന്നില്ല. സുഹൃത്തുക്കളാകാം, ടീച്ചേഴ്സാവാം, പല വേഷങ്ങളിൽ അവർ വരും. അവരൊക്കെ എന്നെ മോട്ടിവേറ്റ് ചെയ്തിട്ടുണ്ട്. സിനിമകളിൽ ചാൻസ് നേടി പല ലൊക്കേഷനുകളിലും ഞാൻ പോയിട്ടുണ്ട്. ആദ്യം വിളിച്ചത് ജൂനിയർ ആർട്ടിസ്റ്റായിട്ടാണെന്ന് തിരിച്ചറിഞ്ഞപ്പോൾ സിനിമ വേണ്ടെന്ന് വരെ വച്ചതാണ്. എന്നാൽ അതിനെയൊക്കെ അതിജീവിക്കാൻ പലരും സഹായിച്ചിട്ടുണ്ട്. അതിൽ കുറേ ഗേൾ ഫ്രണ്ട്സുമുണ്ടായിരുന്നു.
ഞാൻ വളരെ ട്രാൻസ്പെരന്റാണ്. പഴയ കഥകളൊക്കെ പറയാൻ എനിക്ക് വലിയ ഇഷ്ടമാണ്. പണ്ട് പറ്റിയ അബദ്ധങ്ങളും മറ്റും സമയോട് പറഞ്ഞിട്ടുണ്ട്. എന്റെ ഗേൾഫ്രണ്ട്സിൽ പലരെയും സമ കണ്ടിട്ടുണ്ട്. എല്ലാവരുമായും അടുപ്പവുമുണ്ട്.ആസിഫ് പറഞ്ഞതൊക്കെ ശരിവച്ച് സമ ചിരിയോടെ തലയാട്ടി. ''ആസിഫ് ഷൂട്ടിംഗിന് പോയാൽ ഫോണിൽ കിട്ടാറുണ്ടോ""യെന്ന ചോദ്യത്തിന് ഒരു പൊട്ടിച്ചിരിയായിരുന്നു സമയുടെ മറുപടി.
''ലൊക്കേഷനിലാണെങ്കിൽ മിക്കപ്പോഴും ആസിഫിക്കയുടെ അസിസ്റ്റന്റ്സിന്റെ ഫോണിലായിരിക്കും വിളിക്കുക. ഷൂട്ടിംഗ് കഴിഞ്ഞെങ്കിൽ ഹോട്ടലിലേക്ക് വിളിക്കും. അപ്പോൾ ഇക്ക ഫോൺ ഓൺ ചെയ്ത് തിരിച്ച് വിളിക്കും.''ഫോൺ എടുക്കാതിരിക്കുന്നത് ആരെയും ഒഴിവാക്കാൻ വേണ്ടിയല്ല. എന്തോ ഒരു ഫോബിയ ആണത്. ""സമയെ നോക്കി ആസിഫ് പറഞ്ഞു.
ആസിഫ് എങ്ങനെയുള്ള ഭർത്താവാണ്?
ഞാൻ എങ്ങനെയുള്ള ഭർത്താവാണെന്ന് ചോദിക്കുന്നതിനെക്കാൾ സമ എങ്ങനെയുള്ള ഭാര്യയാണെന്ന് ചോദിക്കുന്നതായിരിക്കും നല്ലത്. എന്റെ മൂഡ് മാറുന്നത് എപ്പോഴാണെന്ന് പറയാൻ പറ്റില്ല. പിന്നെ ഫോണും എടുക്കില്ല. അതെല്ലാം മനസിലാക്കി അഡ്ജസ്റ്റ് ചെയ്യുന്ന ഭാര്യയാണ് സമ.
ആസിഫിന്റെ സിനിമകൾ കണ്ടിട്ട് സമ അഭിപ്രായം പറയാറില്ലേ?
പറയാറുണ്ട്. എന്റെ എല്ലാ സിനിമകളും സമ കാണാറുണ്ട്. ഞങ്ങൾ ഒന്നിച്ചും സിനിമ കാണാൻ പോകാറുണ്ട്. മിക്ക സിനിമകളും കഴിവതും ഞാൻ റിലീസ് ഡേ തന്നെ കാണാൻ ശ്രമിക്കാറുണ്ട്. അതിൽ നിന്ന് കിട്ടുന്ന പ്രേക്ഷക പ്രതികരണമറിഞ്ഞേ ഞാൻ സിനിമകളുടെ പ്രൊമോഷന് പോലും പോകാറുള്ളൂ. മനസില്ലാ മനസോടെ ഒരു സിനിമ പ്രൊമോട്ട് ചെയ്യാൻ എനിക്ക് പറ്റില്ല.''എറണാകുളത്ത് ലാൽ മീഡിയയുടെ തൊട്ട് പിറകിലാണ് ആസിഫ് അലിയുടെ വാടക വീട്.""തൊടുപുഴയിൽ ജനിച്ച് വളർന്നയാളായത് കൊണ്ട് നല്ല പറമ്പും മുറ്റവുമൊക്കെയുള്ള ഒരു വീട് സ്വന്തമായി വേണമെന്ന് ആഗ്രഹമുണ്ട്. എന്റെ കുഞ്ഞുങ്ങളും അങ്ങനെ വളരണമെന്ന് ആഗ്രഹമുണ്ട്. ഇവിടെ ഞാനും സമയും പിള്ളേരും മാത്രമേയുള്ളൂ. ഞാൻ ഷൂട്ടിംഗിന് പോകുന്ന സമയത്ത് സമയുടെ വാപ്പയും ഉമ്മയും വന്ന് നിൽക്കും.എന്റെ വാപ്പയും ഉമ്മയും അനുജൻ അസ്കറും തൊടുപുഴയിലെ വീട്ടിലാണ്.
അനിയൻ അസ്കർ അലിക്കൊപ്പമൊരു സിനിമ?
എനിക്ക് വലിയ ആഗ്രഹമുണ്ട്. ഉറപ്പായും ചെയ്യണം. ഞാനും അവനും തമ്മിൽ ഏഴര വയസിന്റെ വ്യത്യാസമുണ്ട്. ഒരു മൂത്ത ചേട്ടനും അനിയനും തമ്മിലുള്ള അകലമുണ്ട് ഞങ്ങൾ തമ്മിൽ.എന്നെക്കാൾ സമയോടാണ് അവന് കൂടുതൽ അറ്റാച്ച്മെന്റ്. പൈസയ്ക്ക് ആവശ്യമുണ്ടെങ്കിലും അവൻ എന്നെ വിളിക്കില്ല ചേട്ടത്തിയോടേ ചോദിക്കൂ. ഞാനും ഹാപ്പി. സമ എല്ലാ കാര്യങ്ങളും കൃത്യമായി നോക്കിക്കോളും.