ആലുവ: ജനത്തിരക്കേറിയ സ്ഥലത്താണ് കോടികൾ മുടക്കി നഗരസഭ ബഹുനില മന്ദിരം നിർമ്മിച്ചതെങ്കിലും അമിത വാടകയിൽ കെട്ടിടം നോക്കുകുത്തിയായി. അഡ്വ. സ്മിത ഗോപി ചെയർപേഴ്സനായിരിക്കെ നിർമ്മാണമാരംഭിച്ച് കഴിഞ്ഞ കൗൺസിലിന്റെ കാലത്ത് ഉദ്ഘാടനം ചെയ്ത ബാങ്ക് കവലയിലെ നെഹ്റു പാർക്ക് അവന്യു ബിൽഡിംഗിനാണ് ദുർഗതി.
പാർക്കിംഗ് സൗകര്യമുൾപ്പെടെ മനോഹരമായി നിർമ്മിച്ച കെട്ടിടത്തിൽ 36 മുറികളുണ്ട്. ഇവയിൽ 26 എണ്ണവും പൂട്ടികിടക്കുകയാണ്. താഴത്തെയും രണ്ടാമത്തെയും നിലയിൽ മൂന്ന് വീതവും മുകളിലത്തെ നിലയിൽ നാലും സ്ഥാപനങ്ങളാണ് തുറക്കുന്നത്. അമിത വാടകയും അഡ്വാൻസുമാണ് കച്ചവടക്കാരെ പ്രതിസന്ധിയിലാക്കിയത്. അമിത വാടക നൽകി മുറിയെടുക്കുന്നവർ സാധനങ്ങൾക്ക് അമിത വില ഈടാക്കിയതോടെ കച്ചവടമില്ലാതെയായി. താഴത്തെ നിലയിൽ 19 ലക്ഷം മുതൽ 12 ലക്ഷം രൂപ വരെയാണ് നഗരസഭ മുറികൾക്ക് അഡ്വാൻസ് വാങ്ങിയത്. മാസ വാടകയാണെങ്കിൽ ചതുരശ്ര അടിക്ക് 60 രൂപയും. ഏറ്റവും മുകളിലെ നിലയിൽ നാല് ലക്ഷം രൂപ അഡ്വാൻസും പ്രതിമാസം 20 രൂപ ചതുരശ്ര അടിക്കും. നഗരത്തിലെ സ്വകാര്യ കെട്ടിടങ്ങൾ വാടകക്ക് ലഭിക്കുന്നതിനേക്കാളും താരതമ്മ്യേന 25 ശതമാനത്തിലേറെ കൂടിയ തുകയാണ് മാസവാടകയിനത്തിൽ നഗരസഭ ഈടാക്കിയത്. അഡ്വാൻസ് ആണെങ്കിൽ ഒരിടത്തുമില്ലാത്ത നിരക്കുമായിരുന്നു.
മാസവാടക പോലും അടക്കാനാകാതെ പലരും മുറി വാടകക്ക് മറിച്ച് നൽകിയിട്ടും പിടിച്ചുനിൽക്കാനായില്ല. 12 ലക്ഷം അഡ്വാൻസ് നൽകിയ ഒരു മുറി മറിച്ച് നൽകിയപ്പോൾ നാല് ലക്ഷം രൂപയാണ് അഡ്വാൻസ് വാങ്ങിയത്. എന്നിട്ടും വാടകക്കാരന് പിടിച്ച് നിൽക്കാനാകാതെ പൂട്ടേണ്ടി വന്നു. താഴത്തെ നിലയിലെ ആറ് കടയുടമകൾ നഗരസഭയിൽ മുറി തിരിച്ചേൽപ്പിച്ച് കഴിഞ്ഞു. അഡ്വാൻസ് പണം മടക്കി നൽകിയിട്ടില്ല. പ്രളയവും കൊവിഡും ഉയർത്തിയ പ്രതിസന്ധിയാണ് ഭൂരിഭാഗം കച്ചവടക്കാരും പൂട്ടിപോകാൻ കാരണം. വാടക കുറച്ച് നൽകാതെ പിടിച്ചുനിൽക്കാനാകില്ലെന്നാണ് കടമുറികൾ വാടകക്കെടുത്തവർ പറയുന്നത്. അടഞ്ഞുകിടക്കുന്ന കടമുറികളുടെ വരാന്തകളെല്ലാം ഇപ്പോൾ സാമൂഹ്യവിരുദ്ധരുടെ താവളമാണ്.
അപേക്ഷ നൽകിയവരുടെ വാടക കുറക്കും
" നെഹ്റു പാർക്ക് അവന്യു ബിൽഡിംഗിൽ മുറി വാടകക്കെടുത്തവരിൽ അപേക്ഷ നൽകിയവരുടെ വാടക കുറക്കാൻ നഗരസഭ തീരുമാനിച്ചിട്ടുണ്ട്. അടുത്ത ദിവസം ഉടമകളെ വിളിച്ച് ചർച്ച നടത്തും. വാടക മാത്രമല്ല, പ്രളയവും കൊവിഡുമെല്ലാം പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്".
ലിസി എബ്രഹാം, ചെയർപേഴ്സൺ, ആലുവ നഗരസഭ.
മൂന്ന് മാസത്തെ വാടക ഒഴിവാക്കണം, വാടക കുറയ്ക്കണം
" അമിതമായ വാടകയും അഡ്വാൻസുമാണ് കടകൾ പൂട്ടിപോകാൻ കാരണം. താഴത്തെ നിലയിലെ കടകളെല്ലാം 2018ലെ മഹാപ്രളയത്തിൽ മുങ്ങിയതാണ്. കൊവിഡ് കാലത്തെ മൂന്ന് മാസത്തെ വാടക സ്വകാര്യ കെട്ടിട ഉടമകൾ വരെ ഒഴിവാക്കിയിട്ടും നഗരസഭ ചെയ്തിട്ടില്ല.
19,80,000 രൂപ അഡ്വാൻസ് നൽകിയാണ് 240 ചതുരശ്ര അടി മുറി വാടകക്കെടുത്തത്. ഇപ്പോൾ 16,000 രൂപയാണ് വാടക. വാടക കുറച്ചില്ലെങ്കിൽ അഡ്വാൻസ് മടക്കിവാങ്ങി മുറിയൊഴിയും."
അബ്ദുൾ കരീം, ചുണങ്ങംവേലി
റൂം നമ്പർ 102, കൗ ബോയ്സ്