കൂടൽ : പാലം വന്നിട്ടും റോഡില്ലാത്തതിനാൽ ജനങ്ങൾ താമസമുപേക്ഷിച്ചു പോയ നാടാണ് കലഞ്ഞൂർ ഗ്രാമപഞ്ചായത്തിലെ തിരുവല്ലമുരുപ്പ് പ്ലാവിനക്കുഴി. കൂടൽ രാജഗിരി റോഡിൽ നിന്ന് ഇവിടേക്ക് പ്രവേശിക്കുന്ന ഭാഗത്തുള്ള തോട്ടിൽ മഴക്കാലത്ത് വെള്ളപ്പൊക്കം പതിവായിരുന്നു. തോട്ടിലൂടെ നടന്ന് മറുകര കയറിയിരുന്ന നാട്ടുകാർക്ക് ഇത് ദുരിതമായിരുന്നു.
ഏറെ പരാതികൾക്കൊടുവിലാണ് തോടിന് കുറുകെ പാലം നിർമ്മിച്ചത്. എന്നാൽ പാലത്തിലൂടെ ജനവാസ മേഖലയിലേക്ക് കടക്കാൻ റോഡില്ലാത്തതിനാൽ ഇവിടെയുണ്ടായിരുന്ന ഒട്ടുമിക്ക കുടുംബങ്ങളും താമസമുപേക്ഷിച്ച് പോയി. തോടിന്റെ ഇരുകരകളും സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലാണ്. റബ്ബർ തോട്ടങ്ങളാൽ ചുറ്റപ്പെട്ട പ്രദേശത്തേക്ക് ഇടുങ്ങിയ നടപ്പാത മാത്രമാണുള്ളത്.
പ്രദേശത്തുകാർക്ക് രോഗമോ, മറ്റ് അത്യാഹിതങ്ങളോ ഉണ്ടായാൽ വാഹനമെത്തുന്ന കൂടൽ രാജഗിരി റോഡ് വരെ ചുമന്നുകൊണ്ടുപോകേണ്ട ഗതികേടായിരുന്നു. താമസമുപേക്ഷിച്ച് പോയെങ്കിലും എല്ലാവരുടെയും വസ്തുക്കൾ ഇവിടെയുണ്ട്. റോഡ് നിർമ്മിച്ചാൽ തിരികെയെത്താനുള്ള ഒരുക്കത്തിലാണ് 12 കുടുംബങ്ങൾ.