ഏതാനും മാസങ്ങൾക്ക് മുൻപ് ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലാ ഭരണകൂടം നവജാത ശിശുക്കളുടെ ജനനവുമായി ബന്ധപ്പെട്ടൊരു സർവേ നടത്തി. ജില്ലാ ഭരണകൂടത്തിന്റെ നടപടി അസാധാരണമായൊരു കണ്ടുപിടിത്തത്തിനാണ് വഴിവച്ചത്. ജില്ലയിലെ 500 ഗ്രാമങ്ങളിൽ 132ലും സർവേ നടന്ന മൂന്ന് മാസകാലയളവിൽ ഒരു പെൺകുഞ്ഞുപോലും പിറന്നിട്ടില്ല. ഇതെന്ത് അത്ഭുതമെന്ന് അന്വേഷിക്കാൻ ജില്ലാ മജിസ്ട്രേറ്റ് ആശിഷ് ചൗഹാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. അന്വേഷണ സംഘത്തിന്റെ യാത്ര അവസാനിച്ചതാകട്ടെ കുടിലിന് സമാനമായ ഒറ്റമുറികളിൽ പ്രവർത്തിക്കുന്ന അനധികൃത ഗർഭഛിദ്ര സെന്റുകളിലും തുടർന്ന് ആ പിഞ്ചുപൈതങ്ങളുടെ ചോര ഒഴുകി ഇല്ലാതെയായ ഓടകളിലുമാണ്.
1994 മുതൽ ഇന്ത്യയിൽ ലിംഗനിർണയവും പെൺഭ്രൂണഹത്യയും നിരോധിച്ചതല്ലേ എന്ന ചോദ്യം മനസിലുദിക്കുന്നുണ്ടോ? എന്നാൽ അത്തരത്തിൽ നിരോധിക്കപ്പെട്ട പല സ്ഥാപനങ്ങളും പകൽ വെളിച്ചത്തിൽ തന്നെ പ്രവർത്തിക്കുന്ന ആർഷഭാരതത്തിലാണ് നമ്മൾ ജീവിക്കുന്നതെന്ന് അറിയാതെ പോകരുത്. കുട്ടികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന യുനിസെഫിന്റെ റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ ദിനംപ്രതി രണ്ടായിരം പെൺകുഞ്ഞുങ്ങൾ പിറക്കും മുമ്പേ പരലോകം പുൽകുന്നുണ്ടത്രേ. കേൾക്കുമ്പോൾ കാതുപൊത്താൻ തോന്നുമെങ്കിലും പറയാതെ വയ്യ ഈ ക്രൂരതകളുടെ കഥ...
ബേട്ടിയോം കൊ ബച്ചാവോ !
അസമിലെ ചിരാംഗ് ജില്ലയിൽ നാലും പെൺകുഞ്ഞുങ്ങൾ പിറന്ന നിരാശയിൽ അവസാനം പിറന്ന കുഞ്ഞിന് വിഷം നൽകി കൊലപ്പെടുത്തിയ അച്ഛൻ ഈ മാസം അഞ്ചിന് വാർത്തകളിൽ ഇടം നേടിയിരുന്നു. മധുരയിൽ നാലാമതും പെൺകുഞ്ഞ് ജനിച്ചതിൽ അസംതൃപ്തരായ അച്ഛൻ തവമണിയും അമ്മൂമ്മ പാണ്ടിയമ്മാളും ചേർന്ന് നാലുദിവസം പ്രായപൂർത്തിയായ കുഞ്ഞിനെ എരിക്കിൻ പാൽ നൽകി കൊലപ്പെടുത്തിയ സംഭവം ഒരു മാസം മുൻപാണ്. ഇതൊക്കെ തമിഴ്നാട്ടിലും ഉത്തരേന്ത്യയിലുമല്ലേ, സമ്പൂർണ സാക്ഷര കേരളത്തിൽ ഇതൊക്കെ കഥകൾ മാത്രമല്ല എന്ന് ചിന്തിക്കാൻ വരട്ടെ. നാല് മാസം മുൻപ് നമ്മുടെ അങ്കമാലിയിൽ ഒരച്ഛൻ 54 ദിവസം പ്രായമുള്ള കുഞ്ഞിനെ കാലിൽ പിടിച്ചു ചുഴറ്റി കട്ടിലിലേക്ക് എറിഞ്ഞത് അവൾ പെണ്ണായി പിറന്നുവെന്നതിനാൽ മാത്രമാണ്. പെണ്ണായി ജനിച്ചതിനാൽ മാത്രം കൊല്ലപ്പെടേണ്ടിവരുന്ന, പീഡനങ്ങൾ ഏറ്റുവാങ്ങേണ്ടിവരുന്ന ഈ സാധുജന്മങ്ങൾ എന്ത് തെറ്റാണ് ചെയ്തത് ?
കുട്ടി പെണ്ണാണെന്നറിഞ്ഞാലുടൻ ശ്വാസം മുട്ടിച്ചും ഉമി വായിലിട്ടുകൊടുത്തും വെള്ളത്തിൽ മുക്കിപ്പിടിച്ചും കാ ലിൽത്തൂക്കി കുടഞ്ഞും കൊല്ലുന്ന പൈശാചിക രീതികൾ ഇന്നും നമ്മുടെ അയൽ സംസ്ഥാനങ്ങളിൽ നിലനിൽക്കുന്നുണ്ട്. ജനിച്ചയുടനെ പെൺകുഞ്ഞിനെ കൊല്ലുന്ന 'അതിക്രൂര'മായ ഏർപ്പാട് കുറഞ്ഞു വന്നത്, പുതിയ സാങ്കേതിക വിദ്യകളുടെ ഉദയത്തോടെയാണ്. ഗർഭസ്ഥശിശുവിന്റെ ലിംഗനിർണയം നടത്താൻ, 1978മുതൽ ഉപയോഗിച്ചുവരുന്നത്, അവരിലെ ജനിതക പ്രശ്നങ്ങളും വളർച്ചാപ്രശ്നങ്ങളുമൊക്കെ കണ്ടെത്താനുള്ള ആംനിയോസെന്റസിസ് എന്ന പരിശോധനയാണ്. ഇതുവഴി ലിംഗനിർണയം സാധ്യമാണെന്നതുതന്നെയാണ് ഈ ടെസ്റ്റ് നടത്തുന്ന ക്ലിനിക്കുകളുടെ വൻ പ്രചാരത്തിന് ഹേതു. ഇതിന്റെ സാമൂഹിക പ്രത്യാഘാതങ്ങൾ തിരിച്ചറിഞ്ഞത് 1986ൽ മാ ത്രമാണ്.1994 ൽ ഇതിന് തടയിടാൻ രാജ്യത്ത് നിയമം കൊണ്ട് വന്നെങ്കിലും ഈ നിയമത്തിന്റെ കീഴിൽ ഇതുവരെ ആരും ശിക്ഷിക്കപ്പെട്ടിട്ടില്ല. കുറ്റകൃത്യങ്ങൾ പെൺഭ്രൂ ണഹത്യനിർബാധം തുടരുകയും ചെയ്യുന്നു.
ഗർഭച്ഛിദ്രവും പെൺകുട്ടികളോടുള്ള വിവേചനവും അവസാനിപ്പിക്കാൻ 2015 ൽ കേന്ദ്ര വനിതശിശു വികസനമന്ത്രാലയവും ആരോഗ്യകുടുംബക്ഷേമ മന്ത്രാലയവും മാനവവിഭവശേഷി മന്ത്രാലയവും ഒന്നിച്ചു നടപ്പാക്കിയ 'ബേട്ടി ബച്ചാവോ ബേട്ടി പഠാവോ ' പദ്ധതി ഉച്ഛസ്ഥായിയിൽ നിൽക്കുമ്പോഴാണ് ഈ മരണങ്ങൾ രാജ്യത്തുണ്ടായതെന്ന് ഓർക്കണം.
കഴിഞ്ഞ വർഷം ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ലാൻസെറ്റ് ഗ്ലോബൽ ഹെൽത്തിലെ ഇന്ത്യൻ ഗവേഷകർ നടത്തിയ പഠനത്തിൽ 2,39,000 കുഞ്ഞുങ്ങളെ പെണ്ണായി ജനിച്ചുവെന്നതിനാൽ മാത്രം അഞ്ച് വയസിൽ താഴെ പ്രായമുള്ളപ്പോൾ ' ' കൊന്നുകളയുന്നുണ്ട്. പണ്ട് പഞ്ചാബ്, ഹരിയാന, ഹിമാചൽപ്രദേശ്, ഡൽഹി എന്നിങ്ങനെയുള്ള സംസ്ഥാനങ്ങളിലാണ് ഇതിന്റെ തോത് കൂടുതലെങ്കിൽ നിലവിൽ ഉത്തർപ്രദേശും ബിഹാറുമാണ് ഒന്നാം സ്ഥാനത്തിനായി മത്സരിക്കുന്നത്.
സാദ്ധ്യമാകുമോ എന്നെങ്കിലും 'ആ ' അനുപാതം
കുഞ്ഞ് ആണോ പെണ്ണോ ആകാനുള്ള സാദ്ധ്യത തുല്യമാണെങ്കിലും സ്ഥിതിവിവരക്കണക്കുകളനുസരിച്ച് ജനസംഖ്യയുടെ ആൺപെൺ അനുപാതം 1000:1050 ആയിരിക്കുന്നതാണ് സ്വാഭാവികസ്ഥിതി. അതായത് 1000 പുരുഷന് 1050 സ്ത്രീകൾ. ഇന്ത്യയിൽ 1901ലെ സെൻസസ് മുതൽ ഇതുവരെ ഈ അനുപാതം ഉണ്ടായിട്ടില്ല. എന്ന് മാത്രമല്ല ഹരിയാന, ഉത്തരാഖണ്ഡ്, ഡൽഹി, ഗുജറാത്ത്, രാജസ്ഥാൻ, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, പഞ്ചാബ് , ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽ സ്ത്രീകളുടെ അനുപാദം 900ൽ താഴെയുമാണ്.
പെൺകുട്ടി വേണ്ട എന്ന ബോധത്തോടെയുള്ള ശ്രമങ്ങളാണ് ലിംഗാനുപാതത്തെ പുരുഷവത്കരിക്കുന്നത് എന്ന് കാണാം. താനുൾപ്പെടുന്ന സമൂഹം പെണ്ണിനോട് കാട്ടുന്ന അവഗണനയും സമീപനവും പെൺകുട്ടി വേണ്ട എന്ന് തീരുമാനമെടുക്കാൻ ഓരോരുത്തരെയും പ്രേരിപ്പിക്കുന്നുണ്ട്. പെൺകുഞ്ഞ് ഭാവിയിൽ ബാദ്ധ്യതയാകുമെന്ന ബോധം അമ്മമാർക്ക് പോലുമുണ്ട്. പെണ്ണ് 'അന്യന്റെ' മുതലായത് കൊണ്ടുതന്നെ, അവളെ പഠിപ്പിക്കുന്നതും തീറ്റിപ്പോറ്റുന്നതും നഷ്ട കച്ചവടമാകുന്നു. 'ഒന്നുകിൽ പുരയ്ക്ക് തൂണായി ആൺമക്കൾ, അല്ലെങ്കിൽ നാലു തെങ്ങ് ' എന്ന ചിന്ത തന്നെ ഇതും..' ഗർഭഛിദ്രത്തിന് ഇപ്പോൾ ഒരയ്യായിരം ചെലവായാലെന്താ, ഭാവിയിൽ (സ്ത്രീധനത്തുക) പത്ത് ലക്ഷമല്ലേ ലാഭം ! ' പെൺകുഞ്ഞിനെ അലസിപ്പിച്ചു കളഞ്ഞ ഒരമ്മ, കുറ്റബോധമേതുമില്ലാതെ ഇങ്ങനെ പ്രതികരിച്ചതായി വാർത്തയുണ്ടായിരുന്നു. ഒപ്പം പെൺകുഞ്ഞുങ്ങളെ കൊലക്കത്തിയിൽ നിന്ന് രക്ഷിക്കാൻ ദാമ്പത്യം വരെ അറുത്തു മാറ്റിയ ഡൽഹി സ്വദേശി ഡോ. മിത്തു ഖുറാനയെ പോലുള്ള അമ്മമാരും നമ്മുടെ രാജ്യത്തുണ്ട്. കുഞ്ഞ് ആണായാലും പെണ്ണായാലും ഒരുപോലെ കാണണമെന്ന് പഠിപ്പിക്കേണ്ടത് നിയമഗ്രന്ഥങ്ങളോ പൊലീസോ അല്ലല്ലോ.