അബുദാബി : കൊവിഡ് കാരണം മാറ്റിവയ്ക്കപ്പെട്ട ഇന്ത്യൻ പ്രിമിയർ ലീഗ് ട്വന്റി-20 ക്രിക്കറ്റ് ടൂർണമെന്റിന്റെ 13-ാം സീസണിന് ഇന്ന് യു.എ.ഇയിൽ തുടക്കമാകും. അബുദാബി ഷെയ്ക്ക് സായ്ദ് സ്റ്റേഡിയത്തിൽ മഹേന്ദ്ര സിംഗ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പർ കിംഗ്സും രോഹിത് ശർമ്മ നയിക്കുന്ന മുംബയ് ഇന്ത്യൻസും തമ്മിൽ ഇന്ത്യൻ സമയം രാത്രി ഏഴരയ്ക്കാണ് ആദ്യ മത്സരം .കഴിഞ്ഞ സീസൺ ഫൈനലിൽ മത്സരിച്ച ടീമുകളാണ് ചെന്നൈയും മുംബയ്യും. ഒരു റൺസിനാണ് മുംബയ് ഇന്ത്യൻസ് 2019ൽ ചെന്നൈയെ ഫൈനലിൽ തോൽപ്പിച്ചത്.
പ്രാഥമിക റൗണ്ടിൽ 56 മത്സരങ്ങൾ
പ്ലേ ഒാഫിൽ രണ്ട് ക്വാളിഫയറുകളും ഒരു എലിമിനേറ്ററും
ഫൈനലും ഉൾപ്പടെ നാലു മത്സരങ്ങൾ.
53 ദിവസം കൊണ്ട് ടൂർണമെന്റ് പൂർത്തിയാകും
മാറ്റുരയ്ക്കുന്നത് 8 ടീമുകൾ
സ്റ്റാർ സ്പോർട്സിൽ രാത്രി 7.30 മുതൽ തത്സമയം
കാണികളും ചിയർ ഗേൾസുമില്ല
കൊവിഡ് പശ്ചാത്തലത്തിൽ കളിക്കാരെയും ഒഫിഷ്യലുകളെയും ബയോസെക്യുർ ബബിളിനുള്ളിലാക്കിയ ശേഷമാണ് യു.എ.ഇയിലെ മൂന്ന് വേദികളിലായി ടൂർണമെന്റ് നടത്തുന്നത്. ടീമുകൾ ഒരു മാസം മുന്നേ യു.ഇ.യിലെ ബേസ് ക്യാമ്പുകളിലെത്തിയിരുന്നു.കാണികളില്ലാതെയാണ് ടൂർണമെന്റ് നടത്തുക. പതിവ് കാഴ്ചയായ ചിയർ ലീഡേഴ്സും ആഘോഷങ്ങളുമില്ല.