കോട്ടയം : അയ്മനം ഐക്കരച്ചിറ പള്ളിയുടെ മൂന്നേക്കർ സ്ഥലം തൊഴിലുറപ്പ് പദ്ധതിപ്രകാരം കിളച്ചുമറിയ്ക്കുന്ന ഇരുപത്തിമൂന്നുകാരൻ റോബിൻ ബി.ടെക്കുകാരനാണ്. വാഴയ്ക്ക് കുഴിയെടുക്കുന്ന ഇരുപത്തിന്നാലുകാരൻ മോൻസി ബിരുദധാരിയും. കൊവിഡ് കാലത്തെ പ്രതിസന്ധിയിൽ നഷ്ടമായ തൊഴിലിനെ ഓർത്ത് വിലപിക്കാതെ കൂന്താലിയും മൺവെട്ടിയും മൺകോരിയുമൊക്കെയായി തൊഴിലുറപ്പിന് ഇറങ്ങുകയാണ് അയ്മനം പഞ്ചായത്തിലെ 12 യുവാക്കൾ. അയ്മനത്ത് മാത്രമല്ല ജില്ലയിലെമ്പാടും ഇപ്പോൾ തൊഴിലുറപ്പ് പദ്ധതിക്ക് യുവത്വത്തിന്റെ തിളക്കമാണ്.
ലോക്ക് ഡൗണാണ് ഇവരെ ജീവിക്കാൻ പഠിപ്പിച്ചത്. വൈറ്റ് കോളർ ജോലി നോക്കിയിരുന്നാൽ പണിപാളുമെന്നുറപ്പായപ്പോൾ പള്ളിവികാരിയാണ് ആശയം മുന്നോട്ടുവച്ചത്. തൊഴിലുറപ്പ് കാർഡെടുത്തതോടെ പള്ളിയുടെ മൂന്നരയേക്കർ സ്ഥലം നാട്ടിലെ യുവാക്കളായ നല്ല ഇടയന്മാർക്ക് വിട്ടുനൽകി. കൃഷിഭവനിൽ നിന്ന് വാഴവിത്ത് നൽകി. ഇന്നലെ മുതൽ എല്ലാവരും ചേർന്ന് കാടുംപടലും വെട്ടിത്തെളിച്ചു. കിളച്ചുമറിച്ച് വാഴനട്ടു. ഒരു കാര്യത്തിൽ ടീമുകളെല്ലാം ഹാപ്പിയാണ്. തൊഴിലുറപ്പിന്റെ കൂലിയും കിട്ടും. കപ്പയും വാഴയും വിളയുമ്പോൾ വിറ്റ് അതിന്റെ പണവും വാങ്ങാം.
ബി.ടെക്ക് കഴിഞ്ഞ് റോബിൻ ജില്ലയിലെ ഒരു സ്ഥാപനത്തിൽ ട്രെയിനിംഗിന് ചേർന്നപ്പോഴാണ് ലോക്ക് ഡൗണെത്തിയത്. മോൻസിയും ജിബിന്റെയുമൊക്കെ ജോലിയെന്ന സ്വപ്നം കൊവിഡ് കൊണ്ടുപോയി. അതോടെ മറ്റൊന്നും നോക്കാതെ തൊഴിലുറപ്പിനിറങ്ങി.
യുവത 2020 പരിപാടി ഹിറ്റ്
തൊഴിലുറപ്പ് പദ്ധതിയിൽ യുവജനങ്ങളുടെ പങ്കാളിത്തം വർദ്ധിപ്പിക്കാൻ പ്രത്യേക പദ്ധതിയും ആരംഭിച്ചു. ലോക്ക് ഡൗണിനെത്തുടർന്ന് തൊഴിൽരഹിതരായവർക്ക് കൂടി പ്രയോജനം ലഭിക്കുന്ന 'യുവത 2020' പദ്ധതിയിൽ ജില്ലയിൽ രജിസ്റ്റർ ചെയ്ത യുവാക്കളുടെ എണ്ണം ആയിരത്തോളമായി. 18 നും 35 നും ഇടയിൽ പ്രായമുള്ള പുതിയ തൊഴിലാളികളിൽ 597 പേർ സ്ത്രീകളും 308 പേർ പുരുഷന്മാരുമാണ്. സ്വന്തം പഞ്ചായത്തിൽ നിന്ന് തൊഴിൽ കാർഡ് ലഭിച്ച ഇവർ കാർഷിക, നിർമാണ മേഖലകളിലാണ് പ്രവർത്തിക്കുന്നത്.
ദിവസ വേതനം : 291
അർദ്ധ വിദഗ്ദ്ധ തൊഴിലാളികൾക്ക് : 750 - 1000
'' യുവാക്കൾ കൂടുതലായി പദ്ധതിയുടെ ഭാഗമാകുന്നതിനെ പ്രോത്സാഹിപ്പിക്കുകയാണ്. ലോക്ക് ഡൗൺകാലത്ത് തൊഴിൽ നഷ്ടപ്പെട്ടവർക്ക് ആശ്വാസമാണിപ്പോൾ പദ്ധതി
പി.എസ് ഷിനോ തൊഴിലുറപ്പ് പദ്ധതി
ജോയിന്റ് പ്രോഗ്രാം കോ-ഓർഡിനേറ്റർ